8/30/08

സെസ്സിന്‍റെ മായാലോകം

സെസ്സ് പോലെയുള്ള ചെറു നാട്ടു രാജ്യ വ്യവസ്ഥിതി,കേരളം പോലെയുള്ള ചെറിയ സംസ്ഥാനങ്ങള്‍ക്ക് അല്ലെങ്കില്‍ ജനസാന്ദ്രത കൂടുതലുള്ള, കൃഷിയിടം വളരെ കുറവുള്ള സംസ്ഥാനങ്ങള്‍ക്ക് അനുയോജ്യമോ, സെസ്സിന്‍റെ ആനുകൂല്യമില്ലെങ്കില്‍ കേരളത്തില്‍ വ്യവസായങ്ങള്‍ വരില്ലെ? എന്നീ ചിന്തകള്‍ വ്യാപകമാകേണ്ട് സമയം അതിക്രമിച്ചിരിക്കുന്നുവെങ്കിലും ഇപ്പോഴെങ്കിലും അതില്ലായെങ്കില്‍ ഒരു പത്തു വര്‍ഷത്തിനു ശേഷം നമുക്കൂഹിക്കാവുന്നതിലേറെ വേലികള്‍ നമുക്ക് ചുറ്റും കെട്ടപ്പെടും എന്ന തിരിച്ചറിവിലേക്ക് നാം എന്നെത്താപ്പെടും?

സെസ്സെന്ന സ്വര്‍ഗ്ഗ രാജ്യത്തെക്കുറിച്ചുള്ള വാചാലത ഇടതു വലതു പക്ഷങ്ങള്‍ മത്സര ബുദ്ധിയോടെ നടത്തുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത്, നമുക്ക് നമ്മുടെ ഭരണഘടന തന്ന സ്വാതന്ത്ര്യങ്ങള്‍ തിരിച്ചെടുക്കപ്പെടലും, കൊള്ളക്കാരനെ ഗവണ്മെന്‍റെ ചിലവില്‍ ക്ഷണിച്ചു വരുത്തുകയും അതിലുപരി ഇന്നാടിന്‍റെ വളര്‍ച്ചയും സേവന രംഗത്ത് നിന്ന് ഗവണ്മെന്‍റിനെ പിന്‍ വലിപ്പിക്കും വിധം, ഗവണ്മെന്‍റിനു കിട്ടേണ്ട നികുതി വരുമാനം കൊള്ളയടിക്കപ്പെടുകയുമാണ്।

ഐ ടി വ്യ്വസായത്തിനെന്ന പേരില്‍ ഇരുപത്തിയൊന്നിലേറെ പെരില്‍ നിന്ന് കിട്ടിയ അപേക്ഷകളില്‍ പകുതിയും ഗവണ്മെന്‍റിന്‍റെ സ്ക്രീനിംഗ് കമ്മിറ്റി തുടര്‍ നടപടികള്‍ക്ക് വേണ്ടി സെലക്ഷന്‍ ചെയ്തിരിക്കുന്നു, ഇതില്‍ തന്നെ പകുതിയും റിയല്‍ എസ്റ്ററ്റ് രംഗത്ത് മാത്രം പ്രവര്‍ത്തി പരിചയമുള്ളവരാണ്। റിയല്‍ എസ്റ്റേറ്റ് രംഗത്ത് മാത്രം പരിചയമുള്ളവര്‍ക്ക് ഐ ടി രംഗത്തേക്ക് വരാന്‍ പാടില്ല എന്നല്ല ഉദ്ദേശിച്ചത്, അവര്‍ ഇതിലേക്ക് കടന്നു വരാനുള്ള കാരണം സെസ്സിലൂടെ ആര്‍ക്കും കാണാന്‍ കഴിയുന്ന 'ലൂപ്പ് ഹോളല്ല', ഇടനാഴി തന്നെയാണ്.

1980 തുകളില്‍ ചൈനയാണ്‍ നമുക്കിന്ന് മാതൃകയായിട്ടുള്ള സെസ്സിന്‍റെ മോഡല്‍ രാജ്യം। എന്തുകൊണ്ട് ചൈന ഒരു കമ്യൂണിസ്റ്റ് രാജ്യമായിട്ടും സെസ്സ് പോലുള്ള രീതി അവലംബിച്ചു എന്നും ഈയൊരു നയം ഇന്നവരെ എവിടെ കൊണ്ടെത്തിച്ചു എന്നും ചിന്തിക്കുന്നത് സെസ്സിന്‍റെ മോഹാലസ്യത്തിലേക്ക് വഴുതി വീണു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഭരണ നേതൃത്തം മനസ്സിലാക്കിയിരുന്നെങ്കില്‍, കുറഞ്ഞ പക്ഷം എന്തിനും ഏതിനും ചൈനയെ റോള്‍ മോഡലാക്കുന്ന ഇടതു ഗവണ്മെന്‍റുകളെങ്കിലും മനസ്സിലാക്കിയിരുന്നെങ്കില്‍॥ (ഇടതുകളുടെ കാര്യം പ്രത്യകം പറയാന്‍ കാരണമുണ്ട്, ഇത് കേന്ദ്ര നിയമത്തിന്‍റെ അടിസ്ഥാനത്തിലാണെങ്കിലും, അത്യന്തികമായി കേന്ദ്ര ഗവണ്മെന്‍റാണ്‍ അപേക്ഷക്ക് അംഗീകാരം കൊടുക്കേണ്ടതെങ്കിലും സംസ്ഥന ഗവണ്മെന്‍റാണ്‍ അവര്‍ക്ക് കിട്ടിയിട്ടുള്ള അപേക്ഷകളില്‍ തീരുമാനം കൊള്ളേണ്ടത്, ആതീരുമാനത്തിന്‍ കേന്ദ്ര ഗവണെമെന്‍റെ അനുമതി നല്‍കുക മാത്രമാണ്‍ ചെയ്യുന്നത്. സംസ്ഥന ഗവണ്മെന്‍രിന്‍ വേണമെങ്കില്‍ ഒരൊറ്റ അപേക്ഷയും സ്വീകരിക്കാതിരിക്കാം, ഇതിനോട് മുഴുവനായും പുറം തിരിഞ്ഞു നില്‍ക്കാം ഗോവ ഗവണ്മെന്‍റെ ചെയ്തതു പോലെ)

ചൈനയുടെ അവികസിത പ്രദേശങ്ങളിലെ വികസനം മുന്‍ നിര്‍ത്തിയും രാജ്യത്തിന്‍റെ വിദേശനാണയ കരുതലിന്‍ ശക്തി പകരുന്നതിനും വേണ്ടി രാജ്യം നടത്തിയ ഈ യൂറിയ വളം പ്രയോഗം രാജ്യത്തിന്‍റെ സാമൂഹികമായ നിലനില്‍പ്പിന്‍ വന്‍ വിലയാണ്‍ നല്‍കേണ്ടി വന്നത്। സാമ്പത്തികമായ അസമത്വം വര്‍ദ്ധിച്ചു, കര്‍ഷകര്‍ കൂട്ടത്തോടെ കുടിയേറ്റ തൊഴിലാളികളായി മാറി, തൊഴിലാളികള്‍ പരമാവധി ചൂഷണം ചെയ്യപ്പെട്ടു, ബാലവേല സാര്‍വത്രികമായി. ഇതു കൊണ്ടും തീരുന്നില്ല, ചൈന പോലുള്ള രാജ്യത്ത് സംഘടനാ സ്വാതന്ത്ര്യം വളരെ പരിമിതമായിട്ടും സെസ്സില്‍ തികച്ചും , ഷെന്‍ഴെന്‍ പ്രദേശത്ത് 2006ല്‍ മാത്രം പതിനായൈരത്തോളം മിന്നല്‍ പണിമുടക്കുകളാണ്‍ ഉണ്ടായിട്ടുള്ളത്. ചൈന പോലെ ഒരു രാജ്യത്ത് പണിമുടക്കിന്‍റെ തികട്ടിപ്പ് ഇത്രയധികം ഉണ്ടായെങ്കില്‍ ഇന്ത്യ പോലൊരു രാജ്യത്ത് വന്‍ വിസ്ഫോടനമാണ്‍ നമ്മള്‍ മുന്‍ കൂട്ടി കാണേണ്ടത്

2010 ആകുമ്പോള്‍ സെസ്സിനു നല്‍കുന്ന നികുതിയിളവുകള്‍ 1,76,000 കോടിയെത്തുമെന്നാണ്‍ ധനവകുപ്പിന്‍റെ നിഗമനം। ഇതിനെതിരെ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി തന്നെ മുന്നറിയിപ്പ് നല്‍കുന്നു, ചൈന പിന്നീട് നികുതിയ്ളവുകള്‍ പിന്നീട് പിന്‍വലിച്ചുവെങ്കിലും ഇന്ത്യന്‍ സാഹചര്യത്തില്‍ അതെത്രത്തോളം പ്രാവര്‍ത്തികമാണെന്നതും സംശയകരമാണ്. ഇതിനൊക്കെ പുറമേയാണ്‍ നന്ദിഗ്രാം പോലെയുള്ള സാമൂഹിക പറിച്ചു നടലിന്‍റെയും ജന രോഷത്തിന്‍റെയും ക്രമസ്മാധാനത്തിന്‍റെയും ആവര്‍ത്തനങ്ങള്‍ രാജ്യത്തെ പിന്നോട്ട് വലിക്കാന്‍ തയ്യാറായി നില്‍ക്കുന്നത്.

വളരെ നിയന്ത്രിതമായി നല്‍കേണ്ടിയിരുന്ന ഒരു നിയമത്തിന്‍റെ സഹായം വളരെ വ്യാപകമായി, അക്രമണോല്‍സുകമായി നടത്തപ്പെടുന്നതിന്‍റെ തിക്ത ഫലം അനുഭവിക്കുന്നത് അടിസ്ഥാനപരമായി പാവപ്പെട്ടവനാണ്, പാവപ്പെട്ടവന്‍ കൂടുതല്‍ പാവപ്പെട്ടവനാകുന്നു, പണക്കാരന്‍ കൂടുതല്‍ പണക്കാരനാവുന്നു എന്നതു മാത്രമല്ല, പിഴുതെറിയപ്പെടുന്ന ഒരു സംസ്ക്കാരം അവന്‍റെ വേരുകള്‍ സ്വന്തം നാട്ടില്‍ പ്രവാസിയാവേണ്ടി വരുന്നവന്‍റെ സുരക്ഷിതത്തമില്ലായ്മ, സാമ്പത്തികമായ നഷ്ടം എന്നതും അതിലേറെയുമൊക്കെയാണ്।

സോണുകള്‍ക്കു വേണ്ടി കൃഷിഭൂമി ഏറ്റെടുക്കില്ല എന്ന് ധനകാര്യമന്ത്രി ദേശാഭിമാനിയില്‍ എഴുതിയതിനു തൊട്ടടുത്ത ദിവസം തന്നെ ചിറ്റനാട് നെല്‍പ്പാടം മൊത്തമായും ഒരു സെസ്സ് കമ്പനി വാങ്ങിയ വിവരം നമ്മളൊക്കെ മാധ്യമങ്ങളിലൂടെ അറിഞ്ഞതാണ്. ഇവിടെ ഒരു രാഷ്ടീയ പാര്‍ട്ടിയും ജനങ്ങളുടെ താത്പര്യത്തിനു വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്, ഒരോരുത്തര്‍ക്കും അവരവരുടേതായ ഉദര വീക്ഷണമുണ്ട്, എന്നാല്‍ ഈയൊരു സാമ്പത്തിക വ്യവസ്ഥയില്‍ കേരളത്തിനു മാത്രം മാറിനില്‍ക്കാനാവില്ല എന്ന ന്യായീകരണവും വേണ്ട, ഗോവ നമുക്ക് മുന്നിലുള്ളോടിത്തോളം. കോണ്‍ഗ്രസ്സുകാരേക്കാള്‍ ഈയൊരു വിഷയത്തില്‍ ഇടതുപക്ഷം കാണിക്കുന്ന തിടുക്കം ചൈനയോടുള്ള വിധേയത്തം മാത്രമായി കാണാനാവില്ല, മറിച്ച് അവര്‍ പ്രതിപക്ഷത്തല്ല ഇപ്പോള്‍ എന്നതും കാരണമാണ്. പ്രതിപക്ഷത്താകുമ്പോഴും ഭരണപക്ഷത്താവുമ്പോഴും നയം മാറുകയും അതില്‍ തന്നെ ഗ്രൂപ്പുകള്‍ക്കടിസ്ഥാനത്തില്‍ ആദര്‍ശം മാറുകയും ചെയ്യുന്ന ഒരു ഭരണ നേതൃത്തത്തിന്‍ ഒരു സാമൂഹിക വ്യവസ്ഥയെ, ഒരു സാമ്പത്തിയ വ്യവസ്ഥയെ ആകമാനം മാറ്റി മറിക്കുന്ന പ്രക്രിയക്ക് തടയിടാനോ നിയന്ത്രണം വെക്കുവാനോ കഴിയുമെന്ന് നമ്മള്‍ വ്യമോഹിക്കുന്നത്, നമ്മള്‍ വിശ്വസിക്കുന്നത് ശിക്ഷാര്‍ഹമായിരിക്കും...