7/7/13

മഴ

നിനക്കാരാണ് മഴയെന്ന്  പേരിട്ടത്?
ചിലപ്പോൾ എന്നിലേക്ക്  പെയ്ത്
ചിലപ്പോൾ  എന്നിൽ നിന്ന് പെയ്ത്
ആകാശത്തിൽ എനിക്കൊരിടം തന്നത്
ഭൂമിയിൽ എനിക്ക് വേരോട്ടം തന്നത്...
നീ ഒരേയൊരു മഴയായിരുന്നിട്ടും
ഓരോരുത്തർക്കും ഓരോ മഴയായിരുന്നു
ഓരോ തുള്ളിയിലും എത്ര മാന്ത്രികത
നനഞ്ഞിരിക്കാൻ പിന്നെ കുതിരാൻ
ഒലിച്ചിറങ്ങാൻ  പിന്നെ കുളിരാൻ
തോർന്നിരിക്കാൻ പിന്നെ ഉണങ്ങാൻ
നീ പിന്നെയും പെയ്യുന്നുവെന്നിൽ...
നിന്റെ നിറം പച്ചയാണെന്നാദ്യം
പച്ചിലകൾ നിന്നെ കവർന്നപ്പോൾ,
കറുപ്പായിരുന്നു നിന്റെ നിറമെന്ന്
രാത്രി നിന്നു  പെയ്തപ്പോൾ,
വെളുപ്പാണ് നിനക്കഴക് ചിലപ്പോൾ
കാറ്റിലുലയാത്ത വേനൽ മഴയിൽ,
പിന്നെ മഞ്ഞുപാട പോലെ വയൽമഴ...
തോർന്നാലും മരപ്പെയ്ത്തായ്‌ നിൽക്കണം
എന്റെ പ്രണയത്തിൽ എന്റെ വിരഹത്തിൽ 
ഓരോന്നിലും നിന്നെ തൊട്ടുവെക്കാൻ...
നിനക്കാരും മഴയെന്നു പേരിട്ടതല്ല
നീ തന്നെ തല്ലിയലച്ചു പറഞ്ഞതാണ്
നിന്റെ പേര് മഴയാണെന്നു,
അല്ലെങ്കിൽ തന്നെ മഴയെന്നെല്ലാതെ
നിന്നെ ഞാനെന്തു വിളിക്കും....?

0 Comments: