6/21/09

കടത്തുകാരന്‍റെ മകന്‍ കടത്തുകാരന്‍.........

ഓളപ്പരപ്പില്‍ തുഴയെറിഞ്ഞ് ഇളംകാറ്റാല്‍ മുടിയൊതുക്കി പുഴയോരത്തെ കൂലിപ്പണിക്കാരോട് ഉറക്കെ വര്‍ത്തമാനം പറഞ്ഞ അക്കരെയിക്കരെയുള്ള വള്ളം തുഴച്ചില്‍ ഹരമായിത്തീര്‍ന്നതിനു കാരണം, വള്ളം തുഴച്ചിലിനോടുള്ള പ്രിയം മാത്രമായിരുന്നില്ല, മറിച്ച് പുഴയോടും വള്ളത്തിനോടുമുള്ള കടപ്പാടുമായിരുന്നു। പന്ത്രണ്ടു വര്‍ഷം മുമ്പ് ഉപ്പും തുരുത്തിപ്പുഴക്കു കുറുകെ പാലം വരുന്നതുവരെയുള്ള ഇരുപത്തഞ്ചു വര്‍ക്കാലത്തോളം കടത്തു വള്ളം തുഴഞ്ഞിരുന്നത് എന്‍റെ പിതാവായിരുന്നു। പഠനക്കാലത്തു തന്നെ ശനിയാഴ്ച്ചകളിലും ഞായറാഴ്ച്ചകളിലും പിതാവിനെ മറ്റു കൂലിപ്പണിക്ക് വിട്ട് തുഴച്ചില്‍ ജോലി ഞാന്‍ ഏറ്റെടുക്കാന്‍ കാരണം പിതാവിന്‍ ഈ കടത്തു തൊഴിലില്‍ നിന്ന് ലഭിച്ചിരുന്ന വരുമാനം കുടുംബത്തിന്‍റെ ചിലവിന്‍ തീരെ തികയാതിരുന്നതുകൊണ്ടാണ്.

ഉത്ഘാടനാഘോഷങ്ങള്‍ താഴെ വള്ളക്കൊമ്പിലിരുന്ന നോക്കിക്കൊണ്ടിരുന്ന പിതാവിന്‍റെ കണ്ണിലെ ദൈന്യത ഇന്നും നെഞ്ചിലെ നീറ്റലാണ്। ജീവിതം തുടങ്ങുന്നത് അവിടം മുതല്‍ തന്നെയാണ്। അന്നാളുകളിലാണ്‍ ജോലിയാവശ്യാര്‍ത്ഥം ബോംബെ, ഡല്‍ഹി അവസാനം ഗള്‍ഫിലും എത്തപ്പെടുന്നത്. പിന്നെയും കാലം ഇണങ്ങിയും പിണങ്ങിയും............... വര്‍ഷങ്ങള്‍ക്കുശേഷം കഴിഞ്ഞ അവധിക്ക് ഞാന്‍ നാട്ടിലെത്തിയ സമയം പാലം അപകടാവസ്ഥയിലായി, കോണ്ട്രാക്റുകാരന്‍റെ ലീലാ വിലാസങ്ങള്‍, പാലം റിപ്പയറിനായി രണ്ടാഴ്ച്ചയോളം അടച്ചിടുന്നു, രണ്ടാഴ്ച്ച സമയത്തേക്ക് പഞ്ചായത്തിന്‍ ഒരു കടത്തുകാരനെ വേണം, ആരും ഇരുനൂറു രൂപ കൂലിക്ക് തയ്യാറല്ല, രണ്ടാഴ്ച്ച നേരത്തേക്കല്ലെ ഞാന്‍ തയ്യാറായി. ആഘോഷമായി തന്നെ രണ്ടാഴ്ച്ച എന്നുള്ളത് മൂന്നാഴ്ച്ചയായി ജോലി കൃത്യതയോടെ ചെയ്തു തീര്‍ത്തു. വര്‍ഷങ്ങളായി കാണാത്തവരെ കണ്ടും കുശലം പറഞ്ഞും പഴയ കാര്യങ്ങളിലേക്കും കാലത്തേക്കും തിരിച്ചു പോക്ക്, സുന്ദരം....

അതിനിടെ ഒരു മോഹം പൂവണിയുന്നു, സ്വന്തമായൊരു വീട്, വീട് പണിയുന്നതിനേറെ മുമ്പ് തന്നെ വീടിന്‍ ഒരു പേര്‍ മനസ്സില്‍ പണിതു വെച്ചിരുന്നു, 'കടത്തുകാരന്‍'. പഞ്ചായത്തില്‍ നിന്ന് വള്ളം തുഴഞ്ഞ കൂലി നാട്ടില്‍ നിന്ന് പോരുന്നതു വരെ കിട്ടിയിരുന്നില്ല, അതുകൊണ്ടു തന്നെ കൂലി പിതാവിനെ ഏല്‍പ്പിക്കാനുള്ള പേപ്പറില്‍ ഒപ്പിട്ടു പോന്നു, കഴിഞ്ഞ ദിവസം ആ പണം പിതാവിന്‍ ലഭിച്ചിരിക്കുന്നു. അതെ ഞാന്‍ ഇവിടെ ഇരുന്നെല്ലാം കാണുന്നുണ്ട് എന്‍റെ പിതാവിന്‍റെ കണ്ണുകളിലെ തിളക്കം. വികസനത്തിന്‍റെ വഴിയരങ്ങളില്‍ പകച്ചു നിന്നു പോയ എന്‍റെ മനസ്സിന്‍റെ വികസിക്കാത്ത ഒരു വേവലാതിയായിരുന്നുവാ തുക, വേണ്ടാഎന്ന് ഒരിക്കലും പറയാന്‍ എനിക്ക് കഴിയുമായിരുന്നില്ല.