6/24/10

'സ്വത്വം' വക്കുപൊട്ടിയൊരു വാക്കല്ല

ഒരു വാക്ക്,
തെരുവിലേക്ക് വലിച്ചിഴക്കപ്പെടുമ്പോള്‍
കൊത്തിവലിക്കപ്പെടുമ്പോള്‍,
ചോര പൊടിഞ്ഞ നിറമുള്ള
കലര്‍പ്പില്ലാത്തൊരു മുദ്രാവാക്യം
തൊണ്ടകീറിയലറും
മണല്‍ തരികളെ വിറപ്പിച്ച്
ഇലത്തുമ്പുകളില്‍ വെള്ളിടി പായിച്ച്...

താന്‍താന്‍, അതിന്‍റെ ഭാവം
പിന്നെ മമതയും
മാമൂലുകള്‍ പൊട്ടിച്ചെറിഞ്ഞ്
വന്‍കരകള്‍ താണ്ടിക്കടന്ന്
അര്‍ത്ഥങ്ങളുടെ പുതുനോവും പേറി
ആകാശങ്ങള്‍ കീഴടക്കുകയാണ്‍
ഒരു 'സ്വത്വം'.

മേലാളരുള്ളിടത്ത്
കീഴാളന്‍റെ വളഞ്ഞ നട്ടെല്ലും
ഭൂരിപക്ഷമുള്ളിടത്ത്
ന്യൂനപക്ഷത്തിന്‍റെ സ്വാതന്ത്ര്യവും
മതങ്ങളുടെ പൂജാമുറികളില്‍
ജാതിയുടെ കുളിപ്പുരകളും
അതിര്‍ത്തികള്‍ കൊത്തിയെടുക്കാന്‍
മാമലകളും തിരകളും തോല്‍ക്കുമിടങ്ങളില്‍
ഭാഷ രാജശില്പിയകുന്നിടങ്ങളിലും
വര്‍ഗ്ഗ വിപ്ലവ കൊലക്കയര്‍ ചുഴറ്റി
വാള്‍ത്തലപ്പെത്ര വീശിയാലും
ചിരഞ്ജീവിയായൊരു വാക്കിന്
ശബ്ദകോശങ്ങളുടെ ശ്മശാനങ്ങളില്‍
അന്തിയുറങ്ങാനാവുകയേയില്ല.

3/3/10

സീത മോചിതയായി..., ഹുസൈനും...?

സീത മോചിതയായി..., ഹുസൈനും...? സീത മോചിതയായി എന്ന ഹുസൈന്‍റെ പ്രശസ്തമായ ചിത്രം ഇന്ത്യയിലെ വര്‍ഗീയ'വാതി'കളെ ഉദ്ധരിപ്പിച്ചെഴുന്നേല്‍പ്പിച്ചതു മുതല്‍ ദുബൈയിലും ലണ്ടനിലുമായി പ്രവാസിയായി കഴിഞ്ഞ 12 വര്‍ഷമായി കഴിയുകയായിരുന്ന മക്ബൂല്‍ ഫിദ ഹുസൈന്‍ ഖത്തര്‍ പൌരത്വം സ്വീകരിക്കുകയാണ്‍ ഒരു കുതിരയുടെ പശ്ചാത്തല ചിത്രത്തിന്‍റെ കുതിപ്പില്‍। അതെ ഇത് നാണക്കേടാണ്‍ ( നാണമുള്ളവര്‍ക്കു മാത്രം), ഇന്ത്യന്‍ പിക്കാസോ നാട്‌വിടുന്നത് സാംസ്ക്കാരികമായ അരക്ഷിതാവാസ്ഥ കൊണ്ടുമാത്രമല്ല ഭരണകൂടങ്ങളുടേയും ജുഡീഷറിയുടേയും ഓളിഞ്ഞോ തെളിഞ്ഞോ ഉള്ള സാംസ്ക്കാരികതയുടെ വസ്ത്രാക്ഷേപം കൊണ്ടു കൂടിയാണ്। വര്‍ഗീയ വദികള്‍ എത്ര കണ്ട് അദ്ധേഹത്തെ ഉപരോധിച്ചോ അതിലേറെ അദ്ധേഹത്തിന്‍ ഉപരോധം ഏല്‍കേണ്ടി വന്നിട്ടുണ്ടാവുക ഇന്ത്യന്‍ ഭരണകൂടത്തില്‍ നിന്നും നിയമ വ്യ്വസ്ഥിതിയില്‍ നിന്നും മതേതരത്വമനസ്സുകളില്‍ നിന്നും തന്നെയാണ്।

ആയിരത്തിനടുത്ത കേസുകള്‍ അദ്ധേഹത്തിനെതിരേയുണ്ടെന്നാണറിവ്, സ്വികാര്യമായതോ അല്ലാത്തതോ ആവട്ടെ അദ്ധേഹത്തിന്‍റെ കലാസൃഷ്ടി ക്യാന്‍വാസില്‍ പകര്‍ത്തിയതിന്, എന്നാല്‍ അദ്ധേഹത്തിന്‍റെ കോടികണക്കിന്‍ രൂപ വില വരുന്ന ചിത്രങ്ങള്‍ നശിപ്പിച്ചതിനോ ഒരു കലാ രൂപത്തിനു മുകളില്‍ അക്രമവും സാംസ്കാരിക അധിനിവേശത്തിന്‍ കളമൊരുക്കിയവര്‍കുമെതിരെ ഇന്ന് ഇന്ത്യയിലെവിടേയും ഒരു കേസുമില്ലന്നതും മൌലികാവകാശങ്ങളുടെ ഗതിയും വിഗതിയും ചൂണ്ടിക്കാണിക്കുന്നതില്‍ ഷണ്ഡത്വം കാട്ടുകയാണ്।

നഗ്നമാണ്‍ നമ്മുടെ വിശ്വാസങ്ങള്‍, നമ്മുടെ ആരാധനാ മൂര്‍ത്തികളും, അവരെ തുണിയെടുപ്പിച്ചത് രവിവര്‍മ്മയെ പോലുള്ള ചിത്രകാരന്മാരാണ്। അത് ആ കലാകാരന്‍റെ സ്വാതന്ത്ര്യവും ഭാവനയുമകുമ്പോള്‍ മറിച്ചൊരു ചിന്തക് നമുക്ക് പ്രേരണയാകാത്തത് നമുക്ക് മുമ്പില്‍ നഗ്നമായ നമ്മുടെ ദേവീ വിഗ്രഹങ്ങള്‍ പട്ടുകൊണ്ട് മൂടപ്പെട്ടതുകൊണ്ടല്ല, നമ്മുടെ കണ്ണുകള്‍ക്ക് തിമിരം ബാധിച്ചതുകൊണ്ട് മാത്രമാണ്।

നഗ്ന രൂപങ്ങളെ നമുക്കാരാധിക്കമെങ്കില്‍ ലിംഗാരാധനയും ലിംഗചേദങ്ങലും ആരാധനയുടെ ഭാഗമായി നമുക് നടത്താമെങ്കില്‍ ആധുനിക കലാരൂപങ്ങളില്‍ ലിംഗത്തിന്‍ പതിനായിരക്കണക്കിനു വാക്കുകള്‍കൊണ്ടാവാത്ത കവിതാ ബിംബങ്ങളെ സന്നിവേശിപ്പികപ്പെടുമ്പോള്‍ ഒരു കലാകാരന്‍ തന്‍റെ ചിത്രങ്ങള്‍ കാരണം പ്രവാസിയാകേണ്ടി വരിക, അവസാനം പൌരത്വം വരെ ഉപേക്ഷികേണ്ടി വരിക, പിന്നെ മറ്റൊരു രാജ്യത്തിന്‍റെ പൌരത്വം സ്വീകരികേണ്ടി വരിക.. ഇത് നാണക്കേടല്ല, മറ്റു വാകുകള്‍ കണ്ടെത്തേണ്ടിയിരികുന്നു, പ്രകടിപ്പിക്കപ്പെടാന്‍...

പേരുകൊണ്ടൊരാള്‍ മുസ്ലീം അവുന്നില്ല, ഹിന്ദുവും... ഹുസൈന്‍ എന്നയാള്‍ ആരു എന്നന്വാഷിക്കല്‍ അദ്ധേഹത്തിന്‍റെ കലരുപങ്ങളെ തകര്‍ത്തതിനേക്കാള്‍ മ്ലേച്ഛമണെന്നിരിക്കേ... സല്‍മാന്‍ റുഷ്ദിയും തസ്ലീമയും ഭാഗ്യവാന്‍മാര്‍. ശക്തരില്‍ ശക്തരായ രാഷ്ട്രങ്ങളാല്‍ സംരക്ഷികപ്പെട്ടവര്‍.ഗള്‍ഫ് രാഷ്ട്രങ്ങള്‍ കലാകരന്മാരല്‍ സമ്പന്നരൊന്നുമല്ല, എന്നാലവര്‍ കലാ സാംസ്കാരിക പ്രവര്‍ത്ഥകരെ അദരികുന്നതുകൊണ്ടു തന്നെ ആദരികപ്പെടുന്നവരാണ്, സമ്പന്നമാണ്‍ നമ്മുടെ സാംസ്കാരിക പാരമ്പര്യമെന്നവകാശപ്പെട്ട് തരംകിട്ടുമ്പോള്‍ കത്തിക്കിരയാക്കാന്‍ കാത്തിരികുമ്പോള്‍..

'കണ്ണു തുറക്കാത്ത ദൈവങ്ങളെ.. കരായാനറിയാത്ത, ചിരിക്കാനറിയാത്ത കളിമണ്‍ പ്രതിമകളേ...' കാലങ്ങല്‍ക്കു മുമ്പേ വന്നതു കൊണ്ട് വെളിച്ചം കാണാന്‍ കഴിഞ്ഞൂ ഈ വരികള്‍ക്ക്, ഈ കാലഘട്ടത്തിലായിരുന്നെങ്കിലോ? ഒരു കലാകാരന്‍ അതും ലോക പ്രശസ്തനായ കലകാരന്‍ അയള്‍ ഹിന്ദുവോ മുസ്ലീമോ കൃസ്ത്യാനിയോ എന്ന് നോക്കിയല്ല അദ്ദേഹത്തിന്‍റെ കലാരൂപങ്ങളെ നമ്മള്‍ വീക്ഷിക്കേണ്ടത്, അയാള്‍ ഒരു ഇന്ത്യകാരനാണെങ്കില്‍ അദ്ധേഹത്തിന്‍റെ ചുറ്റുപാടുമുള്ള ഇന്ത്യന്‍ സാഹചര്യങ്ങളായിരികും അയാലുടെ ചിത്രങ്ങളില്‍ പ്രതിഫലികുക എന്നറിയുവാനുള്ള അടിസ്ഥാനപരമായ അറിവില്ലായ്മ നമ്മേ അഗാധതയില്‍ നിന്ന് അതിലേറെ താഴ്ച്ചയിലേക്കായിരികും കൊണ്ടെത്തിക്കുക.

post scrap cancel

2/3/10

കേരളം തമിഴ്നാട് വിരിച്ച വലയില്‍...

മുല്ലപ്പെരിയാര്‍ അണക്കെട്ടുകൊണ്ട് വൈദ്യുദിയും കേരള കമ്പോളം സ്വപ്നം കണ്ടുള്ള കൃഷിയും ആണ്‍ തമിഴ് നാടിന്‍റെ ലക്ഷ്യം। ഇപ്പോള്‍ നടക്കുന്ന കോടതി വ്യവഹാരത്തിന്‍റെ ഇടക്കെവിടേയും മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ-കമ്മീഷന്‍ ചെയ്യണം എന്ന ഒരാശയം കടന്നു വരാന്‍ പാടില്ല, കേരളത്തിലെ ജനങ്ങളുടെ ജീവന്‍ വെച്ചാണ്‍ കേരളം തങ്ങളുടെ വാദമുഖങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നതെങ്കില്‍ പുതിയൊരു അണക്കെട്ട് നിര്‍മ്മിച്ച് തങ്ങളുടെ യഥാര്‍ത്ഥ ഉദ്ദേശം കേരളത്തിന്‍റെ ചിലവില്‍ നടപ്പിലാക്കുക എന്ന യ്ഥാര്‍ത്ഥ തമിഴ്നാടിന്‍റെ ഹിഡന്‍ അജണ്ടയിലേക്കാണോ ഇന്നത്തെ കോടതിയിലെ കേരളത്തിന്‍റെ വാദങ്ങളും സമ്മതവും എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പുള്ള ഒരു എഗ്രിമെന്‍റെ, തൊള്ളായിരത്തി തൊണ്ണൂറ്റിയൊമ്പതു വര്‍ഷത്തേക്ക്, ആധുനിക യുഗത്തില്‍ യാതൊരു കാരണവശാലും സാമാന്യ ബുദ്ധിക്ക് നിരക്കുന്നതാണെന്ന് തോന്നുന്നില്ല। നൂറ്റിപന്ത്രണ്ട് വര്‍ഷം പഴക്കമുള്ള അണക്കെട്ടാണ്‍ ഇപ്പോള്‍ പൊളിച്ച് പണിയാന്‍ പദ്ധതിയിടുന്നത്, 999 വര്‍ഷത്തെ കാര്യം ഇപ്പോള്‍ ചിന്തിച്ച് തലപുണ്ണാക്കേണ്ട എന്ന വാദഗതി കുറച്ചു നേരത്തേക്കവിടെ നില്‍ക്കട്ടെ എന്ന് കരുതിക്കൊണ്ട് തന്നെ ചിന്തിക്കാം ഇനിയും ഈ 999 വര്‍ഷ എഗ്രിമെന്‍റെ പൂര്‍ത്തിയാക്കാന്‍ നാം നമ്മുടെ പോക്കറ്റില്‍ നിന്ന് പൈസയെടുത്ത് എത്ര അണക്കെട്ടുകള്‍ നിര്‍മ്മിക്കണം?

കോടതിയില്‍ ഒരിടത്തും നമ്മുടെ വാദത്തില്‍ ഈ അണക്കെട്ട് ഡി-കമ്മീഷന്‍ ചെയ്യുന്നതിനെ പറ്റിയോ, സ്വാതന്ത്ര്യത്തിന്‍ മുമ്പ് ഒപ്പുവെക്കപ്പെട്ട ഒരു കരാറിന്‍റെ ഇന്നത്തെ രീതിയില്‍ തുടര്‍ന്നു കൊണ്ടു പോകുന്നതിനുള്ള ആധികാര്യത നമ്മള്‍ ചോദ്യം ചെയ്തു കണ്ടില്ല। ഇവിടെ വെള്ളം വേണ്ടത് തമിഴ് നാടിനാണ്, അങ്ങനെയൊരവസ്ഥയില്‍ അണക്കെട്ടിന്‍റെ പൂര്‍ണ്ണ ചിലവും വഹിക്കേണ്ടിയിരുന്നത് തമിഴ്നാടാണ്... ഇവിടെയാണ്‍ തമിഴ്നാട് വളരെ ദീര്‍ഘവീക്ഷണത്തൊടെ കുരുക്കിയ ഒരു കുടുക്കില്‍ കേരളം തങ്ങളുടെ തല ഉടലു പകുതിയോളം കൊണ്ടു വെച്ചു കൊടുത്തീട്ടുള്ളത്.

തമിഴ്നാടിന്‍റെ ദീര്‍ഘ വീക്ഷണം 1970 കള്‍ക്ക് മുമ്പേയുള്ളതാണ്, അതു തന്നെയാണ്‍ തങ്ങള്‍ക്ക് വളരെ എതിരായിരുന്നിട്ടും, 999 എന്ന അസംഭവ്യ വര്‍ഷമായിരുന്നിട്ടും സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഒരു എഗ്രിമെന്‍റെ തുടരുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നിട്ടും തിരുവതാംകൂര്‍ വിശാഖം തിരുനാള്‍ മഹാരാജാവ് ഏതാണ്ട് ഇരുപതോളം വര്‍ഷം ഈ കരാറിനെ കേരളത്തിനെതിരാണ്‍ ഇതെന്നറിഞ്ഞ് എതിര്‍ത്തു നിന്ന പാഠം നമുക്ക് മുമ്പിലുണ്ടായിരുന്നിട്ടും യാതൊരു വിചിന്തനവും കൂടാതെ നമ്മുടെ എന്നത്തേയും രാഷ്ട്രീയ നിപുണതയുടെ റോള്‍ മോഡലായ സി അച്ചുതമേനോന്‍ ഭരണകൂടത്തെ അനായാസം കൊണ്ടെത്തിക്കാന്‍ തമിഴ്നാടിന്‍ കഴിഞ്ഞത്।

കേരള ജനതക്കാവശ്യം തീര്‍ച്ചയായും അവരുടെ ജീവന്‍ തന്നെയാണ്। അതിന്‍ ഇന്നത്തെ അവസ്ഥയില്‍ ഡാം നിലനില്‍ക്കാന്‍ പാടില്ല, പുതുക്കി പണിതേ മതിയാകൂ. എന്നാല്‍ അത് കേരളത്തിന്‍റെ മാത്രം സാമ്പത്തിക ബാധ്യതയല്ല, മറ്റൊന്ന് ഡാമും ഡാമിന്‍റെ വൃഷ്ടിപ്രദേശം മുഴുക്കനായും കേരളത്തിന്‍റെ അതിര്‍ത്തിയിലാകയാല്‍ ഉടമ്സ്ഥാവകാശം കേരളത്തിനു തന്നെയാകണം കൂടാതെ പുതിയ ഡാമും പഴയ എഗ്രിമെന്‍റും നടപ്പിലാക്കാന്‍ പാടില്ല, മറിച്ച്, പുതിയ ഡാമും പുതിയ എഗ്രിമെന്‍റുമാണ്‍ വേണ്ടത്, പുതിയ എഗ്രിമെന്‍റു പ്രകാരം കാവാവധി അന്തം വിട്ട കാലയളവാകരുത്, മറിച്ച് വിശദ വിശകലനത്തിന്‍റെ അടിസ്ഥാനത്തില്‍ നിജപ്പെടുത്തുന്ന കാലയളവാകണം, തമിഴ്നാട് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ കേരളത്തിന്‍റെ ന്യായമായ വിഹിതം ഉറപ്പുവരുത്തണം, ഭൂമിയുടെ പാട്ടസംഖ്യ കാലാനുസൃതമായ വര്‍ദ്ധനയുണ്ടാക്കണം. ഈ കാര്യങ്ങള്‍ നേടിയെടുക്കാന്‍ വരുന്ന തടസ്സങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടാണ്‍ ഇങ്ങനെയൊരു ചിന്ത, അല്ലാതെ എളുപ്പത്തില്‍ സാധിച്ചെടുക്കാവുന്ന തമിഴ്നാടിന്‍റെ ഉള്ളിലിരുപ്പിന്‍ നിയമ സാധുത വരുത്തിക്കൊടുക്കലല്ല കേരളം ചെയ്യേണ്ടത്.

തമിഴ്നാട് തങ്ങളുടെ എം പി മാരുടെ ഒരു ബണ്ടല്‍ എങ്ങിനെ ഉപയോഗപ്പെടുത്തുന്നു എന്ന് കേരളം എന്നെങ്കിലും കാണാന്‍ ശ്രമിച്ചിട്ടുണ്ടോ? മുല്ലപ്പെരിയാര്‍ ഡാമിന്‍റെ കാര്യത്തില്‍ വളരെ ഫ്ലക്ക്‌സിബ്‌ള്‍ ആയ വിലപേശല്‍ അവര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്, ഇനിയും കഴിയും. എന്നാല്‍ കേരളത്തിലെ യു ഡി എഫ് എംപിമാര്‍ കോണ്‍ഗ്രസ്സ് മുന്നണിയാണ്‍ കേന്ദ്രത്തിലെങ്കില്‍ കണ്ണുമടച്ച് മിണ്ടാതിരിക്കുന്ന നയവും, ഇടതുപക്ഷമാണെങ്കില്‍ എവിടെ പിന്താങ്ങണം എവിടെ പിന്തുണ പിന്‍ വലിക്കണം എന്ന സമയ പരിധി നിശ്ചയിച്ച് കാര്യമില്ലാത്ത കാര്യത്തിന്‍ പിന്തുണ കൊടുത്തോ പിന്‍ വലിച്ചോ കോളാമ്പി വട്ടംപിടിച്ചുള്ള തുപ്പിക്കളിയില്‍ ശ്രദ്ധിക്കുകയും ചെയ്തു എന്നതുകൊണ്ടും ഇപ്പോഴത്തെ നമ്മുടെ രാഷ്ട്രീയ നേതൃത്തവും വന്നുപെട്ടിട്ടുള്ള വലിയൊരു ബാധ്യതയുടെ അരക്ഷിതാവസ്ഥയുടെ ഉത്തരവാദിത്തത്തില്‍നിന്ന് മോചിതരല്ല.

ഇനിയെന്ത്? തമിഴ്നാട് ഇനിയും കേരളത്തിന്‍റെ ഇപ്പോഴത്തെ നിലപാടായ, ഡാം പുതുക്കി പണിയണം, അതിന്‍റെ ചിലവ് കേരളം വഹിക്കും, വെള്ളം തമിഴ്നാടിന്‍ വേണ്ടത്ര കൊടുക്കും, ഡാമിന്‍റെ മെയിന്‍റനന്‍സും കേരളം നടത്തും, തുച്ഛമായ പാട്ട സംഖ്യ പ്രതീകാത്മകമായി പറ്റിക്കൊണ്ടേയിരിക്കും എന്നിവകളെ എതിര്‍ക്കും, കേരളം തമിഴ് നാടിന്‍റെ എതിര്‍പ്പിനെ കോടതിയില്‍ വാദിച്ച് ജയിച്ച് എല്ലാം നേടിയെടുക്കും, തമിഴ്നാട് കേസ് തോല്‍ക്കും അപ്പോഴേക്കും ഒരു വലിയ ആല്‍ കേരളത്തിന്‍റെ ആസനത്തില്‍ വളര്‍ന്നു പന്തലിച്ചിട്ടുണ്ടാകും...

1/24/10

മുറിവൈദ്യം..

കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ ആരോഗ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഗ്രാമീണ മേഘലയിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര ആരോഗ്യ വകുപ്പ് മുന്നോട്ട് വെച്ചിട്ടുള്ള എം ബി ബി എസ് ഡോക്ടര്‍മാര്‍ക്ക് പകരമായി ബി ആര്‍ എം എസ് യോഗ്യതയുള്ള ഡോക്ടര്‍മാരെ ഗ്രാമീണ മേഘലയിലെ സര്‍വ്വീസിലേക്കായ് വാര്‍ത്തെടുക്കുവാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയരുകയാണ.


ഒറ്റനോട്ടത്തില്‍ വളരേയധികം ജനോപകാരപ്രദം എന്ന് തോന്നാവുന്ന ഈ നീക്കം വളരേയധികം ദൂരവ്യാപകമായ വിപത്തുകള്‍ ഉണ്ടാക്കുമെന്ന് ഐ എം എ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്ന. നിലവില്‍ ആസ്സാം, മഹാരഷ്ട്ര, പഞ്ജാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഘലയിലാണ്‍ ഡോക്ടര്‍മാരുടെ ഇത്രയധികം ലഭ്യതക്കുറവുള്ളതായി കേന്ദ്ര ഗവണ്മെന്‍റിന്‍റെ തന്നെ അറിവിലുള്ളത്, എന്നാല്‍ അത് ഒട്ടെല്ലാ സംസ്ഥാനത്തും നിലവിലുണ്ട് എന്നതു തന്നെയാണ്‍ വസ്തുത.


നാലര വര്‍ഷം പ്ലസ് ഒരു വര്‍ഷമാണ്‍ ഇപ്പോള്‍ എം ബി ബി എസ് കോഴ്സ് കഴിഞ്ഞിറങ്ങി വരുവാനുള്ള സമയം, ഇതിന്‍റെ സ്ഥനത്താണ്‍ മൂന്നുവര്‍ഷത്തെ കോഴ്സ് കഴിഞ്ഞിറങ്ങി വരുന്ന ബി ആര്‍ എം എസ്കാര്‍ ഗ്രാമീണ മേഘലയില്‍ ചികിത്സക്കായ് ഇറങ്ങുന്നത്। ബി ആര്‍ എം എസിനെതിരായ് വരുന്ന വാദമുഖങ്ങളിതൊക്കെയാണ്
* മെഡിക്കല്‍ കോളേജുകളില്‍ നിന്ന് അഞ്ചര വര്‍ഷത്തെ പഠിപ്പും എക്സ്പീരിയന്‍സ്മായി വരുന്നയാളും ഡിസ്ട്രിക്ട് ഹോസ്പിറ്റലില്‍ നിന്ന് മൂന്ന് വര്‍ഷത്തെ പഠിപ്പ് കഴിഞ്ഞ് വരുന്നയാളും രോഗത്തേയോ രോഗ ലക്ഷണത്തേയോ ചികിത്സിക്കുക?
* മെഡിക്കല്‍ കോളേജുകളെന്ന പദവി നഷ്ടപ്പെടാതിരിക്കുവാന്‍ ചെക്കിങ്ങ് സമയത്ത് അന്യ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് അദ്ധ്യാപകരെകൊണ്ടുവന്ന് ഡിസ്പ്ലേ ചെയ്യുന്നവര്‍ ഡിസ്ട്രിക്ട് ആശുപത്രികളില്‍ ആരേക്കൊണ്ട് പഠിപ്പിക്കുവാനാണ്‍ ഉദ്ദേശിക്കുന്നത്, ഇതിനുള്ള മറ്റു മെഡിക്കല്‍ ഉപകരണങ്ങള്‍ ഏതു കാലത്ത് ലഭ്യമാകും? അതിന്‍ സര്‍ക്കാര്‍ ചിലവാക്കുവാനുദ്ദേശിക്കുന്ന പണത്തിന്‍റെ പകുതി ചിലവാക്കിയാല്‍ ഒരു സംസ്ഥാനത്ത് ഒരു മെഡിക്കല്‍ കോളേജ് പുതുതായി തുടങ്ങരുതോ?
* ഡി എം എസ് പോലുള്ള കോഴ്സ് പരീക്ഷിച്ച് പരാജയപ്പെട്ടവ വേണ്ട് എന്ന് തീരുമാനമെടുത്തിട്ടുള്ള സാഹചര്യത്തില്‍ പുതിയ സംവിധാനത്തിന്‍റെ ആധികാര്യത സര്‍ക്കാരിന്‍ ഏതെങ്കിലും ചര്‍ച്ചയിലൂടെ ഉരിത്തിരിഞ്ഞ് ലഭിച്ചിട്ടുണ്ടോ?
* ഗ്രാമീണ മേഘലയില്‍ ക്വാളിറ്റിയില്ലാത്ത വൈദ്യ സഹായവും പട്ടണ പ്രദേശങ്ങളില്‍ സ്പെഷ്യലൈസ്ഡ് സൂപ്പര്‍ സ്പെഷ്യലൈസ്ഡ് മെഡിക്കല്‍ സൌകര്യവും ലഭ്യമാക്കുന്നത് ഗവണ്മെന്‍റിന്‍റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്നതല്ലെ?

* നല്ലൊരു ജേണല്‍ പിന്തുടര്‍ന്നില്ലെങ്കില്‍ കുറച്ച് ബേസുള്ള എം ബി ബി എസ്സുകാര്‍ക്ക് തന്നെ, ഇപ്പോഴത്തെ രോഗങ്ങളുടേയും മരുന്നുകളുടേയും കാലത്ത് ഡോക്ടറായി തുടരുക തന്നെ പ്രായസമെന്നിരിക്കെ ഈ മൂന്നുവര്‍ഷക്കാര്‍ക്ക് എന്ത് നിലനില്‍പ്പാണുള്ളത്? പ്രത്യേകിച്ച് വെറും എം ബി ബി എസ്സുകാരെ തന്നെ സംശയത്തോടെ നോകുന്ന ഒരു ജനസമൂഹത്തില്‍...?

* വികസിത രാജ്യമായി വളര്‍ന്നു വരുന്ന ശാസ്ത്ര ആരോഗ്യ രംഗങ്ങളില്‍ സ്വയം പര്യാപ്തത കൈവരിച്ചുവരുന്ന മറ്റു രാജ്യങ്ങള്‍ തെല്ലൊരു അസൂയയോടെ നോക്കുന്ന ഈ രാജ്യത്തെ ഗര്‍ത്തത്തിലേക്ക് വലിച്ചിടുകയും മാനക്കേടുണ്ടാകുന്നതുമല്ലേ ഈ മുറിവൈദ്യ പരീക്ഷണം?

എം ബി ബി എസ്സുകാര്‍ക്ക് കുറഞ്ഞത് രണ്ടു വര്‍ഷത്തെയെങ്കിലും നിര്‍ബന്ധിത ഗ്രാമീണ സര്‍വ്വീസ് നടപ്പിലാക്കുന്നതിലുടേയും, ഇനി തുടങ്ങുന്ന മെഡിക്കല്‍ കോളേജുകള്‍ ഗ്രാമീണ പ്രദേശങ്ങളില്‍ തുടങ്ങുകയും, കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുകയും, ജീവന്‍ രക്ഷാ മരുന്നുകളുടെ വില നിയന്ത്രിക്കാന്‍ മുന്‍ കയ്യെടുക്കുകയും ആരോഗ്യ മേഘലയിലെ ദുഷ് പ്രവണതകള്‍ക്കെതിരേ നടപടി എടുക്കുകയും,ഗ്രാമീണ മേഘലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പ്രത്യേക അലവന്‍സും മറ്റു സൌകര്യങ്ങളും അനുവദിക്കുന്നതിലൂടേയും പരിഹരിച്ചേടുക്കേണ്ട, വളരേയധികം വീണ്ടുവിചാരത്തോടെ നോക്കി കാണേണ്ടുന്ന ഒരു പ്രധാനപ്പെട്ട കാര്യം ചെപ്പടി വിദ്യയിലൂടെ മറച്ചുവെക്കുവാനുള്ള ഏതൊരു തീരുമാനത്തേയും തുറന്നു കാട്ടേണ്ടതുണ്ട്, എതിര്‍ക്കപ്പെടേണ്ടതുണ്ട്, കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിക്കേണ്ടതുണ്ട്.

1/18/10

കാന്തല്ലൂര്‍ നെല്‍പ്പാടങ്ങള്‍..

കേരളത്തിലെ ഓരോ പഞ്ചായത്തിലേയും കാര്‍ഷിക വിളകള്‍ കുറഞ്ഞു വരുന്നു, കൃഷി ചെയ്യുവാനുള്ള ജനങ്ങളുടെ താത്പര്യം വളരെയേറെ കുറഞ്ഞു കൃഷിയിടവും ചുരുങ്ങി ചുരുങ്ങി പേരിനു മാത്രമായി എന്ന സ്ഥിതിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെങ്കിലും ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍ പഞ്ചായത്ത് ഇതിനൊരപവാദവും മലയാളിക്ക് ചെറിയൊരാശ്വാസവുമാണ.

ശൈത്യകാല പച്ചക്കറി വര്‍ഗ്ഗങ്ങളും ആപ്പിള്‍, പ്ലം മുതലായ ഒട്ടനവധി പഴ വര്‍ഗ്ഗങ്ങളും കൃഷി ചെയ്യുന്ന കാന്തല്ലൂര്‍ പ്രദേശം നെല്‍കൃഷിയിലും അവരുടേതായ സംഭാവന നല്‍കുന്നവരാണ്। വര്‍ഷങ്ങളായി പരമ്പരാഗത വിത്തിനങ്ങളുപയോഗിച്ച് കൃഷി നടത്തുന്ന ഇവിടുത്തെ കര്‍ഷകര്‍ ആ വിത്തിനം ഉപയോഗിച്ച് കൃഷി ചെയ്യാതെ, ഗവന്മെന്‍റിന്‍റെ അത്യുല്‍പ്പാദന വിത്തിനങ്ങളുപയോഗിച്ചുള്ള ഈ വര്‍ഷത്തെ നെല്‍കൃഷി നടത്തുകയും പ്രതിരോധ ശേഷിയോ അത്യുല്‍പാദനമോ ഇല്ലാത്ത വിത്തുകളായതു കൊണ്ടു മാത്രം നഷ്ടത്തിലാവുകയും ചെയെതത് ഗവണ്മെന്‍റെ സംവിധാനം കണ്ടില്ലെന്ന് നടിക്കുകയാണ്.

ഗവണ്മെന്‍റെ, കൃഷിഭവന്‍ മുഖേന വിതരണം ചെയ്ത വിത്തുപയോഗിച്ച് കൃഷി നടത്തിയവര്‍ക്കാണ്‍ ഈ ദുര്‍ഗതിയെങ്കില്‍ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന വിത്ത് ഉപയോഗിച്ച അപൂര്‍വ്വം കര്‍ഷകര്‍ നല്ല വിളവ് കൊയ്യുകയുമാണ്‍ കാന്തല്ലൂരില്‍, ബാങ്കുകളില്‍ നിന്നും വട്ടിപ്പലിശക്കാരില്‍ നിന്നും പണം പലിശക്കെടുത്ത കര്‍ഷകര്‍ നഷ്ടത്തിന്‍റെ ആഴക്കയത്തില്‍പ്പെട്ട് ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുമ്പോഴും അതിനു ധാര്‍മ്മികമായ ഉത്തരവാദിത്തമുള്ള കേരള സര്‍ക്കാരുടെ ശ്രദ്ധ പ്രദേശത്തേക്ക് വരാത്തതും നെല്‍പ്പാടങ്ങളെങ്കിലും പ്രകൃതി രമണീയമായ ഈ ഭൂപ്രദേശം നഷ്ടത്തിലായ നെല്‍കൃഷിയുടെ പേരും പറഞ്ഞ് തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന ഭൂമാഫിയയുടെ കൈപ്പിടിയിലെത്തുമെന്ന ആശങ്കയിലുമാണ്‍ ചെറുകിട കര്‍ഷകരിപ്പോള്‍।

തമിഴ് കലര്‍ന്ന മലയാളം സംസാരിക്കുന്ന ഈ പ്രദേശത്തെ കര്‍ഷകരും കാര്‍ഷിക തൊഴിലാളികളുമായ പാവപ്പെട്ടവര്‍ ആശങ്കയിലാണ്। കേന്ദ്ര ഗവണ്മെന്‍റെ പദ്ധതിയായ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്തി പ്രദേശത്തെ തൊഴിലാളി ക്ഷാമത്തിനും കൂലിക്കും ഒട്ടുവളരെ ആശ്വാസമുണ്ടായെങ്കിലും അതെല്ലാം പാഴായിപ്പോകുന്ന ദൃശ്യങ്ങളാണ്‍ ഇപ്പോള്‍ അവിടെ നിന്നും ലഭിക്കുന്നത്. വളരേ നാളുമുമ്പേയുള്ള പാര്‍പ്പിട പദ്ധതിക്കായുള്ള ഇവരുടെ മുറവിളിക്കൊന്നും ചെവി കൊടുക്കാതിരുന്ന സര്‍ക്കാരുകള്‍ ഇപ്പോഴത്തെ ഇവരുടെ അവസ്ഥ കണ്ട് മനസ്സിലാക്കി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ആത്മഹത്യ് എന്ന ഒരൊറ്റ വിഷയത്തിലല്ല കാന്തല്ലൂര്‍ ശ്രദ്ധ നേടാന്‍ പോകുന്നത്, മറിച്ച്, ഉപഭോഗ സംസ്ഥാനമായ കേരളത്തെ പച്ചക്കറികളുടെ വരവ് തടഞ്ഞും വില വര്‍ദ്ധിപ്പിക്കും വിധമുള്ള ഉപരോധം കൊണ്ടും തങ്ങളുടെ അന്യായമായ ആവശ്യങ്ങള്‍ക്ക് ഇന്നാട്ടിലെ ജനങ്ങളേയും സര്‍ക്കാരിനേയും നിര്‍ബന്ധിപ്പിക്കും വിധമുള്ള അന്യ സംസ്ഥാനങ്ങളുടെ സമര പരിപാടിക്കിടയില്‍ മലയാളിക്ക് കുറച്ചെങ്കിലും ആശ്വാസമേകുന്ന പച്ചത്തുരുത്തുകളുടെ നാശം തന്നെയാകും.

ഒരിടവേളക്കു ശേഷം സജീവമായ ഭൂമാഫിയ തങ്ങളുടെ ആയുധം മൂര്‍ച്ച കൂട്ടുകയാണ്. മൂന്നാറിലെ കയ്യേറ്റം ഏറെ ശക്തമായി തുടങ്ങിക്കഴിഞ്ഞു. ഇനി മാഫിയയുടെ കഴുകക്കണ്ണുകള്‍ കാന്തല്ലൂരിലേക്ക് നീളുകയാണ്, അതിനൊത്താശ നല്‍കുന്ന സര്‍ക്കാര്‍ സംവിധാനം തുച്ഛമായ കൃഷിഭൂമിയുള്ളവന്‍റെ കൃഷിഭൂമിയിലേക്ക് മടങ്ങിപ്പോവുക എന്ന സ്വപ്നവും കൂടിയാണ്‍ തല്ലിക്കെടുത്തുന്നത്. അടിയന്തിരമായി സര്‍ക്കാരിന്‍റെയും കേരള പൊതു മനസ്സിന്‍റെയും ശ്രദ്ധ ഇങ്ങനേയുള്ള മരുപ്പച്ചയിലേക്ക് ആശ്വാസമേകും വിധം
തിരിയേണ്ടതുണ്ട്