5/23/08

രണ്ട് രഹസ്യങ്ങള്‍

*** പതിറ്റാണ്ടുകളായി പശ്ചിമ ബംഗാള്‍ അടക്കിവാഴുന്ന സി।പി।എം മുന്നണി ഏറ്റവും ഒടുവിലത്തെ പഞ്ജായത്ത് തിരഞ്ഞെടുപ്പില്‍, ജില്ലാ പരിഷത്തുകളില്‍ പതിനേഴണ്ണെത്തില്‍ പതിമൂന്നെണ്ണം നിലനിര്‍ത്തിയിട്ടും വാര്‍ത്ത പ്രാധാന്യം ലഭിക്കാതെ പോയതെന്തേ?

നന്ദിഗ്രാം ഉള്‍പ്പെട്ട പൂര്‍വ്വ മിഡ്നാപ്പൂര്‍ ജില്ലാ പരിഷത്തിലെ അമ്പത്തി മൂന്നില്‍ മുപ്പത്തി രണ്ട് സീറ്റും തൃണമൂല്‍ കോണ്‍ഗ്രസ്സ് പിടിച്ചെടുത്തത് ചില കാര്യങ്ങളിലേക്കുള്ള ചൂണ്ടുവിരലാണ്। കാരണം തൊട്ടു മുമ്പത്തെ തിരഞ്ഞെടുപ്പില്‍ തൃണമൂലിന്‍ ഇവിടെ കിട്ടിയത് വെറും രണ്ട് സീറ്റാണ്. സി പി എം ആര്‍ എസ് പി യും വോട്ടെടുപ്പെ ദിവസം പരസ്പരം ഏറ്റുമുട്ടിയതും കൂട്ടിവായിക്കണം. കോണ്‍ഗ്രസ്സിന്‍റെ കയ്യിലുണ്ടായിരുന്ന മുര്‍ഷിദാബാദ് സി പി എം കായിക ബലത്തിലൂടെ കൈയടക്കിയെങ്കിലും മുസ്ലിം സമ്മതിദായകര്‍ പൊതുവെ സി പി എം നെതിരാണെന്നാണ്‍ പഞ്ജായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചന.

മുതലാളിത്ത-കുത്തക അനുകൂല സാമ്പത്തിക നയങ്ങളും ഫാസിസ്റ്റ് സ്റ്റാലിനിസ്റ്റ് പെരുമാറ്റ ശൈലിയുംന്യൂനപക്ഷ വിമുഖമായ വികസന പദ്ധതികളും സി പി എമ്മിന്‍ ഭീഷണിയാവുകയാണോ? അതോ അളമുട്ടിയാല്‍ ചേരയും കടിക്കുമെന്ന മുന്നറിയിപ്പാണോ ബംഗാള്‍തിരഞ്ഞെടുപ്പ് ഫലങ്ങള്‍ രാജ്യത്തെ വലിയ ഇടതുപക്ഷ പാര്‍ട്ടിയെ ഓര്‍മ്മിപ്പിക്കുന്നത്?

*** ഒബാമ പ്രസിഡന്‍റെ മത്സരത്തിനും തുടര്‍ന്ന് അമെരിക്കന്‍ പ്രസിഡന്‍റുമാകാനുള്ള സാഹചര്യം ഒരുങ്ങി വരുന്നതിനിടയ്ക്ക് ഒരു ചെറിയ വികല ചിന്ത॥

ബാറാക് ഒബാമയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് പുതിയൊരു മാതൃകാ വ്യക്തിത്വത്തിന്‍റെ ആഗമനമായി വിലയിരുത്താന്‍ കഴിയുമോ? കറുത്ത വര്‍ഗ്ഗത്തിന്‍റെ അതിനേക്കാള്‍ ഉപരി യുവത്വത്തിന്‍റെ മൂര്‍ച്ചയുമായാണ്‍ ഒബാമയുടെ രംഗ പ്രവേശം। ഒബാമയുടെ അച്ഛന്‍ കെനിയക്കാരനായ മുസ്ലിം ആണ്‍ എന്നതും കെനിയന്‍ ആവേശവും കറുപ്പിന്‍റെയും ഇസ്ലാമിന്‍റെയും രക്തക്കറയും ബാക്കിയുണ്ടെന്ന തിരഞ്ഞെടുപ്പ് പ്രക്രിയക്ക് ഇടക്ക് പൊന്തി വന്ന പ്രചാരണം എന്തിന്‍റെ തുടക്കമാണ്? അല്ലെങ്കില്‍ എന്തിന്‍റെ അവസാനമാണ്?

ആദ്യമായി അധികാരം ലഭിക്കെ ജോര്‍ജ്ജ് ബുഷും ടോണി ബ്ലയറും താരതമ്യാന യുവാക്കളായിരുന്നു। പക്ഷെ അധികാരം ഇരുവരേയും വൃദ്ധന്മാരാക്കിയോ? മുന്‍ പ്രധാനമന്ത്രി പി.വി.നരസിംഹ റാവു, ഇപ്പോഴത്തെ റിപ്പബ്ലിക്കന്‍ നേതാവ്ജോണ്‍ മെക്കയിന്‍ എന്നിവരെപ്പോലുള്ള അനേകം നേതാക്കന്മാരെ ഓര്‍ത്തു കൊണ്ടാണെങ്കില്‍ അധികാരം വൃദ്ധരെ ഊര്‍ജ്സ്വലരാക്കുന്ന ഔഷധമാണോ? മറ്റേതൊരു അമേരിക്കന്‍ ഗവണ്മെന്‍റൈനേപ്പോലെ മാത്രമെ ഇതൊക്കെയാണെങ്കിലും ഒബാമ പ്രസിഡന്‍റെ ആവുകയാണെങ്കില്‍ പ്രവര്‍ത്തിക്കാനാവൂ എന്നത് ചരിത്രത്തിന്‍റെ ആവര്‍ത്തനം മാത്രമെ ആകൂ, ആവര്‍ത്തനങ്ങളാണ്‍ അമേരിക്ക.

ശത്രു നിഗ്രഹം കഴിഞ്ഞാല്‍ അധികാര വഴികളില്‍ നൃത്തം ചെയ്യാന്‍ പ്രേതത്തിന്‍റെ ചങ്ങാത്തവും ആവശ്യമാകും. അതും കറുത്ത കരങ്ങള്‍ക്കുള്ളിലമര്‍ന്ന വൈറ്റ് ഹൌസിന്‍ അലങ്കാരമാണ്.

5/21/08

പിഴക്കുന്ന ചര്‍ച്ചകള്‍

ജനകീയാസൂത്രണത്തിന്‍റെ ലക്ഷ്യം എന്തായിരുന്നാലും അതിന്‍റെ വിജയ ശതമാനക്കണക്ക് എത്രയായിരുന്നാലും എങ്ങിനെയായിരുന്നാലും അന്നത്തെ ഇടതു പക്ഷ ജനാധിപത്യ മുന്നണി ഗവണ്മെന്‍റെ നടപ്പാക്കിയ ഒരു രീതി മറ്റേതൊരു ഇന്ഡ്യന്‍ സംസ്ഥാനത്തിനും മാതൃകായായിരുന്നു എന്ന് വേണം പറയാന്‍। ഇടതു പക്ഷ മുന്നണിയില്‍ ചര്‍ച്ച ചെയ്ത അത്ര തന്നെ പ്രാധാന്യം അന്നത്തെ പ്രതിപക്ഷമായ ഐക്യജനാധിപത്യമുന്നണിയുമായും ചര്‍ച്ച ചെയ്യുന്നതിലും അത് നടപ്പാക്കുന്ന ക്രമീകരണത്തിലും കൈ കൊണ്ടു എന്നത് ഇന്നത്തെ സംസ്ഥാന ഗവണ്മെന്‍റിന്‍ സുഖമുള്ള ഒരു ഓര്‍മ്മ മാത്രമായിരിക്കും എന്നു വേണം കരുതാന്‍.

ജനകീയാസൂത്രണം പോലെ വ്യാപകവും സാര്‍വത്രികവുമായ ഒരു പദ്ധതി നടപ്പാക്കുന്നതില്‍ പ്രതിപക്ഷ പിന്തുണ വളരെയധികം പ്രാധാന്യം ഉള്ളതായിരുന്നു, അങ്ങനെ പ്രതിപക്ഷ പിന്തുണ അതിനില്ലായിരുന്നുവെങ്കില്‍ വളരെയധികം വിമര്‍ശനം നേരിടേണ്ടി വരുമായിരുന്നു, എന്ന് മാത്രമല്ല എല്‍।ഡി।ഏഫ് ഗവണ്മെന്‍റൈനു ശേഷം യു.ഡി.എഫ് ആണ്‍ അധികാരത്തില്‍ വരുന്നെതെങ്കില്‍ അവരും അത് ഏറ്റെടുത്ത് നടപ്പാക്കുമെന്ന് ജനങ്ങള്‍ക്കും മറ്റു ഗവണ്മെന്‍റെതര കേന്ത്രങ്ങള്‍ക്കും സന്ദേശം കൊടുക്കാന്‍ കഴിഞ്ഞതും ഉദ്ദേശിച്ച രീതില്‍ ധനസമാഹരണം നടത്താന്‍ കഴിഞ്ഞതും ചരിത്രമാണ്.

ഇത്രയും പറഞ്ഞു നിറുത്തുവാനുള്ള കാരണം ഓരു പക്ഷെ ജനകീയസൂത്രണത്തേക്കാള്‍ കേരളത്തിന്‍ അത്യാവശ്യമായി വന്നിരിക്കുന്ന ഒരു പദ്ധതിയാണ്‍ ഭക്ഷ്യാ സുരക്ഷാ പദ്ധതി। ജനകീയാസൂത്രണം നടത്തിയില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്നൊരു ചോദ്യം ഒരു പക്ഷെ ആരും സ്വയം ചോദിക്കും എന്ന് തോന്നുന്നില്ല. എന്നാല്‍ ഭക്ഷ്യ സുരക്ഷാ പദ്ധതി നടന്നില്ലെങ്കിലുള്ള നഷ്ടം ഭയാനകമായ വിപത്ത് ഓരോ മലയാളിയും കഴിഞ്ഞ മൂന്നു നാലു മാസമായി കണ്ട് ഞെട്ടിത്തുടങ്ങിയിരിക്കുന്നു. എന്നാല്‍ ഇത്രയും അതിപ്രധാനമായ ഒരു പദ്ധതിയുടെ പ്രാധമിക ചര്‍ച്ച ചെയ്യപ്പെടേണ്ട ഇടതുമുന്നണി ചര്‍ച്ച പരാജയപ്പെടുകയും പല തവണ മാറ്റിവെക്കപ്പെടുകയും ചെയ്തിരിക്കുന്നു എന്നത് ജനങ്ങളോടുള്ള വെല്ലു വിളിതന്നെയാണ്. ഇടതു മുന്നണിയില്‍ ഈ ചര്‍ച്ച പൂര്‍ണ്ണമായതിനു ശേഷം വേണം പ്രതിപക്ഷമടക്കമുള്ളവരുടേയും മറ്റ് ഏജന്‍സികളുടേയും കേന്ദ്ര ഗവണ്മെന്‍റിന്‍റെയും സഹകരണം ഉറപ്പു വരുത്തേണ്ടത്.

ഇടതുമുന്നണിയിലെ ചക്ലത്തിപ്പോരു മൂലം മുടങ്ങിക്കിടക്കുന്ന ഈ പദ്ധതി മറ്റു സംസ്ഥാനങ്ങള്‍ക്കു പോലും മാതൃകയാവേണ്ടതായിരുന്നു। ഒരു പക്ഷെ വൈകിയെങ്കിലും ഇതു നടപ്പായാലും നഷ്ടപ്പെട്ട ദിനങ്ങള്‍ നഷ്ടം തന്നെയാണ്. കുറെ ദിവസങ്ങള്‍ക്ക് ശേഷം ചര്‍ച്ച ചെയ്ത് പോരു പരിഹരിച്ചാല്‍ തന്നെ ഇത്രയും നീട്ടിക്കൊണ്ടു പോയ പദ്ധതിയുടെ ബലഹീനത പരിഹാര്യമാകാന്‍ മറ്റൊരു ശ്രമം കൂടിയേ തീരൂ. പ്രധാനപ്പെട്ട ഒരു കാര്യം അധികാര വടം വലിയാണ്‍ ഇതിനു പിന്നിലുള്ളതെന്നതാണ്. ആസൂത്രണ കമ്മീഷന്‍ മുന്നോട്ട് വെച്ച ഈ പദ്ധതിയുടെ ചെയര്‍മാന്‍ ആരാകും എന്നതാണ്‍ തര്‍ക്ക വിഷയമെങ്കിലും ഇപ്പോള്‍ അത് ധനം കണ്ടെത്തേണ്ടുന്ന വകുപ്പുകളുടെ എണ്ണത്തിന്‍റെയും അളവിന്‍റെയും നിലപാടുകളിലേക്ക് എത്തപ്പെട്ടിരിക്കുന്നു.


ആകെ ആവശ്യമുള്ളതിന്‍റെ പതിനഞ്ചു ശതമാനം മാത്രം ധാന്യം ഉല്‍പാതിപ്പിക്കപ്പെടുന്ന കേരളം പോലൊരു സംസ്ഥനത്തിന്‍ ഇങ്ങനെയൊരു പദ്ധതിയുടെ ആവശ്യകത ഏറെയാണ്। അതിന്‍ തുക മുടക്കേണ്ടത് അല്ലെങ്കില്‍ പദ്ധതി വിഹിതം കണ്ടെത്തേണ്ടതും കന്ദ്ര ഗവണ്മെന്‍റിന്‍റെ സഹായത്തോടെ സഹകരണത്തോടെ നടപ്പാക്കേണ്ടതും സംസ്ഥന ഗവണ്മെന്‍റെ തന്നെയാണ്. അത് കൃഷി വകുപ്പിന്‍റെ മാത്രം പണം മാത്രമെടുത്തോ അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് വകമാറ്റിയോ ധനകാര്യ വകുപ്പുകളില്‍ നിന്ന് പ്രത്യാകമായി അനുവദിച്ചോ ഇതു നടത്തുക തന്നെ വേണം. മുഖ്യമന്ത്രി ചെയര്‍മാനായാലും കൃഷിവകുപ്പ് മന്ത്രി ചെയര്‍മാനായാലും പദ്ധതി നടപ്പിലാക്കുക തന്നെ വേണം.

സര്‍ക്കാരിന്‍റെ അഭിമാനമാകേണ്ടിയിരുന്ന ഒരു പദ്ധതി സംസ്ഥാന സര്‍ക്കരിന്‍ അപമാനമാകുന്ന രീതിയിലേക്ക് വലിച്ചിഴച്ചു കൊണ്ട് പോയതിന്‍ മുഖ്യ മന്ത്രിക്കും മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കുമുള്ള സ്ഥാനം വളരെ വലുതാണ്. കണക്കുകളുടേയോ സ്ഥനമാനങ്ങളുടേയോ നിലവിളികളല്ല ഒരു ജനതക്കാവശ്യം, മറിച്ച്, അവരുടെ രോദങ്ങള്‍ കേള്‍ക്കുന്ന ഹൃദയമുള്ള ശരീരത്തിന്‍റെ കര്‍ണ്ണപടങ്ങളുള്ള കാതുകളാണ്, മായാ കാഴ്ച്ചകള്‍ മാത്രം കാണാത്ത കണ്ണുകളാണ്.

5/20/08

മിനിസ്റ്റര്‍ ഓഫ് ദി ഇയര്‍

മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന കേരള സര്‍ക്കാരിനെ വിലയിരുത്തുക എന്നത് അസാധ്യമായ ഒന്നല്ല, കാരണം ആര്‍ക്കും ലളിതമായി പറയാവുന്ന രീതിയിലാണ്‍ ഗവണ്മെന്‍റിന്‍റെ രണ്ടു വര്‍ഷത്തെ പ്രകടനം। എന്നാല്‍ മത്രിമാരെ അവരുടെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ വിലയിരുത്തുക അല്ലെങ്കില്‍ ആരാണ്‍ കേമന്‍ അല്ലെങ്കില്‍ ആരാണ്‍ പോഴന്‍ എന്ന് തിരഞ്ഞെടുക്കല്‍ ഓരു വിധത്തില്‍ പറഞ്ഞാല്‍ രസകരമാണെന്ന് തോന്നുന്നു।

ഈ കുറിപ്പിന്നാധാരവും ഈ ഒരു ചിന്ത എന്നതിനോടൊപ്പം മലായാളത്തിലെ രണ്ടു ചാനലുകള്‍ നടത്തിയ അഭിപ്രായ സര്‍വ്വെയെക്കുറിച്ച്, അതിനെ തൊട്ടു തീണ്ടാത്ത ചില ചിന്തകളുമാണ്।ആരാണ്‍ നല്ല മന്ത്രി? ആരാണ്‍ മോശം മന്ത്രി? നാം വോട്ട് ചെയ്യുന്നതിന്‍ മുമ്പ് അല്ലെങ്കില്‍ ഒരഭിപ്രായം പറയുന്നതിന്‍ മുമ്പ് ഈ അഭിപ്രായ വോട്ടെടുപ്പിന്‍റെ വിശ്വസ്ഥത എത്രയെന്നതും അതിന്‍ പൊതു സമൂഹത്തില്‍ അല്ലെങ്കില്‍ ഈ ഭരിക്കപ്പെടുന്നവര്‍ എത്ര വിലകൊടുക്കുന്നു, ഏതു തരത്തില്‍ വിലയിരുത്തുന്നു എന്നതും നല്ലൊരു ചിന്ത തന്നെയാണ്। അഭിപ്രായ സര്‍വ്വെ നടത്തുന്നവരുടെ ഉദ്ദേശ ശുദ്ധി, അഭിപ്രായ സര്‍വ്വെ നടത്തുന്നവരുടെ മുന്‍ നിലപാടുകളും രാഷ്ട്രീയമായ വീക്ഷ്ണവും വിചിന്തന വിധേയമാണ്।

സര്‍വ്വെയുടെ പിന്‍വാര്‍ത്തകള്‍ നില്‍ക്കട്ടെ। ഒരു സര്‍വ്വെയില്‍ നല്ല മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ജലവിഭവ വകുപ്പ് മന്ത്രി പ്രേംചന്ത്രനാണ്। മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ്, അല്ലാതെ എന്തു പറയാന്‍? പ്രേം ചന്ത്രനല്ലാതെ വേറെ ഏതു മന്ത്രിയെ നല്ല മന്ത്രിയായി തിരഞ്ഞെടുക്കും? കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട ഒരു ഗവണ്മെന്‍റില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ച്ചവെക്കാന്‍, സിനിമക്കാരുടെ ഭാഷയില്‍ അഭിനയ സാധ്യതയുള്ള റോളുകള്‍ ലഭിച്ചിട്ടും അത് നാക്കിട്ടടിക്കും പാര്‍ട്ടി പിടുത്തത്തിനും വേണ്ടി ചിലവഴിച്ച മന്ത്രി പുങ്കവന്മാര്‍ക്ക് നല്ലൊരു ചെകിട്ടടി തന്നെയാണ്। താരതമ്യാന വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞ് അന്തര്‍സംസ്ഥാന നദീ ജല തര്‍ക്കങ്ങളില്‍ നേരായ നിലയില്‍ മുന്നില്‍ നിന്നു നയിക്കുക മാത്രമായിരുന്നില്ല നല്ല കാര്യക്ഷമമായ ഭരണവും(തമ്മില്‍ ഭേദം) കാഴ്ച്ചവെക്കുന്നതില്‍ അദ്ദേഹം ശ്രദ്ധാലുവുമായിരുന്നു എന്ന് വേണം നിക്ഷ്പക്ഷമായ രീതിയില്‍ ചിന്തിക്കാന്‍।

മറ്റൊരു സര്‍വ്വെ ഏറ്റവും മോശം മന്ത്രിയെ തിരഞ്ഞെടുത്തത് മന്ത്രി ബേബിയെയാണ്। നല്ല മന്ത്രിയെ തിരഞ്ഞെടുക്കുന്നതും മോശം മന്ത്രിയെ തിരഞ്ഞെടുക്കുന്നതും ഒരേ രീതി തന്നെയാണ്। രീതിയുടെ പേര്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയിട്ടൂ എന്നേയുള്ളൂ। കാരണം നല്ല മന്ത്രിയെ തിരഞ്ഞെടുക്കുന്നതില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടുന്നയാള്‍ നല്ല മന്ത്രിയും ഏറ്റവും കുറവു മാര്‍ക്ക് കിട്ടുന്നയാള്‍ മോശം മന്ത്രിയുമാണല്ലോ? അത് നേരെ തിരിച്ചാണ്‍ മോശം മന്ത്രിയെ തിരഞ്ഞെടുക്കുന്ന രീതി എന്നതേ വ്യത്യാസമുള്ളൂ। ബേബിയുടെ പ്രകടനം മെച്ചമായിരുന്നു എന്ന് കേരളത്തിലെ ഒരു ബേബിയും പറയില്ല, കാരണം അത്രക്കു അശാന്തിയാണ്‍ വിദ്യാഭ്യാസ മേഘലയില്‍ അദ്ദേഹം ഉണ്ടാക്കിയിട്ടുള്ളത്. ഒരു പക്ഷെ അദ്ദേഹം നല്ല ഉദ്ദേശത്തോടെ കൊണ്ടു വന്ന പല നിയമങ്ങളും കാര്യപരിപാടികളും നല്ല വിശകലനത്തിനു വിധേയമാകാതിരുന്നതിലൂടെ, നല്ല പഠനം നടക്കാതിരുന്നതിലൂടെ നല്ല ചര്‍ച്ചകള്‍ നടക്കാതിരുന്നതിലൂടെ കോടതി വരാന്തകളില്‍ തല തല്ലിത്തകരുകയായിരുന്നു, ഇത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍, രക്ഷിതാക്കള്‍ക്കിടയില്‍, പൊതു സമൂഹത്തിനിടയില്‍ അദ്ദേഹത്തിനുണ്ടാക്കിയ പ്രതിച്ഛായ ഇതെല്ലാതെ വേറെ എന്താണ്?. ഇക്കാര്യത്തില്‍ അദ്ദേഹത്തോട് അല്‍പമെങ്കിലും മത്സരത്തിനുണ്ടാവുക മന്ത്രി ശ്രീമതിയായിരുന്നിരിക്കും.

ഒരു നല്ല മന്ത്രി ഉണ്ടാകുന്നതിലൂടെ ഒരു പഞ്ചായത്ത് പോലും നന്നാകും എന്ന് തോന്നുന്നില്ല, എന്നാല്‍ ഒരു മോശം മന്ത്രി ഉണ്ടാകുന്നതിലൂടെ എല്ലാ പഞ്ചായത്തുകളുടേയും നടപടികളെ ബാധിച്ചേക്കാം. വിലയിരുത്തലുകളുടെ അടിസ്ഥാനം എന്തൊക്കെയായാലും ചാനലുകള്‍ നടത്തിയ സര്‍വ്വെ പൊതുജനാഭിപ്രായത്തിനു മുഴുവനായും വിരുദ്ദമല്ല എന്നതും അറുപതു ശതമാനത്തിലേറെ പേര്‍ അംഗീകരിക്കുന്നതാകയാലും സര്‍ക്കാരിനു ഇത് ശ്രദ്ധിക്കതിരുന്നുകൂടാ. കാരണം ഇനിയും സമയമുണ്ട്, നന്നാവാനും നന്നാക്കാനും. അതിന്‍റെ ഗുണം ഈ സര്‍ക്കാരിനു മാത്രമല്ല ഇന്നാട്ടിലെ പാവപ്പെട്ട ജനങ്ങള്‍ക്കു കൂടിയുള്ളതാണ്.