9/23/09

വിയര്‍പ്പിന്‍റെ തിളക്കം..

സ്വന്തം നാട്ടിലായിരുന്നിട്ടുപോലും ലോകാത്ഭുതമായിട്ടും താജ്മഹല്‍ ഇതുവരെ കാണാതിരുന്നതിന്‍റെ നഷ്ടം ഈജിപ്തുകാരനായ കൂടെ ജോലിച്ചുന്നയാള്‍ കഴിഞ്ഞ മാസം താജ്മഹല്‍ സന്ദര്‍ശിച്ചു വന്നതിനു ശേഷമുള്ള വിവരണങ്ങളില്‍ അനുഭവിക്കുകയായിരുന്നു. കണ്ണുകള്‍ക്കാനന്ദം പകര്‍ന്ന് മനസ്സിനു ശാന്തി നല്‍കി പ്രണയത്തിന്‍റെ സൌധം ഒരു കവിത പോലെയാണെന്നാണ്‍ അയ്യുബ് ബിന്‍ അസ്ക്കരിയുടെ പക്ഷം. ഈജിപ്തിലെ പിരമിഡുകള്‍ പോലെയല്ല താജ്മഹല്‍ എന്നും പിരമിഡുകളേക്കാള്‍ നയന മനോഹരമാണ്‍ താജെന്നും, താജിന്‍റെ അന്തരീക്ഷം നല്‍കുന്ന ഒരു പ്രത്യേക സുഖം വളരേയധികം യാത്ര ചെയ്തീട്ടുള്ള അയ്യൂബ് അസ്ക്കരിക്ക് മറ്റൊരിടത്തു നിന്നും കിട്ടിയിട്ടില്ലെന്നദ്ധേഹം പറഞ്ഞപ്പോള്‍ കണ്ടില്ലെങ്കിലെന്താ താജ് എന്‍റെ നാട്ടിലെല്ലെ എന്നഭാവമായിരുന്നു എനിക്കെങ്കിലും ഉറച്ചിരുന്നു ഞാന്‍ അടുത്ത വട്ടം നാട്ടിലെത്തുമ്പോള്‍ താജിന്‍റെ പ്രണയം, ശാന്തി, മനോഹാരിത എല്ലാം വേണ്ടുവോളം നുണയുമെന്ന്.

ഈ കുറിപ്പിനാധാരം ഒരിക്കലും താജിന്‍റെ രൂപഭംഗിയല്ല, പ്രണയമല്ല, നല്ല കാലാവസ്ഥയുമല്ല, താജിന്‍റെ നിര്‍മ്മിതിയും ഈജിപ്തിലെ പിരമിഡുകളുടെ നിര്‍മ്മിതിയും ബന്ധപ്പെടുത്തിയുള്ള അടിമത്തത്തെക്കുറിച്ചുള്ള അയ്യൂബിന്‍റെ ദിവസങ്ങളോളം നീണ്ടുനിന്ന നിരാശയോടെയുള്ള വാചാലതയായിരുന്നു. കെയ്റോ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദമെടുത്തിട്ടുള്ള അയ്യുബ് ഒരിക്കലും ഒരു ചരിത്ര വിദ്യാര്‍ത്ഥിയായിരുന്നില്ലെങ്കിലും യാത്രകളില്‍ ഏറെ താത്പര്യമുള്ള അയ്യൂബ്, തീരെ ചരിത്ര ബോദമില്ലാത്ത എന്‍റെ അടുത്ത് ഒരു ചരിത്ര പുസ്തകം തന്നെയായിരുന്നു.

എ ഡി 650നും 1900നും ഇടക്കുള്ള ഒട്ടുമുക്കാല്‍ അടിമത്തത്തിന്‍റെ ലോക ചരിത്രം കുറഞ്ഞ രീതിയില്‍ കുറഞ്ഞ ദിവസം കൊണ്ട് ഞാന്‍ പഠിക്കാന്‍ തുടങ്ങുകയായിരുന്നു. തീര്‍ച്ചയായും അതിന്‍റെ ബെയ്‌സ് ചരിത്രങ്ങളുടെ ശേഷിപ്പുകളായ നിര്‍മ്മിതികള്‍ തന്നെയായിരുന്നു. പുരാതന ഈജിപ്ഷ്യന്‍ പുരാതന ഗ്രീസ്, അസീറിയ, റോമന്‍ ഭരണം എന്നിവയിലെല്ലാം ഒരു സംസ്കാരം എന്ന വണ്ണം അടിമത്തം നീതീകരിച്ചു പോന്നത് ആധുനിക യുഗത്തില്‍ നമുക്കൊക്കെ അന്യമാണെങ്കിലും ആഫ്രിക്കയടക്കമുള്ള പലഭാഗങ്ങളിലെന്ന പോലെ ലോകത്തിന്‍റെ പലയിടങ്ങളിലിന്നും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ തുടരുന്നു എന്ന അറിവ് പോലും ഭയപ്പെടുത്തുന്നതാണ്.

മറ്റേതു ചരിത്ര രേഖകളേക്കാള്‍ ചരിത്ര രേഖകളായിട്ടല്ലെങ്കിലും ബൈബിള്‍, ഇസ്ലാമിക ചരിത്രം എന്നിവ ഏറെ വിശ്വസനീയമാണെന്ന് അയ്യൂബിന്‍റെ അഭിപ്രായം. 1900നു മുമ്പുള്ള കാലഘട്ടങ്ങളിലെ ഏതാണ്ട് മുക്കാല്‍ ശതമാനം ജനങ്ങളും ഏതെങ്കിലും തരത്തില്‍ നേരിട്ടുള്ള അടിമത്തം അനുഭവിച്ചവരാണെന്ന് ചരിത്ര രേഖകള്‍ പറയുന്നു. അമേരിക്കന്‍ അടിമത്തം ആഫ്രിക്കന്‍ അടിമത്തം അറബ് അടിമത്തം യൂറോപ്യന്‍ അടിമത്തം എന്നീ കുപ്രസിദ്ധ അടിമത്തങ്ങളുടെ വ്യാപ്തി അതിന്‍റെ വന്‍ കരകള്‍ കടന്നുള്ള വ്യാപനവും കൈമാറ്റവും കൂടി അറിയുമ്പോഴാണ്. അടിമക്കച്ചവടം അടിമ സമൂഹം എന്നിവയെല്ലാം അക്കാലങ്ങളില്‍ വന്നിട്ടുള്ള പല മതങ്ങളുടേയും തളര്‍ച്ചക്കും വളര്‍ച്ചക്കും ഹേതുവായേന്നതും യാഥാര്‍ത്ഥ്യമാണെന്നിരിക്കെ, പല മതങ്ങളും അടിമത്ത വ്യ്വസ്ഥിതിയോട് നേരിട്ട് ഏറ്റുമുട്ടിയില്ലെങ്കിലും അടിമകള്‍ക്ക് ശോഭനമായ ഭാവി വാഗ്ദത്തം നല്‍കിയതും മറഞ്ഞും തെളിഞ്ഞും ഈ മതങ്ങള്‍ അടിമകളുടെ മോചനത്തിന്‍ ആവേശം പകര്‍ന്നിരുന്നു എന്നുവേണം കരുതാന്‍. മതങ്ങള്‍ അവയുടെ വളര്‍ച്ച പൂര്‍ണ്ണതയില്‍ എത്തുന്നതോടെ അടിമത്തം ദൈവകോപമാണെന്ന കാഴ്ച്ചപ്പാടില്‍ എത്തപ്പെട്ടിരുന്നത് ആധുനിക യുഗത്തില്‍ അടിമത്തം നിയമം മൂലം നിരോധിക്കും മുമ്പേ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിരുന്നു എന്ന് മനസ്സിലാകുന്നു.

ആദ്യകാലങ്ങളില്‍ നാട്ടുരാജ്യങ്ങള്‍ തമ്മില്‍, സാമ്രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ സാധാരണമായിരുന്നതും അടിമത്തത്തിന്‍ ചെല്ലും ചിലവുമായി എന്നു വേണം കരുതാന്‍, കാരണം ഓരോ യുദ്ധങ്ങളും ഓരോ സമൂഹത്തേയും അടിമകളാക്കുകയും അപൂര്‍വ്വം സമയങ്ങളില്‍ അടിമത്തത്തില്‍ നിന്നുള്ള രക്ഷ പ്രാപിക്കലുമായിരുന്നു. പ്രവാചകന്‍ മൂസ(മോശ) യുടെ നേതൃത്തത്തിലായിരുന്നു അടിമത്തത്തിനെതിരേയുള്ള ആദ്യ് വിപ്ലവം നടന്നെതെന്ന് ലഭ്യമായ രേഖകള്‍ പറയുന്നു. ഫ്രഞ്ച് വിപ്ലവം, 1807 ലെ ബ്രിട്ടീഷ് പാര്‍ലമെന്‍ര്‍ ആക്ട് തുടങ്ങി ഓരോ രാജ്യത്തും വ്യത്യസ്ത ഭരണങ്ങളില്‍ വ്യ്ത്യസ്ത കാലങ്ങളില്‍ നടന്ന സമരങ്ങളും നിയമ നടപടികളും ചരിത്രത്തിന്‍റെ ഭാഗമായികഴിഞ്ഞു.

December 10 1948 United nations general assembly ‘universal declaration of human rights article for states, no one shall be held in slavery or servitude; slavery and the slave trade shall be prohibited in all their forms….

അടിമ നിസ്സാരനാണ്, ഉപ്പും അരിയും പോലെ ചന്തയിലും കടകളിലും വില്‍കപ്പെടുന്നവന്‍. രാപ്പകലുകള്‍ ഭേദമില്ലാതെ പണിയെടുക്കാനായി പിറന്നവന്‍, സമ്പാദ്യമായി ശരീരമാസകലം ചാട്ടവാറടിയുടെ പാടുകളും മുഖത്ത് ചുട്ടുപഴുപ്പിച്ച ഇരുമ്പുകോലുകളുണ്ടാകിയ കാളിമയും മാത്രമുണ്ടാകിയവന്‍. അവന്‍റെ നടത്തവും ഇരുത്തവും കിടപ്പും മാത്രമല്ല വിചാര വികാരങ്ങളുള്‍പ്പടെ എല്ലാം നിയന്ത്രിക്കപ്പെട്ടവന്‍, യജമാനന്‍ മറ്റാര്‍ക്കോ അതിനെല്ലാം വിലനല്‍കിയിട്ടുണ്ടത്രെ.

ആരാണ്‍ അടിമ? ചരിത്രത്തിന്‍ ചിരപരിചിതന്‍, കാരണം ചരിത്രം രചിച്ചതാരുമാകട്ടെ ചരിത്രം നിര്‍മിച്ചത് അടിമയാണ്. സംസ്കാര നാഗരികതകള്‍ വിളംബരം ചെയ്യുന്നത് അവന്‍റെ കരവിരുതിന്‍റെ കഥകളാണ്. ലോകാത്ഭുതങ്ങളിലധികവും അവന്‍റെ ചോരപ്പാടുകള്‍ പതിഞ്ഞവയാണ്. അടിമയുടെ ഗദ്ഗദങ്ങളും ചുടുനിശ്വാസങ്ങളും തപ്തവികാരങ്ങളും തളം കെട്ടി നില്‍ക്കാത്ത ഉത്തുംഗസൌധങ്ങള്‍ വിരളം. ഈജിപ്തിലെ പിരമിഡുകളും ആഗ്രയിലെ താജ്മഹലും, നാവടക്കി പണിയെടുക്കാന്‍ വിധിക്കപ്പെട്ട അടിമകളുടെ സ്മാരകങ്ങളാണ്। അവരാണ്‍ അവയുടെ കനത്ത കരിമ്പാറകള്‍ അതിമനോഹരമായി അടുക്കി വെച്ചത്, അവ ചുമന്നു കൊണ്ടു വന്നതിന്‍റെ പാടുള്ളത് അവന്‍റെ പുറത്താണ്, അവയ്ക്കടിയില്‍പ്പെട്ട് ചതഞ്ഞു മരിച്ചതും അവരുടെ വര്‍ഗ്ഗത്തില്‍ പെട്ടവന്‍ തന്നെ। മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ലോകത്തിലെ മനോഹരമായതെല്ലാം ഉണ്ടാക്കിയത് അകം വെളുത്ത, പുറം കറുത്ത ഇങ്ങനെ കുറേ മനുഷ്യരായിരുന്നു.

6 Comments:

കടത്തുകാരന്‍/kadathukaaran said...

ആരാണ്‍ അടിമ? ചരിത്രത്തിന്‍ ചിരപരിചിതന്‍, കാരണം ചരിത്രം രചിച്ചതാരുമാകട്ടെ ചരിത്രം നിര്‍മിച്ചത് അടിമയാണ്. സംസ്കാര നാഗരികതകള്‍ വിളംബരം ചെയ്യുന്നത് അവന്‍റെ കരവിരുതിന്‍റെ കഥകളാണ്. ലോകാത്ഭുതങ്ങളിലധികവും അവന്‍റെ ചോരപ്പാടുകള്‍ പതിഞ്ഞവയാണ്. അടിമയുടെ ഗദ്ഗദങ്ങളും ചുടുനിശ്വാസങ്ങളും തപ്തവികാരങ്ങളും തളം കെട്ടി നില്‍ക്കാത്ത ഉത്തുംഗസൌധങ്ങള്‍ വിരളം. ഈജിപ്തിലെ പിരമിഡുകളും ആഗ്രയിലെ താജ്മഹലും, നാവടകി പണിയെടുക്കാന്‍ വിധിക്കപ്പെട്ട അടിമകളുടെ സ്മാരകങ്ങളാണ്. അവരാണ്‍ അവയുടെ കനത്ത കരിമ്പാറകള്‍ അതിമനോഹരമായി അടുക്കി വെച്ചത്, അവ ചുമന്നു കൊണ്ടു വന്നതിന്‍റെ പാടുള്ളത് അവന്‍റെ പുറത്താണ്, അവയ്ക്കടിയില്‍പ്പെട്ട് ചതഞ്ഞു മരിച്ചതും അവരുടെ വര്‍ഗ്ഗത്തില്‍ പെട്ടവന്‍ തന്നെ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ലോകത്തിലെ മനോഹരമായതെല്ലാം ഉണ്ടാക്കിയത് അകം വെളുത്ത, പുറം കറുത്ത ഇങ്ങനെ കുറേ മനുഷ്യരായിരുന്നു

Unknown said...

അതെ ഏത് ചരിത്രസ്മാരകങ്ങള്‍ കാണുമ്പോഴും നാം ഓര്‍ക്കേണ്ടതായ വാചകം: "ലോകത്തിലെ മനോഹരമായതെല്ലാം ഉണ്ടാക്കിയത് അകം വെളുത്ത, പുറം കറുത്ത ഇങ്ങനെ കുറേ മനുഷ്യരായിരുന്നു"

ഈ ഓര്‍മ്മപ്പെടുത്തലിന് നന്ദി!

കണ്ണനുണ്ണി said...

അതെ ഈ ഓര്‍മ്മപ്പെടുത്തലിന് നന്ദി

തൂലിക said...

Nalla kurippu. adimakalude vikaaram, vichaaram kuranjnja vaakkukalil anubhavicharinja pole..
thudaruka, aashamsakaloade

Sreekumar B said...

അല്ല സര്‍. പിരമിഡുകളും താജ് ഉം പണിതത് അടിമകള്‍ മാത്രമല്ല. അതിനു ശില്‍പികള്‍ ഉണ്ടായിരുന്നു. അവ ഭരണ കര്‍ത്താക്കളുടെ തീരുമാനങ്ങള്‍ ഉണ്ടായിരുന്നു. മൂലധനം ഉണ്ടായിരുന്നു. അടിമകള്‍ ചൂഷണം ചെയ്യപ്പെട്ടു എന്നത് ശരിയാണ്. പക്ഷെ അതിനെ കാണേണ്ടത് അത്രയുമം മാത്രമായി തന്നെയാണ്. ശില്പിയുടെ മനോവൈഭവവും, ഭരണകര്‍ത്താവിന്റെ willpower ഉം കാണാതെ പോയിട്ട് ഒന്നും കിട്ടാനില്ല..

കടത്തുകാരന്‍/kadathukaaran said...

അടിമകളിലെ ശില്പികള്‍ക്കു തന്നെയായിരുന്നു നിര്‍മ്മാണത്തിലെ പ്രാധാന്യം. താജിന്‍റെ നിര്‍മ്മിതിയില്‍ അടിമശില്‍പിയായ രാജ്താതെ ഉണ്ടായിരുന്നതായി കല്‍ക്കത്തക്കാര്‍ അവകാശപ്പെടുന്നു. പുറത്തു നിന്നു ഇനി രാജാവോ മറ്റു അധികാരപ്പെട്ടവരോ ശില്‍പികളെ കൊണ്ടുവന്നിട്ടുണ്ടെങ്കില്‍ അവര്‍ കൂലിക്കു പകരമായിട്ടാകും പണി ചെയ്തീട്ടുണ്ടാവുക. കൂലിക്കു പണി ചെയ്തവരെ കൂലിയില്ലാതെ പണി ചെയ്ത അടിമകളുമായി താരതമ്യം ചെയ്യാനെവിടെ എങ്ങിനെ കഴിയും? ശില്‍പികള്‍ എന്ന വിഭാഗത്തിലെ എണ്ണക്കുറവും തൊഴിലാളികള്‍ എന്ന വിഭാഗത്തിലെ വലിപ്പവും എവിടെയാണ്‍ അദ്ധ്വാനത്തിന്‍റെ അടിസ്ഥാനത്തില്‍ നമുക്ക് കുറച്ചു കാണാനും വലുതായി കാണാതിരിക്കാനുമാവുക?

രാജാവിന്‍റെ വില്‍പവര്‍ ഉദയം കൊള്ളുന്നത് ഇത്രയധികം സൌജന്യമായി ലഭികുന്ന മനുഷ്യദ്ധ്വാനം എന്തുചെയ്യാം എന്ന ചിന്തയില്‍ നിന്നും താജ്മഹല്‍ നിര്‍മ്മിക്കപ്പെട്ടതുപോലെ ജനസേവനത്തില്‍ നിന്ന് മുഖം തിരിച്ച് സ്വാര്‍ത്ഥതയിലേക്ക് മുഖമാഴ്ത്തപ്പെടുകയും ചെയ്യുമ്പോഴാണ്. താജ്മഹല്‍ പോലെ ഒരു പ്രേമസൌധം ഒരു വ്യക്തിയുടെ പ്രണയനഷ്ടത്തിനു അനേകായിരം നല്‍കേണ്ടിവന്ന അദ്ധ്വാനവും ജീവനും തന്നെയാണ്.

ഇന്നിന്‍റെ കാലത്ത് മായാവതി നൂറുകണക്കിന്‍റെ ശില്പങ്ങള്‍ കൂലികൊടുത്ത് നിര്‍മ്മിക്കപ്പെട്ടിട്ടും അത് കോടതിയാല്‍ തടസ്സ്പ്പെടുത്താന്‍ വൈകിയെങ്കില്‍ ജനം ഇന്നും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തലത്തില്‍ അടിമത്തം അനുഭവിക്കുന്നതുകൊണ്ടും, തടസ്സ്പ്പെടുത്താന്‍ കഴിഞ്ഞത് ജനങ്ങള്‍ പൂര്‍ണ്ണമായും അടിമകളല്ല എന്നതുകൊണ്ടും തന്നെയാണ്. തെറ്റായ തീരുമാനങ്ങളിലെ വില്‍പവര്‍ ആ വാക്കിനു തന്നെ അപമാനമാണ്.

പ്രതികരിച്ച എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും നന്ദി..