1/18/10

കാന്തല്ലൂര്‍ നെല്‍പ്പാടങ്ങള്‍..

കേരളത്തിലെ ഓരോ പഞ്ചായത്തിലേയും കാര്‍ഷിക വിളകള്‍ കുറഞ്ഞു വരുന്നു, കൃഷി ചെയ്യുവാനുള്ള ജനങ്ങളുടെ താത്പര്യം വളരെയേറെ കുറഞ്ഞു കൃഷിയിടവും ചുരുങ്ങി ചുരുങ്ങി പേരിനു മാത്രമായി എന്ന സ്ഥിതിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെങ്കിലും ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍ പഞ്ചായത്ത് ഇതിനൊരപവാദവും മലയാളിക്ക് ചെറിയൊരാശ്വാസവുമാണ.

ശൈത്യകാല പച്ചക്കറി വര്‍ഗ്ഗങ്ങളും ആപ്പിള്‍, പ്ലം മുതലായ ഒട്ടനവധി പഴ വര്‍ഗ്ഗങ്ങളും കൃഷി ചെയ്യുന്ന കാന്തല്ലൂര്‍ പ്രദേശം നെല്‍കൃഷിയിലും അവരുടേതായ സംഭാവന നല്‍കുന്നവരാണ്। വര്‍ഷങ്ങളായി പരമ്പരാഗത വിത്തിനങ്ങളുപയോഗിച്ച് കൃഷി നടത്തുന്ന ഇവിടുത്തെ കര്‍ഷകര്‍ ആ വിത്തിനം ഉപയോഗിച്ച് കൃഷി ചെയ്യാതെ, ഗവന്മെന്‍റിന്‍റെ അത്യുല്‍പ്പാദന വിത്തിനങ്ങളുപയോഗിച്ചുള്ള ഈ വര്‍ഷത്തെ നെല്‍കൃഷി നടത്തുകയും പ്രതിരോധ ശേഷിയോ അത്യുല്‍പാദനമോ ഇല്ലാത്ത വിത്തുകളായതു കൊണ്ടു മാത്രം നഷ്ടത്തിലാവുകയും ചെയെതത് ഗവണ്മെന്‍റെ സംവിധാനം കണ്ടില്ലെന്ന് നടിക്കുകയാണ്.

ഗവണ്മെന്‍റെ, കൃഷിഭവന്‍ മുഖേന വിതരണം ചെയ്ത വിത്തുപയോഗിച്ച് കൃഷി നടത്തിയവര്‍ക്കാണ്‍ ഈ ദുര്‍ഗതിയെങ്കില്‍ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന വിത്ത് ഉപയോഗിച്ച അപൂര്‍വ്വം കര്‍ഷകര്‍ നല്ല വിളവ് കൊയ്യുകയുമാണ്‍ കാന്തല്ലൂരില്‍, ബാങ്കുകളില്‍ നിന്നും വട്ടിപ്പലിശക്കാരില്‍ നിന്നും പണം പലിശക്കെടുത്ത കര്‍ഷകര്‍ നഷ്ടത്തിന്‍റെ ആഴക്കയത്തില്‍പ്പെട്ട് ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുമ്പോഴും അതിനു ധാര്‍മ്മികമായ ഉത്തരവാദിത്തമുള്ള കേരള സര്‍ക്കാരുടെ ശ്രദ്ധ പ്രദേശത്തേക്ക് വരാത്തതും നെല്‍പ്പാടങ്ങളെങ്കിലും പ്രകൃതി രമണീയമായ ഈ ഭൂപ്രദേശം നഷ്ടത്തിലായ നെല്‍കൃഷിയുടെ പേരും പറഞ്ഞ് തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന ഭൂമാഫിയയുടെ കൈപ്പിടിയിലെത്തുമെന്ന ആശങ്കയിലുമാണ്‍ ചെറുകിട കര്‍ഷകരിപ്പോള്‍।

തമിഴ് കലര്‍ന്ന മലയാളം സംസാരിക്കുന്ന ഈ പ്രദേശത്തെ കര്‍ഷകരും കാര്‍ഷിക തൊഴിലാളികളുമായ പാവപ്പെട്ടവര്‍ ആശങ്കയിലാണ്। കേന്ദ്ര ഗവണ്മെന്‍റെ പദ്ധതിയായ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്തി പ്രദേശത്തെ തൊഴിലാളി ക്ഷാമത്തിനും കൂലിക്കും ഒട്ടുവളരെ ആശ്വാസമുണ്ടായെങ്കിലും അതെല്ലാം പാഴായിപ്പോകുന്ന ദൃശ്യങ്ങളാണ്‍ ഇപ്പോള്‍ അവിടെ നിന്നും ലഭിക്കുന്നത്. വളരേ നാളുമുമ്പേയുള്ള പാര്‍പ്പിട പദ്ധതിക്കായുള്ള ഇവരുടെ മുറവിളിക്കൊന്നും ചെവി കൊടുക്കാതിരുന്ന സര്‍ക്കാരുകള്‍ ഇപ്പോഴത്തെ ഇവരുടെ അവസ്ഥ കണ്ട് മനസ്സിലാക്കി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ആത്മഹത്യ് എന്ന ഒരൊറ്റ വിഷയത്തിലല്ല കാന്തല്ലൂര്‍ ശ്രദ്ധ നേടാന്‍ പോകുന്നത്, മറിച്ച്, ഉപഭോഗ സംസ്ഥാനമായ കേരളത്തെ പച്ചക്കറികളുടെ വരവ് തടഞ്ഞും വില വര്‍ദ്ധിപ്പിക്കും വിധമുള്ള ഉപരോധം കൊണ്ടും തങ്ങളുടെ അന്യായമായ ആവശ്യങ്ങള്‍ക്ക് ഇന്നാട്ടിലെ ജനങ്ങളേയും സര്‍ക്കാരിനേയും നിര്‍ബന്ധിപ്പിക്കും വിധമുള്ള അന്യ സംസ്ഥാനങ്ങളുടെ സമര പരിപാടിക്കിടയില്‍ മലയാളിക്ക് കുറച്ചെങ്കിലും ആശ്വാസമേകുന്ന പച്ചത്തുരുത്തുകളുടെ നാശം തന്നെയാകും.

ഒരിടവേളക്കു ശേഷം സജീവമായ ഭൂമാഫിയ തങ്ങളുടെ ആയുധം മൂര്‍ച്ച കൂട്ടുകയാണ്. മൂന്നാറിലെ കയ്യേറ്റം ഏറെ ശക്തമായി തുടങ്ങിക്കഴിഞ്ഞു. ഇനി മാഫിയയുടെ കഴുകക്കണ്ണുകള്‍ കാന്തല്ലൂരിലേക്ക് നീളുകയാണ്, അതിനൊത്താശ നല്‍കുന്ന സര്‍ക്കാര്‍ സംവിധാനം തുച്ഛമായ കൃഷിഭൂമിയുള്ളവന്‍റെ കൃഷിഭൂമിയിലേക്ക് മടങ്ങിപ്പോവുക എന്ന സ്വപ്നവും കൂടിയാണ്‍ തല്ലിക്കെടുത്തുന്നത്. അടിയന്തിരമായി സര്‍ക്കാരിന്‍റെയും കേരള പൊതു മനസ്സിന്‍റെയും ശ്രദ്ധ ഇങ്ങനേയുള്ള മരുപ്പച്ചയിലേക്ക് ആശ്വാസമേകും വിധം
തിരിയേണ്ടതുണ്ട്