5/6/12

രക്തസാക്ഷി


നിനക്ക് നീ തന്നെ സ്മാരകം പണിത്
നിന്റെ കുലത്തിന് നീര് പകര്‍ന്ന്‍
തമ്പ്രാന്റെ വാളാല്‍ ജീവനറ്റവന്,

രക്തസാക്ഷി മണ്ഡപങ്ങള്‍ക്ക്
പട്ടാപ്പകല്‍ പിറന്നവന്
ഓര്‍മ്മനാള്‍  പണിത് കൊല്ലരുത്,
കൊല്ലാന്‍ ഓര്‍മ്മപ്പെടാതിരിക്കാനെങ്കിലും..

കൈകുമ്പിളില്‍ തിര തിരയാതെ
കടലുപ്പിന്റെ സാന്ദ്രത നുണയാന്‍
ഇവന്റെ ഹൃദയം കൂടുതല്‍ ഇടതോ?

നേര്‍ത്ത നൂലാല്‍ നിന്നെ കോര്‍ക്കാന്‍
വിരല്‍ സ്പര്‍ശമിത്രയും വലതോ ?

മുറിപ്പെട്ട നിശ്വാസങ്ങളില്‍
കയ്യൊപ്പ് ബാക്കിവെക്കാന്‍
ഇവനിലിനിയും മനുഷ്യത്തമോ?
ഒരു ജീവപര്യന്തം മുഴുക്കെ
ആയുധം മൂര്‍ച്ചപ്പെടുത്തി
നിന്റെ തലയോട്ടി തീണ്ടണം

തലതിരിഞ്ഞവരുടെ താഴ്വരയില്‍
തലയുയര്ത്തിയവന്റെ   തലവരയിത് ,
കക്ഷത്തിലൊരു പഴകിയ വിപ്ലവം
കണ്ണുകളില്‍ കറുപ്പിട്ടന്ധകാരം
ചെവിയടച്ച് ആര്‍ത്തനാദം,
ആയുധങ്ങള്‍ കൂട്ടിയുരസ്സി
വിഷം ചീറ്റിയൊരു സീല്‍ക്കാരം..

ഉള്ളവന്റെ വിഭാഗീയ ലോകത്ത്
ഇല്ലാത്തവന്റെ പാര്‍ശ്വങ്ങളിലൊട്ടാന്‍
ഒരു ജീന്‍ നിന്റെ തലച്ചോറിലെങ്കില്‍
തലയോട്ടി പിളര്‍ത്തി
ബൊളീവിയന്‍ അടരുകളില്‍
നിന്റെ ആശയകോശം
വടിവാളാല്‍ ചികയട്ടെ ഞങ്ങള്‍
നിന്റെയിരട്ടച്ചങ്കില്‍  ചാട്ടുളിയിറക്കി
കൊടിക്കൂറയെങ്കിലും ചുവക്കട്ടെ.