6/24/10

'സ്വത്വം' വക്കുപൊട്ടിയൊരു വാക്കല്ല

ഒരു വാക്ക്,
തെരുവിലേക്ക് വലിച്ചിഴക്കപ്പെടുമ്പോള്‍
കൊത്തിവലിക്കപ്പെടുമ്പോള്‍,
ചോര പൊടിഞ്ഞ നിറമുള്ള
കലര്‍പ്പില്ലാത്തൊരു മുദ്രാവാക്യം
തൊണ്ടകീറിയലറും
മണല്‍ തരികളെ വിറപ്പിച്ച്
ഇലത്തുമ്പുകളില്‍ വെള്ളിടി പായിച്ച്...

താന്‍താന്‍, അതിന്‍റെ ഭാവം
പിന്നെ മമതയും
മാമൂലുകള്‍ പൊട്ടിച്ചെറിഞ്ഞ്
വന്‍കരകള്‍ താണ്ടിക്കടന്ന്
അര്‍ത്ഥങ്ങളുടെ പുതുനോവും പേറി
ആകാശങ്ങള്‍ കീഴടക്കുകയാണ്‍
ഒരു 'സ്വത്വം'.

മേലാളരുള്ളിടത്ത്
കീഴാളന്‍റെ വളഞ്ഞ നട്ടെല്ലും
ഭൂരിപക്ഷമുള്ളിടത്ത്
ന്യൂനപക്ഷത്തിന്‍റെ സ്വാതന്ത്ര്യവും
മതങ്ങളുടെ പൂജാമുറികളില്‍
ജാതിയുടെ കുളിപ്പുരകളും
അതിര്‍ത്തികള്‍ കൊത്തിയെടുക്കാന്‍
മാമലകളും തിരകളും തോല്‍ക്കുമിടങ്ങളില്‍
ഭാഷ രാജശില്പിയകുന്നിടങ്ങളിലും
വര്‍ഗ്ഗ വിപ്ലവ കൊലക്കയര്‍ ചുഴറ്റി
വാള്‍ത്തലപ്പെത്ര വീശിയാലും
ചിരഞ്ജീവിയായൊരു വാക്കിന്
ശബ്ദകോശങ്ങളുടെ ശ്മശാനങ്ങളില്‍
അന്തിയുറങ്ങാനാവുകയേയില്ല.