സി।പി।എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ബാല്യകാലത്ത് ജീവിച്ച മ്യാന്‍മാറില്‍ സഞ്ചരിച്ചുവരുന്ന മധുനായര്‍ ന്യൂയോര്‍ക്ക്, ചൈനയുടെ ഒത്താശയോടെ പാവപ്പെട്ട ആ രാജ്യത്തെ പട്ടാളഭരണകൂടം നടത്തിവരുന്ന കിരാത നടപടികളെക്കുറിച്ച് വികാരവായ്പ്പോടെ എഴുതുന്നു വീക്ഷണത്തില്‍॥
സഖാവേ,
താങ്കള്‍ പിറന്നുവീണ ഭൂമിയില്‍ ഈയിടെ ഞാനെത്തി। പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ പൂര്‍വ്വികരെത്തേടി മ്യാന്‍മാറില്‍ അദ്ദേഹത്തോടൊപ്പം പത്തോളംദിനങ്ങള്‍ ഞാനലഞ്ഞുനടന്നു। ഏതൊരുനാട്ടിലെത്തിയാലും മലയാളി എവിടെയുണ്ടെന്നാരായുന്നത് ഈ ലേഖകന്റെ ശീലമാണ്. ആദ്യപടി ടെലിഫോണ്‍ ഡയറക്ടറി പരതലാണ്. തകര്‍ന്നടിഞ്ഞ സോവിയറ്റ് യൂണിയനില്‍ ടെലിഫോണ്‍ ഡയറക്ടറി സമ്പ്രദായം ഇല്ലായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. മ്യാന്‍മാറില്‍ ടെലിഫോണ്‍ സമ്പ്രദായം ഇന്ത്യയിലെ കാല്‍നൂറ്റാണ്ട് മുമ്പുണ്ടായിരുന്നതിനേക്കാളും പരിതാപകരം. ജനതയാകെ സൂക്ഷ്മനിരീക്ഷണത്തില്‍ നിറുത്തിയിരിക്കുന്ന പട്ടാളഭരണം ടെലിഫോണ്‍ ഡയറക്ടറി ഇറക്കാത്തതില്‍ അതിശയമൊന്നുമില്ല. അങ്ങനെയൊന്നുണ്ടായിരുന്നെങ്കില്‍ നായരേയും പിള്ളയേയും മേനോനേയും കുട്ടിയേയും കുര്യാക്കോസിനേയും കണ്ടുപിടിക്കുക അനായാസമാകുമായിരുന്നു. മ്യാന്‍മാറില്‍ ഒരു മലയാളിയെത്തേടിയുള്ള അലച്ചിലിന്റെ അവസാനം എനിക്കൊരുസത്യം ബോധ്യമായി.
ലോകത്തിലാദ്യമായിട്ടായിരിക്കാം ഒരു പ്രവാസലോകത്ത് മലയാളി അന്യംനിന്നിരിക്കുന്നു। യോംഗോണില്‍ അറുപതുകൊല്ലമായി ഹോട്ടല്‍ നടത്തിവന്നിരുന്ന ശ്രീധരന്‍ നായര്‍ നാട്ടിലേക്ക് മടങ്ങാന്‍ ഭാണ്ഡം മുറുക്കിക്കൊണ്ടിരിക്കുകയാണ്।സഖാവേ, യോംഗോണിലെ യുദ്ധസ്മാരകസെമിത്തേരിയില്‍ 27000 സൈനികരെ അടക്കംചെയ്തിരിക്കുന്നതില്‍ പതിനായിരത്തോളം ഇന്ത്യാക്കാരുണ്ടെന്നുള്ളത് താങ്കള്‍ക്ക് വാര്‍ത്തയായിരിക്കുകയില്ലല്ലോ? അവിടെ മാധവന്‍പിള്ളയും ശങ്കരന്‍നായരും യേശുദാസന്‍നാടാരും സുഖനിദ്രയിലാണ്ടിരിക്കുന്ന ശവകുടീരങ്ങള്‍കണ്ട് വിപ്ലവങ്ങളുടെ ദുഃഖസത്യങ്ങള്‍ ഓര്‍മ്മവന്നു. പ്രധാനമന്ത്രിയടക്കം മുഴുവന്‍ ക്യാബിനറ്റ് അംഗങ്ങളേയും ഒറ്റയടിക്ക് കൂട്ടക്കൊല ചെയ്ത രക്തപങ്കിലചരിത്രമാണല്ലോ മ്യാന്‍മാറിന്റേത്. അരനൂറ്റാണ്ടിലധികം അധികാരം കൈയാളുന്ന പട്ടാളക്കാര്‍ കുറേക്കാലം സ്റ്റാലിന്‍പോലും സ്വപ്നംകാണാത്തവിധമുള്ള സോഷ്യലിസ്റ്റ് ഭരണവും പരീക്ഷിച്ചു.
ലക്ഷപ്രഭുക്കളായിരുന്ന ഇന്ത്യാക്കാരുടെ സ്ഥാവരജംഗമസ്വത്തുക്കളെല്ലാം കണ്ടുകെട്ടി അവരെ പിച്ചക്കാരാക്കി ഇന്ത്യയിലേക്ക് തുരത്തിഓടിച്ചു। അന്നും ഈ ഭാരതപുത്രരെ രക്ഷിക്കുവാന്‍ അധികാരത്തിലിരുന്ന ഇന്ത്യന്‍സര്‍ക്കാര്‍ കൈവിരലനക്കിയില്ലായെന്നതും മറക്കാവുന്നതല്ല. ഇന്ത്യന്‍ വിദേശനയരൂപീകരണബാബുമാര്‍ക്ക് പാക്കിസ്ഥാന്‍ ഫോബിയ മാത്രമാണല്ലോ അന്നും ഇന്നും മാനദണ്ഡങ്ങള്‍. മ്യാന്‍മാറുമായി നല്ല സൗഹൃദം ഇന്ത്യ ഇന്നും പുലര്‍ത്തുന്നു. കിരാതഭരണത്തിന്റെ അതിക്രൂരമനുഷ്യാവകാശ ധ്വംസനങ്ങള്‍ കക്ഷിഭേദമെന്യേ അധികാരത്തില്‍വന്ന സര്‍ക്കാരുകള്‍ കണ്ടില്ലായെന്നു നടിക്കുന്നു.മ്യാന്‍മാര്‍ ജനതയുടെ മോചനസമരങ്ങളുടെ സിംബലായ ആങ്ങ്സാന്‍ സൂകീ പതിറ്റാണ്ടുകളായി തടവറയില്‍ക്കഴിയുന്നു. ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യസമരപോരാളികള്‍ ലോകംചുറ്റിയിരുന്നത് ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ചാണ്. സ്വാതന്ത്ര്യം കാംക്ഷിക്കുന്ന ജനതയോട് കൈകോര്‍ത്തുപിടിച്ചു മുന്നേറിയ നെഹ്‌റുനയങ്ങള്‍ അന്യംനിന്നതാവാം സൂക്കിയുടെ കാരാഗൃഹവാസം ഇന്ത്യാ ഗവണ്‍മെന്റിനെ അസ്വസ്ഥയാക്കാത്തത്.
യു।പി।എ സര്‍ക്കാരിനെ താങ്ങിനിറുത്തിയകാലത്തും ഇടതുകക്ഷികളുടെ അജന്‍ഡയില്‍ മ്യാന്‍മാര്‍ജനതയുടെ മോചനം ഉള്‍ക്കൊണ്ടില്ല. സഖാവേ, താങ്കള്‍ മ്യാന്‍മാര്‍ നാലഞ്ചുകൊല്ലങ്ങള്‍ക്കുമുമ്പ് സന്ദര്‍ശിക്കുകയും ബാല്യകാലസ്മരണകള്‍ അയവിറക്കുകയും ചെയ്തതായി വായിച്ചതോര്‍ക്കുന്നു. താങ്കള്‍പോലും ഈ നാടിന്റെ ഗതിയില്‍ എന്തേ ഇത്ര നിസ്സംഗനായി? മ്യാന്‍മാറിലെ പട്ടാളഭരണത്തിന്റെ നിലനില്‍പ്പ് ഒരൊറ്റരാഷ്ട്രത്തിന്റെ പിന്‍ബലത്തിലാണെന്ന് ഈ ലേഖകന്‍ മനസ്സിലാക്കുന്നു. താങ്കളുടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഊഷ്മള ബന്ധമുള്ള ചൈനയുടെ ഉപഗ്രഹം പോലെ മ്യാന്‍മാര്‍ ഇന്നുവര്‍ത്തിക്കുന്നു. ഇന്തോ-യു.എസ് ആണവക്കരാറിന്റെ അപകടങ്ങള്‍ ഹൃത്തിലേറ്റി, യു.പി.എ സര്‍ക്കാരിനുള്ള പിന്തുണപോലും താങ്കള്‍ പിന്‍വലിച്ചതില്‍ ചൈനയ്ക്കുണ്ടായ ആനന്ദം പരസ്യമാണല്ലോ. ചൈനയുടെ കോടികള്‍ താങ്കളുടെ പാര്‍ട്ടിഓഫീസിലേയ്ക്കൊഴുകിയെന്ന കിംവദന്തിപോലും അന്നുണ്ടായി.
താങ്കള്‍ക്ക് നല്ലപിടിപാടുള്ള ചൈനീസ് നേതാക്കളോട് എന്തേ മ്യാന്‍മാറിനെ രക്ഷിക്കുവാന്‍ അപേക്ഷിച്ചു കൂടാ? മ്യാന്‍മാര്‍ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ളൊരു സ്വതന്ത്രരാഷ്ട്രമാണ്। കുറേ പട്ടാളക്കാരും അവരുടെ സില്‍ബന്തികളും ഒരുനാടിനെ കൊള്ളയടിച്ച് കുട്ടിച്ചോറാക്കിയിരിക്കുന്നതില്‍ താങ്കളുടെ വിപ്ലവപാര്‍ട്ടിക്ക് ഒന്നും പറയാനില്ലേ?സഖാവേ, ചൈനാനേതാക്കളോട് മിനിമം ചൈനീസ് വ്യവസ്ഥിതിയെങ്കിലും മ്യാന്‍മാറില്‍ നടപ്പിലാക്കുവാന്‍ അപേക്ഷിക്കൂ। മാന്‍ണ്ടലേ നഗരത്തില്‍ എന്നേയുംകയറ്റി പ്രാകൃതസൈക്കിള്‍റിക്ഷവലിച്ച ടൂവിന്റെ ദയനീയ അപേക്ഷയാണിത്. അയാളുടെ അറുപതുകഴിഞ്ഞ പിതാവും ഇന്നും ഈ ജോലിചെയ്യുന്നുവെന്നും പറഞ്ഞു. മനുഷ്യാവകാശ ധ്വംസനങ്ങളുടെ കേളീരംഗമാണെങ്കിലും ഷാങ്ങ് ഹായ് തെരുവുകളില്‍ റിക്ഷാവലിക്കുന്നവര്‍ ഇല്ലായെന്നറിയുന്നു. മധുരമനോഹരമനോഞ്ജ ചൈനയുടെ ഭാഗമാക്കിയെങ്കിലും മ്യാന്‍മാറിനെ രക്ഷിക്കൂ.
ആശംസകളോടെ, മധുനായര്‍
7/22/09
സഖാവേ,
Posted by കടത്തുകാരന്‍/kadathukaaran at 4:17 AM
Subscribe to:
Post Comments (Atom)
5 Comments:
ക്യൂബയ്ക്ക് വിശക്കുമ്പോള്‍ ബക്കറ്റ് തൂക്കുന്നവര്‍ക്ക് മ്യാന്‍മര്‍ ജനതയുടെ ദുരിതങ്ങള്‍ പ്രശ്നമല്ല. കാരണം ചൈനയുടെ ഒത്താശയോടെയാണല്ലൊ അവിടെ ജനാധിപത്യധ്വംസനം നടക്കുന്നത്. ഇവിടെ മുസ്ലീംങ്ങളുടെ വോട്ട് കിട്ടാന്‍ വേണ്ടിയാണ് പലസ്തീന്‍,ഇറാക്ക്,ഇറാന്‍ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടാറുള്ളത്. കമ്മ്യൂണിസ്റ്റ്കാര്‍ക്ക് അവരുടെ പാര്‍ട്ടി മാത്രമാണ് പ്രശ്നം.
കമ്യൂണിസ്റ്റുകാരന് പാര്‍ട്ടി തന്നെയാണ് മുഖ്യം. കാരണം അത് അധ്വാനിക്കുന്നവരുടെ പാര്‍ട്ടിയാണ്. ബ്ലോഗെഴുതുന്ന വെള്ളക്കോളറുകാരന് അത് മനസ്സിലാകണമെന്നില്ല, അല്ല, മനസ്സിലാകില്ല.
“പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ പൂര്‍വ്വികരെത്തേടി മ്യാന്‍മാറില്‍ അദ്ദേഹത്തോടൊപ്പം പത്തോളംദിനങ്ങള്‍ ഞാനലഞ്ഞുനടന്നു“
Punathil or U A Khader? Guess it's a mistake from your side, not from Madhu Nair.
Also, his impression about the tel system in Myanmar is not very true. It has a very modernised tel network.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അദ്ധ്വാനികുന്നവരുടെ പാര്‍ട്ടിയാണെന്ന് പറയാന്‍ എളുപ്പമാണ്, കാരണം അത് പറയാന്‍ മാത്രം യാതൊരു അദ്ധ്വാനവും ആവശ്യമില്ല എന്നതു തന്നെ. പാര്‍ട്ടിയാണ്‍ കമ്മ്യൂണിസ്റ്റ്കാരന്‍ വലുത് എന്ന് മനസ്സിലായി, അതു തന്നെയാണ്‍ ഈ പോസ്റ്റ് ചോദിക്കുന്ന ചോദ്യവും. ജനങ്ങള്‍ക്ക് എവിടേയാണ്‍ സ്ഥാനം ഒരു കമ്മ്യൂണിസ്റ്റ്കാരന്‍റെ പരിസരത്ത്. പാര്‍ട്ടി ജനങ്ങള്‍ക്ക് വേണ്ടിയാകണം പാര്‍ട്ടിയാണ്‍ വലുത് എന്ന് കരുതി പോകുമ്പോഴാണ്‍ പിന്നിലെ ശ്യൂന്യത ബുദ്ധിയുള്ളവന്‍ മനസ്സിലാവുക, അല്ലാത്തവന്‍ ആ ആലും ഒരു തണലാണ്. ബ്ലോഗെഴുതുന്നവനൊക്കെ വെള്ളക്കോളറുകാരനാണെന്ന് ധാരണ എത്രയോ മണ്ടത്തരമാണ്‍ സുഹൃത്തേ.. ഞാനെന്‍റെ കൃഷിയിടത്തില്‍ നിന്ന് വന്നിട്ടുള്ള സമയത്താണ്‍ ഈ ബ്ലോഗിന്‍ മറുപടിയെഴുതുന്നത്, ഞാന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനല്ല, ജനഹിതമറിയാത്ത ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു വിമര്‍ശകന്‍ കൂടിയാണ്, എന്നാല്‍ കമ്മ്യൂണിസ്റ്റ്കാരനായ താങ്കളുടെ സ്ഥിതി താങ്കള്‍ തന്നെ മനസ്സിലാക്കുക, അതുകൊണ്ട് താങ്കളുടെ കയ്യിലുള്ള അളവുകോല്‍ വെച്ച് മറ്റുള്ളവരെ അളക്കാന്‍ ശ്രമികാതിരിക്കുക. ഒരാളെ മനസ്സിലാകാന്‍ അവന്‍റെ സുഹൃത്തിനെ അറിഞ്ഞാല്‍ മതി എന്ന വാചകം നീതി പുലര്‍ത്തുമെങ്കില്‍ ലിസ്സ് ചാകോയും മാര്‍ട്ടിനും ഫാരിസും മണിച്ചനും കൊടിയേരിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അദ്ധ്വാനം ഏറെ വിളിച്ച് പറയുന്നുണ്ട്. ഇനിയും ജനങ്ങളെ മണ്ടന്മാരാക്കാം എന്ന് കരുതരുത്, അത് നഷ്ടങ്ങളുടെ ആഴം വര്‍ദ്ധിപ്പികും. നഷ്ടപ്പെടാന്‍ ഇന്ന് കമ്മ്യൂണിസ്റ്റ്കാരന്‍ ഏറെയുണ്ട്, അതെ, കമ്മ്യൂണിസ്റ്റ്കാരനേ അതുള്ളൂ...
ജി വി ചൂണ്ടിക്കാണിച്ച തെറ്റ് പിന്നീട് തിരുത്തുന്നതാണ്, തെറ്റ് ചൂണ്ടിക്കാണിച്ചതിന്‍ നന്ദി.
Post a Comment