8/30/08

സെസ്സിന്‍റെ മായാലോകം

സെസ്സ് പോലെയുള്ള ചെറു നാട്ടു രാജ്യ വ്യവസ്ഥിതി,കേരളം പോലെയുള്ള ചെറിയ സംസ്ഥാനങ്ങള്‍ക്ക് അല്ലെങ്കില്‍ ജനസാന്ദ്രത കൂടുതലുള്ള, കൃഷിയിടം വളരെ കുറവുള്ള സംസ്ഥാനങ്ങള്‍ക്ക് അനുയോജ്യമോ, സെസ്സിന്‍റെ ആനുകൂല്യമില്ലെങ്കില്‍ കേരളത്തില്‍ വ്യവസായങ്ങള്‍ വരില്ലെ? എന്നീ ചിന്തകള്‍ വ്യാപകമാകേണ്ട് സമയം അതിക്രമിച്ചിരിക്കുന്നുവെങ്കിലും ഇപ്പോഴെങ്കിലും അതില്ലായെങ്കില്‍ ഒരു പത്തു വര്‍ഷത്തിനു ശേഷം നമുക്കൂഹിക്കാവുന്നതിലേറെ വേലികള്‍ നമുക്ക് ചുറ്റും കെട്ടപ്പെടും എന്ന തിരിച്ചറിവിലേക്ക് നാം എന്നെത്താപ്പെടും?

സെസ്സെന്ന സ്വര്‍ഗ്ഗ രാജ്യത്തെക്കുറിച്ചുള്ള വാചാലത ഇടതു വലതു പക്ഷങ്ങള്‍ മത്സര ബുദ്ധിയോടെ നടത്തുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത്, നമുക്ക് നമ്മുടെ ഭരണഘടന തന്ന സ്വാതന്ത്ര്യങ്ങള്‍ തിരിച്ചെടുക്കപ്പെടലും, കൊള്ളക്കാരനെ ഗവണ്മെന്‍റെ ചിലവില്‍ ക്ഷണിച്ചു വരുത്തുകയും അതിലുപരി ഇന്നാടിന്‍റെ വളര്‍ച്ചയും സേവന രംഗത്ത് നിന്ന് ഗവണ്മെന്‍റിനെ പിന്‍ വലിപ്പിക്കും വിധം, ഗവണ്മെന്‍റിനു കിട്ടേണ്ട നികുതി വരുമാനം കൊള്ളയടിക്കപ്പെടുകയുമാണ്।

ഐ ടി വ്യ്വസായത്തിനെന്ന പേരില്‍ ഇരുപത്തിയൊന്നിലേറെ പെരില്‍ നിന്ന് കിട്ടിയ അപേക്ഷകളില്‍ പകുതിയും ഗവണ്മെന്‍റിന്‍റെ സ്ക്രീനിംഗ് കമ്മിറ്റി തുടര്‍ നടപടികള്‍ക്ക് വേണ്ടി സെലക്ഷന്‍ ചെയ്തിരിക്കുന്നു, ഇതില്‍ തന്നെ പകുതിയും റിയല്‍ എസ്റ്ററ്റ് രംഗത്ത് മാത്രം പ്രവര്‍ത്തി പരിചയമുള്ളവരാണ്। റിയല്‍ എസ്റ്റേറ്റ് രംഗത്ത് മാത്രം പരിചയമുള്ളവര്‍ക്ക് ഐ ടി രംഗത്തേക്ക് വരാന്‍ പാടില്ല എന്നല്ല ഉദ്ദേശിച്ചത്, അവര്‍ ഇതിലേക്ക് കടന്നു വരാനുള്ള കാരണം സെസ്സിലൂടെ ആര്‍ക്കും കാണാന്‍ കഴിയുന്ന 'ലൂപ്പ് ഹോളല്ല', ഇടനാഴി തന്നെയാണ്.

1980 തുകളില്‍ ചൈനയാണ്‍ നമുക്കിന്ന് മാതൃകയായിട്ടുള്ള സെസ്സിന്‍റെ മോഡല്‍ രാജ്യം। എന്തുകൊണ്ട് ചൈന ഒരു കമ്യൂണിസ്റ്റ് രാജ്യമായിട്ടും സെസ്സ് പോലുള്ള രീതി അവലംബിച്ചു എന്നും ഈയൊരു നയം ഇന്നവരെ എവിടെ കൊണ്ടെത്തിച്ചു എന്നും ചിന്തിക്കുന്നത് സെസ്സിന്‍റെ മോഹാലസ്യത്തിലേക്ക് വഴുതി വീണു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഭരണ നേതൃത്തം മനസ്സിലാക്കിയിരുന്നെങ്കില്‍, കുറഞ്ഞ പക്ഷം എന്തിനും ഏതിനും ചൈനയെ റോള്‍ മോഡലാക്കുന്ന ഇടതു ഗവണ്മെന്‍റുകളെങ്കിലും മനസ്സിലാക്കിയിരുന്നെങ്കില്‍॥ (ഇടതുകളുടെ കാര്യം പ്രത്യകം പറയാന്‍ കാരണമുണ്ട്, ഇത് കേന്ദ്ര നിയമത്തിന്‍റെ അടിസ്ഥാനത്തിലാണെങ്കിലും, അത്യന്തികമായി കേന്ദ്ര ഗവണ്മെന്‍റാണ്‍ അപേക്ഷക്ക് അംഗീകാരം കൊടുക്കേണ്ടതെങ്കിലും സംസ്ഥന ഗവണ്മെന്‍റാണ്‍ അവര്‍ക്ക് കിട്ടിയിട്ടുള്ള അപേക്ഷകളില്‍ തീരുമാനം കൊള്ളേണ്ടത്, ആതീരുമാനത്തിന്‍ കേന്ദ്ര ഗവണെമെന്‍റെ അനുമതി നല്‍കുക മാത്രമാണ്‍ ചെയ്യുന്നത്. സംസ്ഥന ഗവണ്മെന്‍രിന്‍ വേണമെങ്കില്‍ ഒരൊറ്റ അപേക്ഷയും സ്വീകരിക്കാതിരിക്കാം, ഇതിനോട് മുഴുവനായും പുറം തിരിഞ്ഞു നില്‍ക്കാം ഗോവ ഗവണ്മെന്‍റെ ചെയ്തതു പോലെ)

ചൈനയുടെ അവികസിത പ്രദേശങ്ങളിലെ വികസനം മുന്‍ നിര്‍ത്തിയും രാജ്യത്തിന്‍റെ വിദേശനാണയ കരുതലിന്‍ ശക്തി പകരുന്നതിനും വേണ്ടി രാജ്യം നടത്തിയ ഈ യൂറിയ വളം പ്രയോഗം രാജ്യത്തിന്‍റെ സാമൂഹികമായ നിലനില്‍പ്പിന്‍ വന്‍ വിലയാണ്‍ നല്‍കേണ്ടി വന്നത്। സാമ്പത്തികമായ അസമത്വം വര്‍ദ്ധിച്ചു, കര്‍ഷകര്‍ കൂട്ടത്തോടെ കുടിയേറ്റ തൊഴിലാളികളായി മാറി, തൊഴിലാളികള്‍ പരമാവധി ചൂഷണം ചെയ്യപ്പെട്ടു, ബാലവേല സാര്‍വത്രികമായി. ഇതു കൊണ്ടും തീരുന്നില്ല, ചൈന പോലുള്ള രാജ്യത്ത് സംഘടനാ സ്വാതന്ത്ര്യം വളരെ പരിമിതമായിട്ടും സെസ്സില്‍ തികച്ചും , ഷെന്‍ഴെന്‍ പ്രദേശത്ത് 2006ല്‍ മാത്രം പതിനായൈരത്തോളം മിന്നല്‍ പണിമുടക്കുകളാണ്‍ ഉണ്ടായിട്ടുള്ളത്. ചൈന പോലെ ഒരു രാജ്യത്ത് പണിമുടക്കിന്‍റെ തികട്ടിപ്പ് ഇത്രയധികം ഉണ്ടായെങ്കില്‍ ഇന്ത്യ പോലൊരു രാജ്യത്ത് വന്‍ വിസ്ഫോടനമാണ്‍ നമ്മള്‍ മുന്‍ കൂട്ടി കാണേണ്ടത്

2010 ആകുമ്പോള്‍ സെസ്സിനു നല്‍കുന്ന നികുതിയിളവുകള്‍ 1,76,000 കോടിയെത്തുമെന്നാണ്‍ ധനവകുപ്പിന്‍റെ നിഗമനം। ഇതിനെതിരെ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി തന്നെ മുന്നറിയിപ്പ് നല്‍കുന്നു, ചൈന പിന്നീട് നികുതിയ്ളവുകള്‍ പിന്നീട് പിന്‍വലിച്ചുവെങ്കിലും ഇന്ത്യന്‍ സാഹചര്യത്തില്‍ അതെത്രത്തോളം പ്രാവര്‍ത്തികമാണെന്നതും സംശയകരമാണ്. ഇതിനൊക്കെ പുറമേയാണ്‍ നന്ദിഗ്രാം പോലെയുള്ള സാമൂഹിക പറിച്ചു നടലിന്‍റെയും ജന രോഷത്തിന്‍റെയും ക്രമസ്മാധാനത്തിന്‍റെയും ആവര്‍ത്തനങ്ങള്‍ രാജ്യത്തെ പിന്നോട്ട് വലിക്കാന്‍ തയ്യാറായി നില്‍ക്കുന്നത്.

വളരെ നിയന്ത്രിതമായി നല്‍കേണ്ടിയിരുന്ന ഒരു നിയമത്തിന്‍റെ സഹായം വളരെ വ്യാപകമായി, അക്രമണോല്‍സുകമായി നടത്തപ്പെടുന്നതിന്‍റെ തിക്ത ഫലം അനുഭവിക്കുന്നത് അടിസ്ഥാനപരമായി പാവപ്പെട്ടവനാണ്, പാവപ്പെട്ടവന്‍ കൂടുതല്‍ പാവപ്പെട്ടവനാകുന്നു, പണക്കാരന്‍ കൂടുതല്‍ പണക്കാരനാവുന്നു എന്നതു മാത്രമല്ല, പിഴുതെറിയപ്പെടുന്ന ഒരു സംസ്ക്കാരം അവന്‍റെ വേരുകള്‍ സ്വന്തം നാട്ടില്‍ പ്രവാസിയാവേണ്ടി വരുന്നവന്‍റെ സുരക്ഷിതത്തമില്ലായ്മ, സാമ്പത്തികമായ നഷ്ടം എന്നതും അതിലേറെയുമൊക്കെയാണ്।

സോണുകള്‍ക്കു വേണ്ടി കൃഷിഭൂമി ഏറ്റെടുക്കില്ല എന്ന് ധനകാര്യമന്ത്രി ദേശാഭിമാനിയില്‍ എഴുതിയതിനു തൊട്ടടുത്ത ദിവസം തന്നെ ചിറ്റനാട് നെല്‍പ്പാടം മൊത്തമായും ഒരു സെസ്സ് കമ്പനി വാങ്ങിയ വിവരം നമ്മളൊക്കെ മാധ്യമങ്ങളിലൂടെ അറിഞ്ഞതാണ്. ഇവിടെ ഒരു രാഷ്ടീയ പാര്‍ട്ടിയും ജനങ്ങളുടെ താത്പര്യത്തിനു വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്, ഒരോരുത്തര്‍ക്കും അവരവരുടേതായ ഉദര വീക്ഷണമുണ്ട്, എന്നാല്‍ ഈയൊരു സാമ്പത്തിക വ്യവസ്ഥയില്‍ കേരളത്തിനു മാത്രം മാറിനില്‍ക്കാനാവില്ല എന്ന ന്യായീകരണവും വേണ്ട, ഗോവ നമുക്ക് മുന്നിലുള്ളോടിത്തോളം. കോണ്‍ഗ്രസ്സുകാരേക്കാള്‍ ഈയൊരു വിഷയത്തില്‍ ഇടതുപക്ഷം കാണിക്കുന്ന തിടുക്കം ചൈനയോടുള്ള വിധേയത്തം മാത്രമായി കാണാനാവില്ല, മറിച്ച് അവര്‍ പ്രതിപക്ഷത്തല്ല ഇപ്പോള്‍ എന്നതും കാരണമാണ്. പ്രതിപക്ഷത്താകുമ്പോഴും ഭരണപക്ഷത്താവുമ്പോഴും നയം മാറുകയും അതില്‍ തന്നെ ഗ്രൂപ്പുകള്‍ക്കടിസ്ഥാനത്തില്‍ ആദര്‍ശം മാറുകയും ചെയ്യുന്ന ഒരു ഭരണ നേതൃത്തത്തിന്‍ ഒരു സാമൂഹിക വ്യവസ്ഥയെ, ഒരു സാമ്പത്തിയ വ്യവസ്ഥയെ ആകമാനം മാറ്റി മറിക്കുന്ന പ്രക്രിയക്ക് തടയിടാനോ നിയന്ത്രണം വെക്കുവാനോ കഴിയുമെന്ന് നമ്മള്‍ വ്യമോഹിക്കുന്നത്, നമ്മള്‍ വിശ്വസിക്കുന്നത് ശിക്ഷാര്‍ഹമായിരിക്കും...

8/11/08

ചിറകില്ലാ പക്ഷി....


പലസ്തീന്‍ ദേശീയ കവി മഹ്മൂദ് ദര്‍വീശ് ശനിയാഴ്ച്ച (ആഗസ്റ്റ് 10) ഹൂസ്റ്റണിലെ മെമ്മൊറിയല്‍ ഹെര്‍മ്മന്‍ ഹോസ്പിറ്റലില്‍ ഹൃദ്രോഗ ചികിത്സയിലിരിക്കെ മരണപ്പെട്ടു....


നേരു കല്‍പ്പിക്കുകയും നീതിക്കുവേണ്ടി നിലകൊള്ളുകയും ചെയ്യുകയാണ്‍ ചരിത്രത്തിലെന്നും സത്യത്തിന്‍റെ പക്ഷക്കാരുടെ ദൌത്യം। ലോകത്തിന്‍റെ കടിഞ്ഞാണ്‍ കയ്യിലേന്തുകയും അതേസമയം, നിസ്സഹായരായ ജനങ്ങളെ അടിമകളാക്കുകയും ചെയ്യുന്നവരെ എന്നും അലോസരപ്പെടുത്തിയിട്ടുണ്ടാവുക നീതിയുടെ പക്ഷക്കാരില്‍ തന്നെ അടിച്ചമര്‍ത്തപ്പെട്ടവരില്‍ നിന്നുയര്‍ വന്നിട്ടുള്ള ആയിരം നാക്കുകള്‍ക്കും ആയിരക്കണക്കിന്‍ തോളുകള്‍ക്കും സമാനമായുള്ള തൂലികയും ചിന്തയുമാണ്. ആ ഒരര്‍ത്ഥത്തിലാണ്‍ മഹ്മൂദ് ദാര്‍വീശിന്‍റെ ചിന്തയും തൂലികയും പ്രവര്‍ത്തനങ്ങളും ലോക മാനവികതയുടെ നിലവാരത്തിലേക്കുയരുന്നത്.


പൊരുതുന്ന ഫലസ്തീനിന്‍റെ ധീര ദേശീയ കവി മഹ്മൂദ് ദര്‍വീശിന്‍റെ മൃതദേഹം വെസ്റ്റ് ബാങ്കിലെ റാമല്ലയില്‍ ബുധനാഴ്ച്ക സംസ്ക്കരിക്കും। 1941 ല്‍ ബാര്‍വ എന്ന ഗ്രാമത്തില്‍ ജനിച്ച ദര്‍വീശ് 1948ല്‍ ഇസ്രായേല്‍ ഫലസ്തീന്‍ മണണ്‍ പിടിച്ചെടുത്ത് തദ്ദേശീയരെ ആട്ടിയോടിച്ചപ്പോള്‍ മതപിതാക്കളോടൊപ്പം ബാലനായ അദ്ദേഹം അഭയാര്‍ത്ഥിയായി ലബനാനിലേക്ക് ചേക്കേറി. 1972 മുതല്‍ സ്ഥിരതാമസം തുടങ്ങി. ഫലസ്തീന്‍ വിമോചന മുന്നണി (പി എല്‍ ഒ) യുടെ ഗവേഷണകേന്ദ്രം ഡയറക്ടരായി ദീര്‍ഘകാലം സേവനം ചെയ്തു. ഏതാനും കാലം കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടിയും പ്രവര്‍ത്തിച്ചു.


ഓരേ സമയം ഇസ്രായേലീ അധിനിവേശത്തേയും ഫലസ്തീന്‍ നേതൃത്തത്തിന്‍റെ കൊള്ളരുതായ്മകളേയും ശക്തിയുക്തം എതിര്‍ക്കുകയും തന്നെക്കൊണ്ടാവും വിധം ദേശീയ വികാരം ജനങ്ങളിലേക്ക് സത്യ സന്ധമായ വിധം എത്തിക്കാന്‍ ശ്രമിക്കുകയും അവരില്‍ ഒരാളാവുകയും ചെയ്യുകയായിരുന്നു അദ്ദേഹം।


'ലീവ്സ് ഓഫ് ഒലീവ്സ്' ആണ്‍ ആദ്യ പുസ്തകം, തുടര്‍ന്ന് ഇരുപത്തിയൊന്നോളം കവിതാ സമാഹാരങ്ങളും മറ്റു എട്ടോളം പുസ്തകങ്ങളും അദ്ദേഹത്തിന്‍റെതായുണ്ട്। അല്‍-ജദീദ്, അല്-ഫജര്‍ തുടങ്ങിയ നാലോളം പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായുമ് സേവനമനുഷ്ടിച്ചിട്ടുള്ള വ്യക്തിയാണ്‍ ദര്‍വീഷ്, അദ്ദേഹത്തിന്‍റെ പുസ്തകങ്ങള്‍ ലോകത്തിലെ ഇരുപതോളം ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്, ധാരാളം അന്താരാഷ്ട്ര അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. 'ദി ലോട്ടസ് പ്രൈസ്', 'ലെനിന്‍ പീസ് പ്രൈസ്', 'പ്രിന്‍സ് ക്ലൌസ് അവാര്‍ഡ്', 'ലാന്നന്‍ ഫൌണ്ഡേഷന്‍ പ്രൈസ്' തുടങ്ങിയവ അതില്‍ ചിലതു മാത്രം. ചിറകില്ലാ പക്ഷി, ലീവ്സ് ഓഫ് ഒലീവ്സ്, ഐഡന്‍റിട്ടി കാര്‍ഡ് തുടങ്ങിയവ പ്രസിദ്ധ കവിതാ സമാഹാരങ്ങള്‍...


വെസ്റ്റ് ബാങ്കിലെ റാമള്ളയില്‍ ബുധനാഴ്ച്ച സംസ്ക്കാരം നടക്കും। 2004ലെ യാസര്‍ അറാഫത്തിന്‍റെ സംസ്ക്കാര ചടങ്ങുകളെ ഓര്‍മ്മിപ്പിക്കും വിധമുള്ള സംസ്ക്കാര ചടങ്ങുകളായിരിക്കും ദാര്‍വീശിന്‍റെതെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി തഹാനി അബൂദക്ക പറഞ്ഞു. ദാര്‍വീശിന്‍റെ കൃതികള്‍ക്കൊണ്ടലംകൃതമായ സ്മാരകം ഖബറിടത്തിനരികെ സ്ഥപിക്കുവാനും പദ്ധതിയുണ്ടെന്നറിയുന്നു.


ഒരു ജനത നെഞ്ചിലേറ്റിയ അവരുടെ സ്വന്തം കവിയുടെ വിടവാങ്ങലില്‍ ഉള്ളു വിങ്ങുമ്പോഴും അദ്ധേഹം കൊളുത്തി വെച്ച രാജ്യ സ്നേഹത്തിന്‍റെ ത്യാഗത്തിന്‍റെ കൈവിളക്ക് കെടാതെ സൂക്ഷിക്കാന്‍ അരപ്പട്ടിണിയിലും കൊടും ചൂടിലും സുരക്ഷിത്ത്തമില്ലായ്മയിലും അടിമത്തത്തിലും അഭിമാനത്തോടെ സാമ്രാജ്യത്വത്തിനെതിരെ പൊരുതുവാന്‍ അവരുടെ വഞ്ചനയുടെ കഥ ലോകത്തെ അറിയിക്കാന്‍ തോക്കുകള്‍ക്കും ബോംബുകള്‍ക്കുമെതിരെ പാറച്ചീളുകളും ചങ്കൂറ്റവും കൈമുതലാക്കിയ ഒരു ജനതയോടോപ്പം സ്ത്യത്തിന്‍റെ ന്യായത്തിന്‍റെ മാര്‍ഗ്ഗത്തില്‍....ധീര യോദ്ധാവ് മഹ്മൂദ് ദാര്‍വീശിന്‍ അഭിവാദ്യങ്ങളോടെ.....

7/26/08

വിളവ് തിന്നുന്ന വേലികള്‍

പ്രതിസ്വരം എന്ന ബ്ലോഗിലെ ആണവക്കരാറിന്‍റെ സമുദായിക വത്ക്കരണം എന്ന പോസ്റ്റിന്‍ ഞാനിട്ട കമന്‍റെ ഒരു പോസ്റ്റാക്കുന്നു

മായാവതിയെ മതേതരത്തത്തിന്‍റെ വാക്താവായോ ദേശീയ വീക്ഷണമുള്ള നേതാവായോ കാണാനാവില്ല ഇന്ത്യന്‍ ജനത അങ്ങനെ കാണ്ടിട്ടില്ല ഇതുവരെ। എന്നാല്‍ ഇടതു പക്ഷത്തിന്‍റെ കാര്യം അങ്ങനെയല്ല, ഒരു ദേശീയ പാര്‍ട്ടിയാണ്, അതിന്‍റെ നില നില്‍പ്പു തന്നെ മതേതരത്തത്തില്‍ ഊന്നി തന്നെയാണ്, അങ്ങനെയുള്ള ഒരു പാര്‍ട്ടി ആണവക്കരാറെന്ന പോലെയുള്ള വലിയൊരു വിഷയത്തെ കണ്ടത് വ്യക്തമായൊരു ഉദ്ദേശത്തോടു കൂടെയാണെന്ന് താങ്കള്‍ സമ്മതിക്കുമ്പോള്‍ തന്നെ താങ്കള്‍ കൂടുതലും ഊന്നല്‍ നല്‍കിയത് തീരെ അപ്രധാനമായ മായവതിയെന്ന ഒരൊറ്റ വിഷയത്തില്‍ തന്നെയാണെന്നുള്ളത് പ്രതിഷേധാര്‍ഹമാണ്.

എന്തുകൊണ്ട് മായാവതി? അതിന്‍റെ അര്‍ത്ഥം തേടുമ്പോള്‍ ചെന്നെത്തുക ഇടതുപക്ഷമെന്ന ഒരു ഇന്ത്യന്‍ വ്യവസ്ഥയെ സംരക്ഷിക്കുക എന്നതിലേക്കാണ്, ഇടതു പക്ഷത്തിന്‍റെ വഴിതെറ്റിയ വീക്ഷണങ്ങളെ, നിലപാടുകളെമറച്ചുവെക്കുവാനാണ്. വിശ്വാസ പ്രമേയ സമയത്ത് കുതിരക്കച്ചവടത്തിന്‍ തുടക്കമിട്ടത് തീര്‍ച്ചയായും മായാവതിയാണ്, ഇടതു പക്ഷത്തിന്‍റെ മൌന പിന്തുണ തിര്‍ച്ചയായും അതിനുണ്ടായിരുന്ന് എന്നത് ഇടതുപക്ഷ നിരീക്ഷകര്‍ക്ക്, ചിന്തകര്‍ക്ക് സോഷ്യലിസ്റ്റ് റാഡിക്കലിസം (?)എന്നൊക്കെയുള്ള സാങ്കേതിക പദങ്ങള്‍ക്കൊണ്ട് ന്യായീകരിക്കാമെങ്കിലും കാലത്തിന്‍റെ എഴുത്തു പുസ്തകത്തില്‍ ക്വിറ്റ് ഇന്ത്യ സമരത്തിന്‍ നേരെ മുഖം തിരിഞ്ഞ് നിന്നതിനേക്കാള്‍ മോശമായ രീതില്‍ രേഖപ്പെടുത്തും എന്നതില്‍ രണ്ട് അഭിപ്രായം ഉണ്ടാകാന്‍ സാധ്യതയില്ല.

മായാവതിയുടെ അഭിപ്രായം എത്ര പേര്‍ ശ്രദ്ധിച്ചിട്ടുണ്ടായിരിക്കും? എന്നാല്‍ ഈ വിഷയത്തില്‍ വ്യക്തമായൊരു അഭിപ്രായമുള്ള ഇടതുപക്ഷത്തിന്‍റെ ഒരു ദേശീയ നേതാവായ പാന്‍ഥേ യുടെ വാക്കുകള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ വര്‍ഗ്ഗീയതയുടെ നാക്കായാണ്‍ കാണാന്‍ കഴിയുക। സി പി എം എന്ന പാര്‍ട്ടിയുടെ ഈ വിഷയത്തെക്കുറിച്ചുള്ള ഇരട്ടത്താപ്പ് അവിടെകൊണ്ടും അവസാനിക്കുന്നില്ല, ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചയുടനെ ആദ്യമായി അതേക്കുറിച്ച പ്രതികരിച്ച കേരള നേതാവ് മുഖ്യ മന്ത്രി വി എസ് അച്ചുതാനന്ദനാണ്, അദ്ദേഹം പരമാര്‍ശിച്ചത് മറ്റൊന്നുമല്ല ലീഗ് മന്ത്രി ഇ അഹമ്മദ് രാജി വെക്കുന്ന കാര്യവും മുസ്ലീം നിലപാടുമാണ്.

എന്തുകൊണ്ട് ലീഗ്? അവിടെയാണ്‍ ഇടതു പാര്‍ട്ടിയുടെ വര്‍ഗീയ ചിന്തയുടെ ചൂഷണാത്മക നിലപാട് മനസ്സിലാവുക। സദ്ദാമിനെ കൊലക്കയറില്‍ നിന്ന് രക്ഷിക്കുവാന്‍ വേണ്ടി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് മുസ്ലീംകളുടെ വോട്ട് ഇങ്ങ് കേരളത്തില്‍ ചോദിച്ച് വാങ്ങിയവരാണ്‍ ഇടതു പക്ഷക്കാര്‍, എന്നിട്ട് നമ്മള്‍ കണ്ടതാണല്ലോ സദ്ദാമിനു പകരം പിണറായി വിജയന്‍ കൊലക്കയറിലേക്ക് സ്വന്തം കഴുത്ത് നീട്ടി വെച്ച് കൊടുക്കുന്നത്...ആണവക്കരാറിനെതിരേയുള്ള അദ്ദേഹത്തിന്‍റെ നിലപാട് ആത്മാര്‍ത്ഥതയുള്ളതായിരുന്നെങ്കില്‍ ഒരു പ്രതിപക്ഷ പാര്‍ട്ടി നേതാവെന്ന നിലയില്‍ അദ്ദേഹം ആവശ്യപ്പെടേണ്ടിയിരുന്നത് കേരളീയരെന്ന നിലയിലും രാഷ്ട്രീയ മുതലെടുപ്പ് എന്ന നിലയിലും ക്യാബിനറ്റ് പദവിയിലുള്ള രണ്ട് മന്ത്രിമാരായ ആന്‍റണിയുടേയും വയലാര്‍ രവിയുടേയും രാജിയായിരുന്നു. കാരണം, യു പി എ മുന്നണിയില്‍ നിന്ന് വോട്ടുള്ളവരായിരുന്നാലും ഇല്ലാത്തവരായിരുന്നാലും മന്ത്രി ആയിരുന്നാലും മന്ത്രി അല്ലാത്തവരായിരുന്നലും ഒരാള്‍ രാജി വെക്കുകയോ പിന്തുണ പിന്‍ വലിക്കുകയോ ചെയ്താല്‍ അത് ഭരണ മുന്നണിക്ക് ക്ഷീണവും പരാജയവും തന്നെയാണെങ്കിലും അംഗ ബലത്തിന്‍റെയും അധികാര വീക്ഷണത്തിലായാലും ഇ അഹമ്മദ് രാജിവെച്ചാല്‍ കോഴിക്കോട്ടങ്ങാടിയില്‍ ഒരു ഈച്ച പറന്ന പ്രാധാന്യം ഉണ്ടാകും എന്ന് കരുതിന്നില്ല, എന്നാല്‍ ആന്‍റണിയോ രവിയോ രാജി വെച്ചിരുന്നതെങ്കിലോ?

താങ്കള്‍ പറഞ്ഞ ഒരു കാര്യത്തോട് പൂര്‍ണ്ണമായും യോജിക്കാതെ വയ്യ, ഇന്ത്യന്‍ മുസ്ലീംകളെ രാജ്യ സ്നേഹത്തിന്‍റെ ഒറ്റു കൊടുപ്പുകാരെന്ന നിലയില്‍ ലോക മുസ്ലീംകളാക്കി ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യുന്നത്നോട്।

ഇന്ഡ്യയുമായി ഐ എ ഇ എ ഉണ്ടാക്കുന്ന കരാറിനെതിരെ പാക്കിസ്ഥന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നു എന്നതാണ്‍ പുതിയ വാര്‍ത്ത, ഇന്ത്യയിലെ വര്‍ഗ്ഗിയ ചിന്തയുള്ള മതേതരര്‍ എന്ന ലബലുള്ള ആണവക്കരാറിനെ എതിര്‍ക്കുന്ന ഇടതുപക്ഷം പോലെയുള്ളവര്‍ ഒരു പക്ഷെ അതും തെറ്റിദ്ദരിപ്പിച്ച മുസ്ലീംകള്‍ക്ക് ഒതിക്കൊടുക്കുമയിരിക്കും മുസ്ലീം രാജ്യമായ പാക്കിസ്ഥാനും ഇതിനെ എതിര്‍ക്കുന്നു എന്ന്। അതുകൊണ്ട് ആണവക്കരാറിനെ മുസ്ലിംകള്‍ എതിര്‍ക്കണമെന്നും. ഇവിടെ യാഥാര്‍ത്ഥ്യം രാജ്യത്തിന്‍റെ ശത്രുക്കളോടൊപ്പമാണ്‍ രാജ്യത്തിനകത്തെ ഇടതുകള്‍ അടക്കമുള്ള ആണവക്കരാറിനെ എതിര്‍ക്കുന്നവരെന്നതുമാണ്. മറ്റൊന്ന് ലോക സഭയിലെ മുസ്ലീം അംഗങ്ങളില്‍ ഭൂരിപക്ഷവും ഇങ്ങനെയുള്ള ഒരു വര്‍ഗ്ഗിയ ചായ്‌വുണ്ടാക്കുവാന്‍ ഇടതു പക്ഷ പോലുള്ള കക്ഷികള്‍ ശ്രമിച്ചിട്ടും തങ്ങളുടെ നിലപാടുമായി മുന്നോട്ട് പോയി എന്നത് വര്‍ഗ്ഗീയ കാളകൂട വിഷം കൊണ്ടു നടക്കുന്നവര്‍ക്കുള്ള പ്രഹരമായി.

ശരീഅത്ത് നിയം ഉള്ള സൌദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ ഈ കരാറിനെ അംഗീകരിക്കുമ്പോള്‍ മുസ്ലീം എന്ന ഇന്ത്യന്‍ ഇടുങ്ങിയ ചിന്തകൊണ്ടല്ല ആണവക്കരാറിനെ പോലുള്ള ഒരു രാജ്യത്തെ ഓരോ മനുഷ്യനേയും നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിക്കേണ്ടത്। യു പി എന്നത് ഡല്‍ഹിയുടെ അധികാര മൈഥുനക്കോട്ടാരത്തിലേക്കുള്ള പടിവാതിലാണെന്നറിയാവുന്ന ഇടതുകളുടെ മായവതി ബന്ധനം നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. എസ് പി യുടെ ആണവക്കരാറിനനുകുലമായുള്ള നിലപാടും ബി എസ് പി യുടെ ആണവക്കരാറിനെതിരേയുള്ള നിലപാടും അധികാരത്തിന്‍റെ, നിലനില്‍പ്പിന്‍റെ ഭൂമികയില്‍ നിന്നുകൊണ്ടുള്ളതാണ്. അത്രക്ക് തരം താഴാമോ പുരോഗമന പാര്‍ട്ടിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ചിന്തകരുടെ പാര്‍ട്ടിക്ക്? അവിടേയാണ്‍ അല്‍പമെങ്കിലും ചിന്തിക്കുന്ന ചിലരെങ്കിലും പാര്‍ട്ടിയുടെ ചിന്താ ശൂന്യത കാണുക.

തുടര്‍ന്ന്...അല്‍പ്പം താഴ്ന്ന് ചിന്തിക്കാം,അമേരിക്ക എന്ന രാജ്യം എങ്ങിനെ മുസ്ലീംകളുടെ ശത്രുവാകും? അമേരിക്കന്‍ ജനത ഒരിക്കലും മുസ്ലീംകളുടേയോ ഇന്ത്യയുടേയോ ശത്രുവല്ല, കാരണം അമേരിക്ക ഇറാഖിനെതിരെ യുദ്ധം നടത്തിയപ്പോഴും അഫ്ഗാനിസ്ഥനെതിരെ യുദ്ധം നടത്തിയപ്പോഴും അതിനെതിരെ ലോകത്ത് നടന്ന പ്രതിഷേധ ജാഥകളുടേയും പ്രതികരണങ്ങളുടേയും മുന്‍ നിരയില്‍ അമേരിക്കന്‍ ജനതയായിരുന്നു, അമേരിക്കന്‍ നഗരങ്ങളായിരുന്നു। പാക്കിസ്ഥാനിലെ മുസ്ലീം ജനസംഖ്യയേക്കാള്‍ കൂടുതലാണ്‍ അമേരിക്കയിലെ മുസ്ലീം ജനസംഖ്യ. അമേരിക്കന്‍ ഭരണകൂടത്തോടാണ്‍ എതിര്‍പ്പ്. നാളെ ഒരു ദിവസം അത് മാറി വന്നാലും അതിന്‍റെ നയങ്ങള്‍ എത്രമാത്രം മാറുമെന്ന് വ്യക്തമായ് ദീര്‍ഘവീക്ഷണം ഇന്ത്യന്‍ ജനതക്കും നമ്മള്‍ വേറെയായിക്കാണാന്‍ ആഗ്രഹിക്കുന്ന മുസ്ലീം ജനവിഭാഗത്തിനും ഉണ്ട് എന്ന് കരുതുന്നു.

ഇറാഖിനെ അമേരിക്ക ആക്രമിച്ചത് ഒരു മുസ്ലീം രാഷ്ട്രമായതുകൊണ്ട് മാതമാണെന്ന പൊതു അഭിപ്രായത്തോട് മുഴുവനായും യോജിക്കാനാവുന്നില്ല, അതിനു സാമ്പത്തിക, സാമ്രാജ്യത്ത നയങ്ങളുമായാണ്‍ ബന്ധം। ആ കണക്കിന്‍ യു എസ് എസ് ആര്‍ ന്‍റെയും ഇപ്പോള്‍ റഷ്യയുടേയായാലും ചൈനയുടേതായാലും നിലപാടുകളില്‍ നിന്ന് അമേരിക്കന്‍ നിലപാടുകള്‍ക്കെന്തു വ്യത്യാസമാണുള്ളത്? പക്ഷെ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെ അഫ്ഗാന്‍ അധിനിവേശമായാലും ചെച്ചന്‍ അധിനിവേശമായാലും അരുണാചല്‍ അധിനിവേശമായാലും ജപ്പാന്‍ ദ്വീപ് അധിനിവേശമായാലും നമ്മള്‍ അധിനിവേശമായോ മുസ്ലീംകള്‍ക്കെതിരായായോ കാണാന്‍ ആഗ്രാഹിക്കാത്തതില്‍ വ്യക്തമായ അജണ്ഡയുണ്ട്. അപ്പോള്‍ അമേരിക്കയുമായുള്ള ഒരു കരാറിനെ മാത്രമായെങ്ങിനെ നാം എതിര്‍ക്കും? റഷ്യയുമായുള്ള കരാറുകളേയും ചൈനയുമായുള്ള കരാറുകളേയും നാം എതിര്‍ക്കാന്‍ ബാധ്യസ്താരാവുകയില്ലേ?

ആണവക്കരാറിനെ എതിര്‍ക്കാന്‍ മുസ്ലീം പേരുപയോഗിക്കുന്നത് അതിനെ കാര്യകാരണ സഹിതം എതിര്‍ക്കാന്‍ വഴിയില്ലാത്തതുകൊണ്ടാണെന്ന് വരുത്തി തീര്‍ക്കാന്‍ ഇടതു പക്ഷത്തു നിന്ന് തന്നെ ശ്രമമുണ്ടോ? അതോ എതിര്‍ത്ത് പറയുന്ന കാരണങ്ങള്‍ എതിര്‍ക്കാന്‍ മാത്രമായി പറയുന്ന കാര്യങ്ങള്‍ മാത്രമോ? ഏതായാലും ഓരോ കരാറുകളും ഓരോ നയതന്ത്ര ബന്ധങ്ങളും രാജ്യതാത്പര്യത്തിന്‍ ഉപകാരമോ അല്ലയോ എന്ന് ഒരൊറ്റ പോയിന്‍റില്‍ മാത്രമേ ചര്‍ച്ച ചെയ്യാന്‍ പാടുള്ളു എന്നത് ഈയൊരു സംഭവത്തില്‍ നിന്ന് പൊതു രാഷ്ട്രീയം പാഠം പഠിച്ചു എന്ന് വേണം കരുതാന്‍. അങ്ങനെയായാല്‍ ഇന്ത്യന്‍ ജനത അതിന്‍റെ ഗുണം അനുഭവിക്കും(മുസ്ലീംകള്‍ മാത്രമല്ല). മറിച്ചുള്ള ചിന്തകളും ചര്‍ച്ചകളും മുസ്ലീംകളെ പൊതു ധാരയില്‍ നിന്നും അകറ്റി നിര്‍ത്തുവാനുള്ള കുത്‌സിത ശ്രമങ്ങളാണ്. അതിന്‍റെ വിളവ് കൊയ്യുക താല്‍ക്കാലികമായി ഈ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരുന്ന ഇടതുപാര്‍ട്ടികളാണെങ്കിലും അത്യന്തികമായി വര്‍ഗ്ഗിയ പാര്‍ട്ടികള്‍ തന്നെയായിരിക്കും

7/18/08

വൈദ്യുതിയും വൈദ്യരും...

ആണവക്കരാറും പാഠ പുസ്തക വിവാദവും അരങ്ങുതകര്‍ക്കുന്നതിനിടയില്‍ സംസ്ഥാനത്ത് രണ്ട് പ്രധാന സര്‍ക്കാര്‍ തീരുമാനങ്ങളുണ്ടായത് ഏറെ ജനജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നതു കൂടിയായിട്ടു പോലും ശ്രദ്ധിക്കപ്പെടാതെ പോയി, ഒരു പക്ഷെ ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധനക്കും വൈദ്യുദി ലോഡ് ഷെഡിംഗ്-പവര്‍ കട്ട്-ചാര്‍ജ്ജ് വര്‍ദ്ധന പ്രഖ്യാപിക്കുവാനുള്ള യോജിച്ച സമയം കേരള സര്‍ക്കാര്‍ ഇപ്പോള്‍ കണ്ടെത്തുകയായിരുന്നോ?

ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധനയും വൈദ്യുദി പ്രതിസന്ധിയും വെവ്വേറെ ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യങ്ങളാണ്। എന്തുകൊണ്ട് വൈദ്യുദി ചാര്‍ജ്ജില്‍ (സര്‍ ചാര്‍ജ്ജ്) വര്‍ദ്ധനയുണ്ടാകുന്നു? പോരാഞ്ഞിട്ട് പവര്‍കട്ട് ലോഡ് ഷെഡിംഗ് എന്നിത്യാദി കലാ പരിപാടികളും സര്‍ക്കാര്‍ കൊണ്ടു വരുന്നു?

ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ്‍ കേരളത്തില്‍ പവര്‍കട്ട് വരാന്‍ പോകുന്നത്..നിയമ പരമായി ഇപ്പോഴാണ്‍ ഗവണ്മെന്‍റെ പ്രഖ്യാപിക്കുന്നതെങ്കിലും കഴിഞ്ഞ ഒരു വര്‍ഷമായി അപ്രഖ്യാപിത പവര്‍ കട്ട് സംസ്ഥാനത്ത് നടന്നു വരികയാണ്। കഴിഞ്ഞ വര്‍ഷം മഴ വളരെയേറെ ലഭിച്ച ഒരു സംസ്ഥാനമാണ്‍ കേരളം, തന്നെയുമല്ല കഴിഞ്ഞ വര്‍ഷം വേനല്‍ മഴയും വളരെയധികം ലഭിക്കുകയുണ്ടായി, ഇടുക്കി ഡാം അടക്കമുള്ള എല്ലാ ഡാമുകളും നിറച്ചാണ്‍ മഴയൊഴിഞ്ഞത്. കിട്ടിയ വെള്ളം മുഴുവന്‍ ഉപയോഗിച്ച് വൈദ്യുദി ഉത്പാദിപ്പിച്ച് പ്രശസ്തിയുണ്ടാക്കുവാന്‍ വേണ്ടി കേന്ദ്ര സ്ഥാപനം വഴി ആറു രൂപക്കും അതില്‍ താഴെയും പൈസക്ക് വിറ്റ് കാശാക്കി, വരും വരായ്കകള്‍ ചിന്തിക്കാതെ... ദീര്‍ഘ വീക്ഷ്ണമില്ലാത്ത സര്‍ക്കാരിന്‍റെ ഈ നയമാണ്‍ കേരളത്തെ ഇന്നത്തെ ഈ പ്രതിസന്ധിയിലേക്കെത്തിച്ചത്।

കാലവര്‍ഷം ആര്‍ക്കും എവിടേയും കരാര്‍ കൊടുത്തിട്ടില്ല ഇത്ര മഴ ഓരോ വര്‍ഷവും പെയ്ത് തരാമെന്ന്, എന്ന് മാത്രമല്ല കാലവസ്ഥ വ്യതിയാനത്തെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുന്ന സംസ്ഥനം കൂടിയാണ്‍ കേരളം। കാല വര്‍ഷത്തിന്‍റെ ഏറ്റക്കുറച്ചിലുകളും സമയ വ്യത്യാസവും കൂടി കണക്കിലെടുത്ത് കേരളത്തിന്‍റെ കാര്‍ഷിക കലണ്ടര്‍ രൂപപ്പെടുത്തുന്ന കാര്യം പോലും കൃഷി വകുപ്പ് തുടങ്ങിയിരിക്കുന്നു, എന്നാല്‍ ഇക്കാര്യം മന്ത്രി ബാലനോ എംവി ജയരാജനോ അറിഞ്ഞിരിക്കില്ല, അതിനും കാരണമുണ്ട് ഇവിടെ ഓരോ മന്ത്രിമാര്‍ക്കും അവരുടെ വകുപ്പ് അവരുടെ സാമ്രാജ്യം തന്നെയാണ്। ഡാമുകളോക്കെ വറ്റി വരണ്ടപ്പോഴാണ്‍ സര്‍ക്കാരിന്‍റെ കണ്ണു തുറന്നത്, മഴ അല്‍പം വൈകുക കൂടി ചെയ്തതോടെ സംഗതി പിണറായി വിചാരിച്ചിടത്തെത്തി കാര്യങ്ങള്‍।

വൈദ്യുദി വിറ്റതോടെ കേരളം വൈദ്യുദി മിച്ച സംസ്ഥാനമായി, അതുകൊണ്ട് തന്നെ വൈദ്യുദി കിട്ടേണ്ട സമയത്ത് പോലും കേന്ദ വിഹിതം കിട്ടാന്‍ അത് തടസ്സമാകും। വൈദ്യുദി ഇല്ലാതായതോടെ വ്യവസായ വികസന സ്വപ്നം അട്ടത്താകുവാനും സാധ്യതയേറി। ഇതിനിടയില്‍ മന്ത്രി ബാലന്‍ സാധാരണ ഇടതുപക്ഷ ഗവണ്മെന്‍റുകള്‍ പറയാറുള്ളതുപോലെ കേന്ദ്ര വിഹിതം കിട്ടാത്തതു കൊണ്ട് കേരളത്തില്‍ വൈദ്യുദി പ്രതിസന്ധിയുണ്ടാകാന്‍ പോകുന്നു എന്ന വാദഗതിയുമായി വന്നിട്ടുണ്ട്। സ്വന്തം ഭരണ പരാജയം മറച്ചു വെക്കുവാനുള്ള മന്ത്രിയുടെ ഈ പെടാപാട് കാണുമ്പോള്‍ സഹതപിക്കുകയല്ലാതെ മറ്റെന്താന്‍ മാര്‍ഗ്ഗം? കുട്ടനട്ടിലെ കൃഷി ദുരിതനാളുകളില്‍ പാര്‍ട്ടി പകിട കളിക്കുന്ന സമയത്തായിരുന്നു വൈദ്യുദ വകുപ്പിന്‍റെ മുന്‍പിന്‍ നോക്കതെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തീരുമാനമായ സമയം. പാര്‍ട്ടി സമ്മേളനങ്ങള്‍ക്കു വേണ്ടി സംസ്ഥാന ബഡ്ജറ്റ് പോലും നീട്ടി വെച്ചവര്‍ക്കെന്ത് വൈദ്യുദി എന്ത് പ്രതിസന്ധി?

മഴവെള്ളത്തിന്‍റെ കാര്യം മാത്രമല്ല ഈ സ്ഥിതിയിലുള്ളത്, ഇനി മഴ കിട്ടിയാല്‍ തന്നെ കേരളത്തിന്‍റെ കാര്യം അവതാളത്തില്‍ തന്നെയാണ്। പന്നിയാര്‍ പെന്‍സ്റ്റോക്ക് പൊട്ടിയതിനെതുടര്‍ന്ന് പ്രവര്‍ത്തനം നിന്നുപോയ ജനറേറ്ററുകള്‍ പത്തുമാസമായിട്ടും പ്രവര്‍ത്തനക്ഷമമായിട്ടില്ല, നേര്യമംഗലം പദ്ധതി ഉത്ഘാടനം നടന്നിട്ടും ഒരു യൂണിറ്റ് വൈദ്യുദി പോലും ഇതുവരെ ഉത്പാദിപ്പിക്കുവാന്‍ നമുക്കായിട്ടില്ല, പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിക്ക് ചൈനീസ് കമ്പനി കരാര്‍ നല്‍കിയ ശേഷം ഇപ്പോള്‍ ഡിസൈന്‍ മാറ്റിയിരിക്കുകയാണ്, മൂഴിയാര്‍ ജനറേറ്റര്‍ പൊട്ടിത്തെറിച്ചിട്ട് അതും ഇതുവരെ ഒന്നുമായിട്ടില്ല। വൈദ്യുദി പ്രസരണ നഷ്ടം കുറക്കും എന്ന പ്രഖ്യാപനങ്ങളല്ലാതെ ഒന്നും ചെയ്തതായും ഈ വിഷയത്തില്‍ കണ്ടില്ല, അങ്ങിനെ പൊതുവെ കുറ്റകരമായ അനാസ്ഥയാണ്‍ വൈദ്യുദി വകുപ്പില്‍ നിന്ന് ഉണ്ടായിട്ടുള്ളത്।

അന്ചു രൂപക്കും ആറു രൂപക്കും നമ്മള്‍('വിത്ത് പുഴുങ്ങി തിന്ന') വിറ്റ വൈദ്യുദി ഇപ്പോള്‍ ഒമ്പത് രൂപക്കും പന്ത്രണ്ട് രൂപക്കും വാങ്ങി അത്രയും പൈസ ജനങ്ങളുടെ കയ്യില്‍ നിന്നും വാങ്ങാനുള്ള തീരുമാനം സര്‍ക്കാരിന്‍റെ ഇത്രയധികം പിടിപ്പ് കേടിന്‍റെ ഫലം ജനങ്ങള്‍ അനുഭവിക്കണമെന്ന ധാര്‍ഷ്ട്യത്തിന്‍റെ തെളിവാണ്, എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്. ആണവക്കരാറിനെ എതിര്‍ക്കുന്ന കേര്ളത്തിലെ ഇടതു പക്ഷം ഇരുട്ടിലിരിക്കുന്ന കേര്ള ജനതയോട് ഏതു വിധത്തിലാണ്‍ വിശധീകരിക്കുവാന്‍ പോകുന്നത്, തങ്ങള്‍ ആണവക്കരാറിനെ എതിര്‍ക്കുന്ന വിധവും കാരണങ്ങളും..

6/18/08

പാഠം ഏഴ്, ഒരു വിലാപം

നാളെയൊരുനാള്‍ സ്ക്കൂളുകളില്‍ നമ്മുടെ മക്കള്‍ പഠിക്കേണ്ടി വരുന്ന പാഠഭാഗം ഒരു പക്ഷെ ഇന്നലെ കഴിഞ്ഞു പോയ എസ്।എഫ്.ഐ യുടെ തകര്‍പ്പന്‍ സമരത്തെക്കുറിച്ചായിരിക്കും (കൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ അപമാനിച്ചതിന്‍ പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു എസ്.എഫ് ഐ യുടെ ഇന്നലത്തെ സമരം). കരിവെള്ളൂര്‍ പോലെ, മെര്‍ക്കിന്സ്റ്റണ്‍ പോലെ കയ്യേറിയ ഭൂമിയിലെ പാര്‍ട്ടി ഓഫീസിനെ ജീവന്‍കൊടുത്തും സംരക്ഷിക്കാന്‍ ഇറങ്ങിയതു പോലെ, കാരണം ഇന്നത്തെ എസ്.എഫ്.ഐ നേതാവാകാം ഒരു പക്ഷെ നാളത്തെ എം. എ. ബേബി.

എന്തുകൊണ്ട് നമ്മുടെ രഷ്ട്ര നേതാക്കള്‍ അപമാനിക്കപ്പെടുന്നു? എന്തു കൊണ്ട് മാര്‍ക്സിസ്റ്റുകാര്‍ തെരുവുകളില്‍ അവരുടെ സഖാക്കളെ വിഷം കുത്തിവെക്കുവാന്‍ പാടിപ്പറഞ്ഞുപോന്നിരുന്നവ, വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നു? ദൈവ നിഷേധം വിജ്ഞാന ദാഹത്തിന്‍റെ ഭാഗമോ?

ഗാന്ധിയും റാണിലക്ഷ്മി ഭായിയും നാനാ സഹേബും ഇന്നത്തെ കോണ്‍ഗ്രസ്സുകാര്‍ക്കു തുല്യമാണെന്നോ അതുമല്ലെങ്കില്‍ അതിനേക്കാളേറെ മേലെയാണെന്ന തെറ്റിദ്ധാരണ മാര്‍ക്സിസ്റ്റുകാര്‍ക്കുണ്ടോ?। ഗാന്ധിയെക്കുറിച്ച്, നെഹ്രുവിനെക്കുറിച്ച് നാം പഠിച്ചത് അവര്‍ കോണ്‍ഗ്രസ്സുകാര്‍ ആയൈരുന്നതു കൊണ്ടോ മറ്റു പാര്‍ട്ടിക്കാര്‍ ആവാതിരുന്നതു കൊണ്ടോ അല്ല. സ്വാതന്ത്ര്യത്തിലും അതിനു ശേഷം രാഷ്ട്ര നിര്‍മ്മാണത്തിലും അവരുടേതായ നേതൃത്തപരമായ പങ്കുള്ളതു കൊണ്ടായിരുന്നു.

നേതാകന്മാരെക്കുറിച്ച് പഠിച്ചാല്‍, ഇല്ലാത്ത യാതനകള്‍ അവര്‍ വരും തലമുറക്കു വേണ്ട് നടത്തി, സഹിച്ചു എന്നൊക്കെ പഠിച്ചാല്‍ തങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടി നിലനില്‍ക്കുമെന്ന മണ്ടത്തരം വിശ്വസിച്ചിട്ടാണെങ്കില്‍ അവരോര്‍ക്കേണ്ടത് സ്വന്തം നേതാക്കന്മാരുടെ അക്രമം പോലും ന്യായീകരിച്ച് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു പോന്ന സോവിയറ്റ് യൂണിയന്‍ പോലുള്ള രാഷ്ട്രങ്ങളിലെ ജനങ്ങളുടെ പിന്തിരിഞ്ഞു നോട്ടമാണ്।

ബി।ജെ.പി. ഭരണക്കാലത്ത് പാഠ്യപദ്ധതി ഹിന്ദുത്വ വല്‍ക്കരിക്കുന്നു എന്ന് മുറവിളികൂട്ടിയവര്‍, തങ്ങളുടെ പാര്‍ട്ടി പിടുത്ത വിഭാഗീയത പോലും പാഠ്യ വിഷയമാക്കാന്‍ ശ്രമിക്കുന്നത് എത്ര അപഹാസ്യമാണ്॥എത്ര ഭരണഘടനാ വിരുദ്ധമാണ്. ഇങ്ങനെ വരുന്ന വരുന്ന സര്‍ക്കാരുകള്‍ അവരുടെ ഇംഗിതത്തിനൊത്ത് അവരുടെ പാര്‍ട്ടി തത്വങ്ങളും അജണ്ടകളും കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിലൂടെ ഒരു തലമുറയെ മുഴുവന്‍ ബുദ്ധിശ്യൂനരാക്കുന്നതിന്‍ സമമല്ലേ? പ്രത്യകിച്ചും മത്സരത്തിന്‍റെ ഈ ലോകത്ത്? ഇതെന്തു ന്യായമാണ്? പാര്‍ട്ടി നോട്ടീസുകള്‍ പ്രാക്ടിക്കല്‍ ആയി പഠിക്കണം എന്നു പറയുന്നതിലെ വങ്കത്തം.............

ചര്‍ച്ചകളോ ചിന്തകള്‍ പോലുമോ ഇല്ലാത്ത ഒരു വിദ്യാഭ്യാസ നയവുമായി വന്ന മന്ത്രി ബേബിക്ക് ആകെ കൈമുതലായുള്ളത് തനിക്കെല്ലാം അറിയാം, താന്‍ മാത്രം വിവരമുള്ളവന്‍ എന്ന അഹങ്കാരം മാത്രമായിരുന്നുവെന്നത്, തുടര്‍ന്നു വന്ന നിയമങ്ങളുടെ പരാജയവും വഴി തെറ്റിയ മാറ്റങ്ങളുടെ(സമയത്തിന്‍റെ, പേരുകളുടെ) തകര്‍ച്ചയും മറു ചിന്തക്ക് ഇടം നല്‍കാത്ത വിധം ഇദ്ധേഹം ഒരു വിദ്യഭ്യാസ മന്ത്രിക്ക് ചേര്‍ന്ന യോഗ്യതയില്ലാത്തയാളാണെന്ന് തെളിഞ്ഞതാണ്।

മാറ്റങ്ങള്‍ വേണം, അത് പേരിലോ, സമയത്തിലോ അതുമല്ലെങ്കില്‍ പാര്‍ട്ടിയുടെ മുദ്രാവാക്യങ്ങള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നതിലോ അല്ല വേണ്ടത്. മാറ്റങ്ങള്‍ ക്രിയാത്മകമാകണം, അങ്ങനെയൊരു മാറ്റമോ വിദ്യാഭ്യാസ നയമോ എന്തിന്‍ പാഠപുസ്തകമോ കൊണ്ടു വന്നാല്‍ ആര്‍ക്കും എതിര്‍ക്കാനാവില്ല, അംഗീകരിക്കാതിരിക്കാനാവില്ല.

6/14/08

വിഷമിറക്കുന്ന വിധം

സി। പി. ഐ ഓഫീസ് അടിയന്തിരമായി ഏറ്റെടുക്കണമെന്ന നിലപാട് സ്വീകരിച്ച ഇടുക്കി ജില്ലാ കളക്റ്റര്‍ അശോക് കുമാര്‍ സിംഗിനോട് നാളെ മുതല്‍ അവധിയില്‍ പോകാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. മസുറിയില്‍ പരിശീലനത്തിനു അയക്കുന്നതിന്‍റെ ഭാഗമായാണ്‍ അവധി എന്ന് റവന്യൂ വകുപ്പ് വിശദീകരിക്കുന്നത്....

ഇങ്ങനെ പല അവധികളും ചികിത്സകളും വിശ്രമവും കേരളീയര്‍ കണ്ടതാണ്। പാര്‍ട്ടി താത്പര്യങ്ങളെ തൊട്ടു കളിച്ചാല്‍ ഇങ്ങനെയൊക്കെയാണ്. അച്ചുദാനന്ദനേക്കൊണ്ടായ വിധം അച്ചുദാനന്ദനും മറ്റു മന്ത്രിമാരെക്കൊണ്ടായതു പോലെ അവരും. ഓരേ രഥത്തില്‍ കെട്ടിയിട്ടിട്ടുള്ള കുതിരകള്‍ വിവിധ ദിശകളിലേക്ക് പായും പോലെയാണ്‍ ഇപ്പോഴത്തെ കേരള ഭരണം.

മൂന്നറിലെ ഒരവധി ചികിത്സ നമുക്ക് സാന്ദര്‍ഭികമായി ഓര്‍ക്കാം। മൂന്നറിപ്പോള്‍ ചരിത്രമാണ്, എഴുതപ്പെട്ടത്, എഴുതപ്പെടാതെ ചില ഗാഥകളും... അവയിലൊന്ന് നിങ്ങള്‍ക്കായ്...

മൂന്നാറിലെ ഒരു മഴയൊഴിഞ്ഞ പ്രഭാതം

സര്‍വ്വേ കല്ലിന്‍റെ വേരിന്
ഔഷധ ഗുണമുണ്ടെന്ന് പറഞ്ഞത്
മല കയറിയിറങ്ങി വന്ന
മൂക്കിന്‍മേല്‍ കണ്ണട വെച്ചയാളാണ്.
-കേട്ട പാതി കേള്‍ക്കത്ത പാതി-
കര്‍ക്കിടകക്കഞ്ഞി മൂടിവെച്ച്,
മഴ തോരുന്നതും കാത്ത്
കോരന്‍മാരെല്ലാവരും പുറത്തേക്കു കണ്ണെറിഞ്ഞു.
കണ്ണടക്കിരിക്കാന്‍ നല്ല മേശ കിട്ടിയ നേരം
വേരു പറിക്കാന്‍ മൂന്നു മൂഷികരിറങ്ങി,
മുമ്പേ എത്തിയ (വ്യാജ)രേഖയുള്ള എലികള്‍
വിഷം തീണ്ടി മൂഷികരെ കൊന്നൂ.
നേരം പുലര്‍ന്ന നേരം, കോരന്‍ കണ്ടതിങ്ങനെ-
വിളക്കിന്‍ തിളക്കം കണ്ടണഞ്ഞ പാറ്റകള്‍
കൂടുതല്‍ തിളക്കം കൊതിച്ച് തിരിയില്‍ എരിഞ്ഞടങ്ങി
കോരന്‍റെ കഞ്ഞി പഴങ്കഞ്ഞിയായ്
വലിച്ചെറിഞ്ഞ കുമ്പിള്‍ തേടി കോരന്‍ പുറത്തിറങ്ങി...

5/31/08

പുകയുണ്ടാകുന്നത്......

പെട്രോള്‍ വില വര്‍ദ്ധന ഒരു പുതിയ സംഭവമല്ലാതായിരിക്കുന്നു, യാഥാര്‍ത്ഥ്യം ജനങ്ങള്‍ ഉള്‍ക്കൊണ്ട് തുടങ്ങിയിരിക്കുന്നു। എന്നാല്‍ ഇതിന്‍റെയൊക്കെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയിട്ടോ അതോ മനസ്സിലാക്കഞ്ഞിട്ടോ ചിലര്‍ ആടുന്നു, മറ്റു ചിലര്‍ കഥയറിയാതെ ആട്ടം കാണുന്നു.
അടുത്ത ആറു മാസത്തിനുള്ളില്‍ വീപ്പക്ക് നൂറ്റിയമ്പത് ഡോളര്‍ വരെ അന്താരഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന്‍ വില വര്‍ദ്ധനയുണ്ടാകുമെന്നാണ്‍ പുതിയ റിപ്പോര്‍ട്ടുകള്‍। അന്താരാഷ്ട്ര വില വര്‍ദ്ധനക്കനുസരിച്ചാണ്‍ ഇന്ത്യയില്‍ പെട്രോളിന്‍ വില വര്‍ദ്ധിക്കുന്നതെങ്കിലും ഇന്ത്യയിലെ വര്‍ദ്ധനയ്ക്ക് വേറെ ചില മാനങ്ങളുണ്ട്। ഇന്ത്യയിലെ പെട്രോളിയം കമ്പനികള്‍ നഷ്ടത്തിലാണ്‍ പ്രവര്‍ത്തിക്കുന്നത് എന്നതാണ്‍ വര്‍ദ്ധനയ്ക്ക് കാരണമായി കേന്ദ്ര സര്‍ക്കാര്‍ പറയുന്ന കാരണം. എന്തുകൊണ്ട് നഷ്ടം, കൂടെ മറ്റു ചില ചോദ്യങ്ങളും..........
1) യഥാര്‍ത്ഥത്തില്‍ കമ്പനികള്‍ നഷ്ടത്തില്‍ തന്നെയാണോ? കമ്പനികള്‍ കൊടുക്കുന്ന കണക്കനുസരിച്ചാണ്‍ കമ്പനികള്‍ക്ക് നഷ്ടമാണോ ലാഭമാണോ എന്ന് ഗവണ്മെന്‍റെ തീരുമാനിക്കുന്നത്, അല്ലാതെ ഗവണ്മെന്‍റെ വ്യക്തമായ ഒരു ആഡിറ്റിംഗും നടത്തുന്നില്ല എന്നാണ്‍ കമ്പനി വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കുന്നത്। തൊഴിലാളി യൂനിയനുകളും ഇത് ശെരിവെക്കുന്നു।
2)വില വര്‍ദ്ധനയില്‍ കേന്ദ്ര ഗവണ്മെന്‍റും സംസ്ഥാന ഗവണ്മെന്‍റും ആന്തരികമായി, ധനകാര്യ മന്ത്രിമാരെങ്കിലും, സന്തോഷവന്മാരാണോ? കാരണം വില വര്‍ദ്ധനക്കനുസരിച്ചാണ്‍ ടാക്ക്സും വര്‍ദ്ധിക്കുന്നത്। കേരളത്തിലാണെങ്കില്‍ ഉമ്മന്‍ചാണ്ടി മുഖ്യ മന്ത്രിയായിരിക്കുമ്പോള്‍ ഒരു വട്ടം അധിക വരുമാനം വേണ്ടെന്നു വെച്ചതൊഴിച്ചാല്‍ അടുത്ത കാലത്തൊന്നും ഒരു ഗവണ്മെന്‍റെഉം ജനങ്ങളുടെ മേല്‍ അധിക ഭാരം വരരുത് എന്ന ആവശ്യത്തിനു വേണ്ട് അധിക വരുമാനം വേണ്ടെന്നു വെച്ചിട്ടില്ല।
3) പെട്രോളിയം കമ്പനികള്‍ ഓരോ വര്‍ഷത്തിലും പരസ്യത്തിനു വേണ്ടി ചിലവാക്കുന്ന തുകയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കേണ്ടിയിരിക്കുന്നു। കാരണം അവര്‍ പരസ്യത്തിനു വേണ്ടി ചിലവാക്കുന്ന തുക കൂടി കൂട്ടിയാന്‍ നഷ്ടത്തിന്‍റെ കണക്കവതരിപ്പിക്കുന്നത്। ആ നഷ്ടം പേറേണ്ടത് ഇതേ ഉപഭോക്താവ് തന്നെയും. പരസ്യം പെട്രോള്‍ വില്പനക്ക് ആവശ്യമുണ്ടോ? ബ്രാന്ഡ് ബൂസ്റ്റ് ചെയ്യാനാണെങ്കില്‍ ജനങ്ങള്‍ക്കതിന്‍)റെ ആവശ്യമില്ല, അവര്‍ക്കാവശ്യമുണ്ടെങ്കില്‍ അതിന്‍ വേറെ മാര്‍ഗ്ഗം നോക്കണം
4) ഓരോ മന്ത്രാലയവും ചിലവാക്കുന്ന പെട്രോളിന്‍റെ പരിതി എന്താണ്? അങ്ങനെ ഒരു പരിതി ഇന്ന് നിലവിലില്ലാത്തതു കൊണ്ടുള്ള ബാധ്യത ഏറെയാന്‍ എന്നത് കൊണ്ട് അത് കൂടിയേ തീരു। ജനങ്ങള്‍ക്കു കൂടി അവര്‍ ഉപയഓഗിക്കുന്നതിനൊരു പരിധി വെക്കാണമെങ്കിലും ഗവണ്മെന്‍റെ തലത്തിലാണ്‍ ഇത് ആദ്യം വേണ്ടത്। എന്തുകൊണ്ട് ഇതിനൊരു നിയന്ത്രണമില്ല? ഉത്ഘാടനം മുതല്‍ കല്യാണ ആവശ്യങ്ങള്‍ക്കു വരെ മന്ത്രിമാരോ എം എല്‍ എ മാരോ വേണമെന്നെന്തിനു ജനം ശാഠ്യം പിടിക്കുന്നു?
5)കുടുംബാസൂത്രണം പോലെ, അല്ലെങ്കില്‍ അതിനേക്കാളേറെ പ്രാധാന്യത്തോടെ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തേണ്ടിയിരുന്ന ഒരു വിഷയമായിരുന്നു പെട്രോള്‍ ഉപയോഗത്തിന്‍റെത്। എന്നാല്‍ ഗവണ്മെന്‍റുകള്‍ ഈ വിഷയത്തില്‍ ഇതുവരെ എന്തു ചെയ്തു? ഇന്ഡ്യയില്‍ പെട്രോളിന്‍രെ ഉപയോഗം കുറഞ്ഞാല്‍ അന്താ രാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്‍റെ വില കുറയില്ല, എന്നാല്‍ ഇന്ഡ്യന്‍ പെട്രോളിയം കമ്പനികളുടെ നഷ്ടം കുറയുമല്ലോ?
6)വാഹനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലും അമിത പെട്രോള്‍ ഉപയോഗം വരുന്ന രീതിയിലുള്ള പഴയ വാഹനങ്ങള്ക്ക് ടെസ്റ്റ് പാസ്സാക്കിയ് കൊടുക്കാതിരിക്കുന്നതിലൂടെയും ഗവണ്മെന്‍റെ മെഷിനറികള്‍ അഴിമതി രഹിതവുമാകേണ്ടിയിരിക്കുന്നു। കെ എസ് ആര്‍ ടി സി പോലുള്ള പെട്രോള്‍ കുടിയന്‍ കോര്‍പ്പറേഷനുകളുടെ അധിക ബാധ്യത ഗവണ്മെന്‍റില്‍ അല്ലെങ്കില്‍ ജനങ്ങളുടെ മേല്‍ വരുന്നതും മുട്ടു ന്യായങ്ങള്‍ മാത്രമല്ല।
ലോകത്ത് ഏറ്റവും കൂടുതല്‍ പെട്രോള്‍ ഉപയോഗിക്കുന്ന ആര്‍ രാഷ്ട്രങ്ങളിലൊന്നാണ്‍ ഇന്ത്യ. കൂടുതല്‍ ചിന്തകള്‍ക്കും പരിഹാരങ്ങളും ഉണ്ടാകേണ്ടിയിരിക്കുന്ന ഈ വിഷയത്തിലേക്ക് ജനങ്ങളുടെ കൂടി സഹകരണം അത്യന്താപേക്ഷിതമാണ്

5/23/08

രണ്ട് രഹസ്യങ്ങള്‍

*** പതിറ്റാണ്ടുകളായി പശ്ചിമ ബംഗാള്‍ അടക്കിവാഴുന്ന സി।പി।എം മുന്നണി ഏറ്റവും ഒടുവിലത്തെ പഞ്ജായത്ത് തിരഞ്ഞെടുപ്പില്‍, ജില്ലാ പരിഷത്തുകളില്‍ പതിനേഴണ്ണെത്തില്‍ പതിമൂന്നെണ്ണം നിലനിര്‍ത്തിയിട്ടും വാര്‍ത്ത പ്രാധാന്യം ലഭിക്കാതെ പോയതെന്തേ?

നന്ദിഗ്രാം ഉള്‍പ്പെട്ട പൂര്‍വ്വ മിഡ്നാപ്പൂര്‍ ജില്ലാ പരിഷത്തിലെ അമ്പത്തി മൂന്നില്‍ മുപ്പത്തി രണ്ട് സീറ്റും തൃണമൂല്‍ കോണ്‍ഗ്രസ്സ് പിടിച്ചെടുത്തത് ചില കാര്യങ്ങളിലേക്കുള്ള ചൂണ്ടുവിരലാണ്। കാരണം തൊട്ടു മുമ്പത്തെ തിരഞ്ഞെടുപ്പില്‍ തൃണമൂലിന്‍ ഇവിടെ കിട്ടിയത് വെറും രണ്ട് സീറ്റാണ്. സി പി എം ആര്‍ എസ് പി യും വോട്ടെടുപ്പെ ദിവസം പരസ്പരം ഏറ്റുമുട്ടിയതും കൂട്ടിവായിക്കണം. കോണ്‍ഗ്രസ്സിന്‍റെ കയ്യിലുണ്ടായിരുന്ന മുര്‍ഷിദാബാദ് സി പി എം കായിക ബലത്തിലൂടെ കൈയടക്കിയെങ്കിലും മുസ്ലിം സമ്മതിദായകര്‍ പൊതുവെ സി പി എം നെതിരാണെന്നാണ്‍ പഞ്ജായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചന.

മുതലാളിത്ത-കുത്തക അനുകൂല സാമ്പത്തിക നയങ്ങളും ഫാസിസ്റ്റ് സ്റ്റാലിനിസ്റ്റ് പെരുമാറ്റ ശൈലിയുംന്യൂനപക്ഷ വിമുഖമായ വികസന പദ്ധതികളും സി പി എമ്മിന്‍ ഭീഷണിയാവുകയാണോ? അതോ അളമുട്ടിയാല്‍ ചേരയും കടിക്കുമെന്ന മുന്നറിയിപ്പാണോ ബംഗാള്‍തിരഞ്ഞെടുപ്പ് ഫലങ്ങള്‍ രാജ്യത്തെ വലിയ ഇടതുപക്ഷ പാര്‍ട്ടിയെ ഓര്‍മ്മിപ്പിക്കുന്നത്?

*** ഒബാമ പ്രസിഡന്‍റെ മത്സരത്തിനും തുടര്‍ന്ന് അമെരിക്കന്‍ പ്രസിഡന്‍റുമാകാനുള്ള സാഹചര്യം ഒരുങ്ങി വരുന്നതിനിടയ്ക്ക് ഒരു ചെറിയ വികല ചിന്ത॥

ബാറാക് ഒബാമയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് പുതിയൊരു മാതൃകാ വ്യക്തിത്വത്തിന്‍റെ ആഗമനമായി വിലയിരുത്താന്‍ കഴിയുമോ? കറുത്ത വര്‍ഗ്ഗത്തിന്‍റെ അതിനേക്കാള്‍ ഉപരി യുവത്വത്തിന്‍റെ മൂര്‍ച്ചയുമായാണ്‍ ഒബാമയുടെ രംഗ പ്രവേശം। ഒബാമയുടെ അച്ഛന്‍ കെനിയക്കാരനായ മുസ്ലിം ആണ്‍ എന്നതും കെനിയന്‍ ആവേശവും കറുപ്പിന്‍റെയും ഇസ്ലാമിന്‍റെയും രക്തക്കറയും ബാക്കിയുണ്ടെന്ന തിരഞ്ഞെടുപ്പ് പ്രക്രിയക്ക് ഇടക്ക് പൊന്തി വന്ന പ്രചാരണം എന്തിന്‍റെ തുടക്കമാണ്? അല്ലെങ്കില്‍ എന്തിന്‍റെ അവസാനമാണ്?

ആദ്യമായി അധികാരം ലഭിക്കെ ജോര്‍ജ്ജ് ബുഷും ടോണി ബ്ലയറും താരതമ്യാന യുവാക്കളായിരുന്നു। പക്ഷെ അധികാരം ഇരുവരേയും വൃദ്ധന്മാരാക്കിയോ? മുന്‍ പ്രധാനമന്ത്രി പി.വി.നരസിംഹ റാവു, ഇപ്പോഴത്തെ റിപ്പബ്ലിക്കന്‍ നേതാവ്ജോണ്‍ മെക്കയിന്‍ എന്നിവരെപ്പോലുള്ള അനേകം നേതാക്കന്മാരെ ഓര്‍ത്തു കൊണ്ടാണെങ്കില്‍ അധികാരം വൃദ്ധരെ ഊര്‍ജ്സ്വലരാക്കുന്ന ഔഷധമാണോ? മറ്റേതൊരു അമേരിക്കന്‍ ഗവണ്മെന്‍റൈനേപ്പോലെ മാത്രമെ ഇതൊക്കെയാണെങ്കിലും ഒബാമ പ്രസിഡന്‍റെ ആവുകയാണെങ്കില്‍ പ്രവര്‍ത്തിക്കാനാവൂ എന്നത് ചരിത്രത്തിന്‍റെ ആവര്‍ത്തനം മാത്രമെ ആകൂ, ആവര്‍ത്തനങ്ങളാണ്‍ അമേരിക്ക.

ശത്രു നിഗ്രഹം കഴിഞ്ഞാല്‍ അധികാര വഴികളില്‍ നൃത്തം ചെയ്യാന്‍ പ്രേതത്തിന്‍റെ ചങ്ങാത്തവും ആവശ്യമാകും. അതും കറുത്ത കരങ്ങള്‍ക്കുള്ളിലമര്‍ന്ന വൈറ്റ് ഹൌസിന്‍ അലങ്കാരമാണ്.

5/21/08

പിഴക്കുന്ന ചര്‍ച്ചകള്‍

ജനകീയാസൂത്രണത്തിന്‍റെ ലക്ഷ്യം എന്തായിരുന്നാലും അതിന്‍റെ വിജയ ശതമാനക്കണക്ക് എത്രയായിരുന്നാലും എങ്ങിനെയായിരുന്നാലും അന്നത്തെ ഇടതു പക്ഷ ജനാധിപത്യ മുന്നണി ഗവണ്മെന്‍റെ നടപ്പാക്കിയ ഒരു രീതി മറ്റേതൊരു ഇന്ഡ്യന്‍ സംസ്ഥാനത്തിനും മാതൃകായായിരുന്നു എന്ന് വേണം പറയാന്‍। ഇടതു പക്ഷ മുന്നണിയില്‍ ചര്‍ച്ച ചെയ്ത അത്ര തന്നെ പ്രാധാന്യം അന്നത്തെ പ്രതിപക്ഷമായ ഐക്യജനാധിപത്യമുന്നണിയുമായും ചര്‍ച്ച ചെയ്യുന്നതിലും അത് നടപ്പാക്കുന്ന ക്രമീകരണത്തിലും കൈ കൊണ്ടു എന്നത് ഇന്നത്തെ സംസ്ഥാന ഗവണ്മെന്‍റിന്‍ സുഖമുള്ള ഒരു ഓര്‍മ്മ മാത്രമായിരിക്കും എന്നു വേണം കരുതാന്‍.

ജനകീയാസൂത്രണം പോലെ വ്യാപകവും സാര്‍വത്രികവുമായ ഒരു പദ്ധതി നടപ്പാക്കുന്നതില്‍ പ്രതിപക്ഷ പിന്തുണ വളരെയധികം പ്രാധാന്യം ഉള്ളതായിരുന്നു, അങ്ങനെ പ്രതിപക്ഷ പിന്തുണ അതിനില്ലായിരുന്നുവെങ്കില്‍ വളരെയധികം വിമര്‍ശനം നേരിടേണ്ടി വരുമായിരുന്നു, എന്ന് മാത്രമല്ല എല്‍।ഡി।ഏഫ് ഗവണ്മെന്‍റൈനു ശേഷം യു.ഡി.എഫ് ആണ്‍ അധികാരത്തില്‍ വരുന്നെതെങ്കില്‍ അവരും അത് ഏറ്റെടുത്ത് നടപ്പാക്കുമെന്ന് ജനങ്ങള്‍ക്കും മറ്റു ഗവണ്മെന്‍റെതര കേന്ത്രങ്ങള്‍ക്കും സന്ദേശം കൊടുക്കാന്‍ കഴിഞ്ഞതും ഉദ്ദേശിച്ച രീതില്‍ ധനസമാഹരണം നടത്താന്‍ കഴിഞ്ഞതും ചരിത്രമാണ്.

ഇത്രയും പറഞ്ഞു നിറുത്തുവാനുള്ള കാരണം ഓരു പക്ഷെ ജനകീയസൂത്രണത്തേക്കാള്‍ കേരളത്തിന്‍ അത്യാവശ്യമായി വന്നിരിക്കുന്ന ഒരു പദ്ധതിയാണ്‍ ഭക്ഷ്യാ സുരക്ഷാ പദ്ധതി। ജനകീയാസൂത്രണം നടത്തിയില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്നൊരു ചോദ്യം ഒരു പക്ഷെ ആരും സ്വയം ചോദിക്കും എന്ന് തോന്നുന്നില്ല. എന്നാല്‍ ഭക്ഷ്യ സുരക്ഷാ പദ്ധതി നടന്നില്ലെങ്കിലുള്ള നഷ്ടം ഭയാനകമായ വിപത്ത് ഓരോ മലയാളിയും കഴിഞ്ഞ മൂന്നു നാലു മാസമായി കണ്ട് ഞെട്ടിത്തുടങ്ങിയിരിക്കുന്നു. എന്നാല്‍ ഇത്രയും അതിപ്രധാനമായ ഒരു പദ്ധതിയുടെ പ്രാധമിക ചര്‍ച്ച ചെയ്യപ്പെടേണ്ട ഇടതുമുന്നണി ചര്‍ച്ച പരാജയപ്പെടുകയും പല തവണ മാറ്റിവെക്കപ്പെടുകയും ചെയ്തിരിക്കുന്നു എന്നത് ജനങ്ങളോടുള്ള വെല്ലു വിളിതന്നെയാണ്. ഇടതു മുന്നണിയില്‍ ഈ ചര്‍ച്ച പൂര്‍ണ്ണമായതിനു ശേഷം വേണം പ്രതിപക്ഷമടക്കമുള്ളവരുടേയും മറ്റ് ഏജന്‍സികളുടേയും കേന്ദ്ര ഗവണ്മെന്‍റിന്‍റെയും സഹകരണം ഉറപ്പു വരുത്തേണ്ടത്.

ഇടതുമുന്നണിയിലെ ചക്ലത്തിപ്പോരു മൂലം മുടങ്ങിക്കിടക്കുന്ന ഈ പദ്ധതി മറ്റു സംസ്ഥാനങ്ങള്‍ക്കു പോലും മാതൃകയാവേണ്ടതായിരുന്നു। ഒരു പക്ഷെ വൈകിയെങ്കിലും ഇതു നടപ്പായാലും നഷ്ടപ്പെട്ട ദിനങ്ങള്‍ നഷ്ടം തന്നെയാണ്. കുറെ ദിവസങ്ങള്‍ക്ക് ശേഷം ചര്‍ച്ച ചെയ്ത് പോരു പരിഹരിച്ചാല്‍ തന്നെ ഇത്രയും നീട്ടിക്കൊണ്ടു പോയ പദ്ധതിയുടെ ബലഹീനത പരിഹാര്യമാകാന്‍ മറ്റൊരു ശ്രമം കൂടിയേ തീരൂ. പ്രധാനപ്പെട്ട ഒരു കാര്യം അധികാര വടം വലിയാണ്‍ ഇതിനു പിന്നിലുള്ളതെന്നതാണ്. ആസൂത്രണ കമ്മീഷന്‍ മുന്നോട്ട് വെച്ച ഈ പദ്ധതിയുടെ ചെയര്‍മാന്‍ ആരാകും എന്നതാണ്‍ തര്‍ക്ക വിഷയമെങ്കിലും ഇപ്പോള്‍ അത് ധനം കണ്ടെത്തേണ്ടുന്ന വകുപ്പുകളുടെ എണ്ണത്തിന്‍റെയും അളവിന്‍റെയും നിലപാടുകളിലേക്ക് എത്തപ്പെട്ടിരിക്കുന്നു.


ആകെ ആവശ്യമുള്ളതിന്‍റെ പതിനഞ്ചു ശതമാനം മാത്രം ധാന്യം ഉല്‍പാതിപ്പിക്കപ്പെടുന്ന കേരളം പോലൊരു സംസ്ഥനത്തിന്‍ ഇങ്ങനെയൊരു പദ്ധതിയുടെ ആവശ്യകത ഏറെയാണ്। അതിന്‍ തുക മുടക്കേണ്ടത് അല്ലെങ്കില്‍ പദ്ധതി വിഹിതം കണ്ടെത്തേണ്ടതും കന്ദ്ര ഗവണ്മെന്‍റിന്‍റെ സഹായത്തോടെ സഹകരണത്തോടെ നടപ്പാക്കേണ്ടതും സംസ്ഥന ഗവണ്മെന്‍റെ തന്നെയാണ്. അത് കൃഷി വകുപ്പിന്‍റെ മാത്രം പണം മാത്രമെടുത്തോ അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് വകമാറ്റിയോ ധനകാര്യ വകുപ്പുകളില്‍ നിന്ന് പ്രത്യാകമായി അനുവദിച്ചോ ഇതു നടത്തുക തന്നെ വേണം. മുഖ്യമന്ത്രി ചെയര്‍മാനായാലും കൃഷിവകുപ്പ് മന്ത്രി ചെയര്‍മാനായാലും പദ്ധതി നടപ്പിലാക്കുക തന്നെ വേണം.

സര്‍ക്കാരിന്‍റെ അഭിമാനമാകേണ്ടിയിരുന്ന ഒരു പദ്ധതി സംസ്ഥാന സര്‍ക്കരിന്‍ അപമാനമാകുന്ന രീതിയിലേക്ക് വലിച്ചിഴച്ചു കൊണ്ട് പോയതിന്‍ മുഖ്യ മന്ത്രിക്കും മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കുമുള്ള സ്ഥാനം വളരെ വലുതാണ്. കണക്കുകളുടേയോ സ്ഥനമാനങ്ങളുടേയോ നിലവിളികളല്ല ഒരു ജനതക്കാവശ്യം, മറിച്ച്, അവരുടെ രോദങ്ങള്‍ കേള്‍ക്കുന്ന ഹൃദയമുള്ള ശരീരത്തിന്‍റെ കര്‍ണ്ണപടങ്ങളുള്ള കാതുകളാണ്, മായാ കാഴ്ച്ചകള്‍ മാത്രം കാണാത്ത കണ്ണുകളാണ്.

5/20/08

മിനിസ്റ്റര്‍ ഓഫ് ദി ഇയര്‍

മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന കേരള സര്‍ക്കാരിനെ വിലയിരുത്തുക എന്നത് അസാധ്യമായ ഒന്നല്ല, കാരണം ആര്‍ക്കും ലളിതമായി പറയാവുന്ന രീതിയിലാണ്‍ ഗവണ്മെന്‍റിന്‍റെ രണ്ടു വര്‍ഷത്തെ പ്രകടനം। എന്നാല്‍ മത്രിമാരെ അവരുടെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ വിലയിരുത്തുക അല്ലെങ്കില്‍ ആരാണ്‍ കേമന്‍ അല്ലെങ്കില്‍ ആരാണ്‍ പോഴന്‍ എന്ന് തിരഞ്ഞെടുക്കല്‍ ഓരു വിധത്തില്‍ പറഞ്ഞാല്‍ രസകരമാണെന്ന് തോന്നുന്നു।

ഈ കുറിപ്പിന്നാധാരവും ഈ ഒരു ചിന്ത എന്നതിനോടൊപ്പം മലായാളത്തിലെ രണ്ടു ചാനലുകള്‍ നടത്തിയ അഭിപ്രായ സര്‍വ്വെയെക്കുറിച്ച്, അതിനെ തൊട്ടു തീണ്ടാത്ത ചില ചിന്തകളുമാണ്।ആരാണ്‍ നല്ല മന്ത്രി? ആരാണ്‍ മോശം മന്ത്രി? നാം വോട്ട് ചെയ്യുന്നതിന്‍ മുമ്പ് അല്ലെങ്കില്‍ ഒരഭിപ്രായം പറയുന്നതിന്‍ മുമ്പ് ഈ അഭിപ്രായ വോട്ടെടുപ്പിന്‍റെ വിശ്വസ്ഥത എത്രയെന്നതും അതിന്‍ പൊതു സമൂഹത്തില്‍ അല്ലെങ്കില്‍ ഈ ഭരിക്കപ്പെടുന്നവര്‍ എത്ര വിലകൊടുക്കുന്നു, ഏതു തരത്തില്‍ വിലയിരുത്തുന്നു എന്നതും നല്ലൊരു ചിന്ത തന്നെയാണ്। അഭിപ്രായ സര്‍വ്വെ നടത്തുന്നവരുടെ ഉദ്ദേശ ശുദ്ധി, അഭിപ്രായ സര്‍വ്വെ നടത്തുന്നവരുടെ മുന്‍ നിലപാടുകളും രാഷ്ട്രീയമായ വീക്ഷ്ണവും വിചിന്തന വിധേയമാണ്।

സര്‍വ്വെയുടെ പിന്‍വാര്‍ത്തകള്‍ നില്‍ക്കട്ടെ। ഒരു സര്‍വ്വെയില്‍ നല്ല മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ജലവിഭവ വകുപ്പ് മന്ത്രി പ്രേംചന്ത്രനാണ്। മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ്, അല്ലാതെ എന്തു പറയാന്‍? പ്രേം ചന്ത്രനല്ലാതെ വേറെ ഏതു മന്ത്രിയെ നല്ല മന്ത്രിയായി തിരഞ്ഞെടുക്കും? കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട ഒരു ഗവണ്മെന്‍റില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ച്ചവെക്കാന്‍, സിനിമക്കാരുടെ ഭാഷയില്‍ അഭിനയ സാധ്യതയുള്ള റോളുകള്‍ ലഭിച്ചിട്ടും അത് നാക്കിട്ടടിക്കും പാര്‍ട്ടി പിടുത്തത്തിനും വേണ്ടി ചിലവഴിച്ച മന്ത്രി പുങ്കവന്മാര്‍ക്ക് നല്ലൊരു ചെകിട്ടടി തന്നെയാണ്। താരതമ്യാന വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞ് അന്തര്‍സംസ്ഥാന നദീ ജല തര്‍ക്കങ്ങളില്‍ നേരായ നിലയില്‍ മുന്നില്‍ നിന്നു നയിക്കുക മാത്രമായിരുന്നില്ല നല്ല കാര്യക്ഷമമായ ഭരണവും(തമ്മില്‍ ഭേദം) കാഴ്ച്ചവെക്കുന്നതില്‍ അദ്ദേഹം ശ്രദ്ധാലുവുമായിരുന്നു എന്ന് വേണം നിക്ഷ്പക്ഷമായ രീതിയില്‍ ചിന്തിക്കാന്‍।

മറ്റൊരു സര്‍വ്വെ ഏറ്റവും മോശം മന്ത്രിയെ തിരഞ്ഞെടുത്തത് മന്ത്രി ബേബിയെയാണ്। നല്ല മന്ത്രിയെ തിരഞ്ഞെടുക്കുന്നതും മോശം മന്ത്രിയെ തിരഞ്ഞെടുക്കുന്നതും ഒരേ രീതി തന്നെയാണ്। രീതിയുടെ പേര്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയിട്ടൂ എന്നേയുള്ളൂ। കാരണം നല്ല മന്ത്രിയെ തിരഞ്ഞെടുക്കുന്നതില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടുന്നയാള്‍ നല്ല മന്ത്രിയും ഏറ്റവും കുറവു മാര്‍ക്ക് കിട്ടുന്നയാള്‍ മോശം മന്ത്രിയുമാണല്ലോ? അത് നേരെ തിരിച്ചാണ്‍ മോശം മന്ത്രിയെ തിരഞ്ഞെടുക്കുന്ന രീതി എന്നതേ വ്യത്യാസമുള്ളൂ। ബേബിയുടെ പ്രകടനം മെച്ചമായിരുന്നു എന്ന് കേരളത്തിലെ ഒരു ബേബിയും പറയില്ല, കാരണം അത്രക്കു അശാന്തിയാണ്‍ വിദ്യാഭ്യാസ മേഘലയില്‍ അദ്ദേഹം ഉണ്ടാക്കിയിട്ടുള്ളത്. ഒരു പക്ഷെ അദ്ദേഹം നല്ല ഉദ്ദേശത്തോടെ കൊണ്ടു വന്ന പല നിയമങ്ങളും കാര്യപരിപാടികളും നല്ല വിശകലനത്തിനു വിധേയമാകാതിരുന്നതിലൂടെ, നല്ല പഠനം നടക്കാതിരുന്നതിലൂടെ നല്ല ചര്‍ച്ചകള്‍ നടക്കാതിരുന്നതിലൂടെ കോടതി വരാന്തകളില്‍ തല തല്ലിത്തകരുകയായിരുന്നു, ഇത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍, രക്ഷിതാക്കള്‍ക്കിടയില്‍, പൊതു സമൂഹത്തിനിടയില്‍ അദ്ദേഹത്തിനുണ്ടാക്കിയ പ്രതിച്ഛായ ഇതെല്ലാതെ വേറെ എന്താണ്?. ഇക്കാര്യത്തില്‍ അദ്ദേഹത്തോട് അല്‍പമെങ്കിലും മത്സരത്തിനുണ്ടാവുക മന്ത്രി ശ്രീമതിയായിരുന്നിരിക്കും.

ഒരു നല്ല മന്ത്രി ഉണ്ടാകുന്നതിലൂടെ ഒരു പഞ്ചായത്ത് പോലും നന്നാകും എന്ന് തോന്നുന്നില്ല, എന്നാല്‍ ഒരു മോശം മന്ത്രി ഉണ്ടാകുന്നതിലൂടെ എല്ലാ പഞ്ചായത്തുകളുടേയും നടപടികളെ ബാധിച്ചേക്കാം. വിലയിരുത്തലുകളുടെ അടിസ്ഥാനം എന്തൊക്കെയായാലും ചാനലുകള്‍ നടത്തിയ സര്‍വ്വെ പൊതുജനാഭിപ്രായത്തിനു മുഴുവനായും വിരുദ്ദമല്ല എന്നതും അറുപതു ശതമാനത്തിലേറെ പേര്‍ അംഗീകരിക്കുന്നതാകയാലും സര്‍ക്കാരിനു ഇത് ശ്രദ്ധിക്കതിരുന്നുകൂടാ. കാരണം ഇനിയും സമയമുണ്ട്, നന്നാവാനും നന്നാക്കാനും. അതിന്‍റെ ഗുണം ഈ സര്‍ക്കാരിനു മാത്രമല്ല ഇന്നാട്ടിലെ പാവപ്പെട്ട ജനങ്ങള്‍ക്കു കൂടിയുള്ളതാണ്.

5/13/08

കൈ പൊള്ളിയ വിജയ്മല്യ

ബിസിനസ്സിന്‍റെ ഉന്നതങ്ങള്‍ താണ്ടിയ വ്യക്തി ബിസിനസ്സിനു പുറമേ കാറോട്ട മത്സരത്തിലും കുതിരപ്പന്തയത്തിലും ഇപ്പോള്‍ ലോകത്താദ്യമായി തുടങ്ങിയ റ്റൊന്‍റി-റ്റൊന്‍റി ഐ പി എല്‍ ക്രിക്കറ്റിലും കൈ വെച്ചെങ്കിലും ആദ്യമായി കൈ പൊള്ളിയതിലദ്ദേഹം പ്രതികരിക്കുകയും കൂടി ചെയ്തിരിക്കുന്നു

ഇരുപതേ ഇരുപത് വയസ്സന്മാരുടെ കളിയല്ല, പൂര്‍ണ്ണമായും യുവാക്കളുടേതെന്ന അവകാശ വാദം മാത്രമല്ല യുവാക്കള്‍ക്കു മാത്രം കളിക്കാന്‍ പറ്റുന്ന കളി എന്നു വേണമെങ്കില്‍ പറയാം പക്ഷെ അതില്‍ ലോകം കണ്ട വലിയൊരു ടെസ്റ്റ് സ്പെഷ്യലിസ്റ്റിന്‍റെ നേതൃത്തിലുള്ള ടീമിന്‍റെ ഉടമസ്ഥവകാശമാണ്‍ ഈ ബിസിനസ്സ് ഭീമനുള്ളത്। ഐ പി എല്ലിലെ ടെസ്റ്റ് റ്റീം എന്ന് വിളിക്കാവുന്ന ദ്രാവിഡിന്‍റെ നേതൃത്തത്തിലുള്ള ടിം തുടര്‍ച്ചയായി പരാജയങ്ങളില്‍ നിന്ന് പരാജയങ്ങളിലേക്ക് കൂപ്പു കുത്തുന്നതിനിടെയാണ്‍ സാമ്പത്തിക തകര്‍ച്ച എന്നതിനേക്കാള്‍ അഭിമാനത്തിന്‍റെ ഉലച്ചിലായി കരുതി അദ്ദേഹം പരസ്യമായി രംഗത്തു വന്നതും, അദ്ദേഹത്തിന്‍ പരസ്യമായി പ്രതികരിക്കാനും റ്റീമിനു നിയന്ത്രണ നിര്‍ദേശങ്ങള്‍ നല്‍കുവാനുള്ള അവകാശം ഉണ്ടെന്ന് ക്യാപ്റ്റന്‍ ദ്രവിഡ് അഭിപ്രായപ്പെട്ടതും।

ഐക്കണ്‍ താരങ്ങളുടേയും വലിയ തുകകള്‍ക്ക് ലേലം വിളിച്ചെടുത്ത വമ്പന്‍ താരങ്ങളുടേയും പരിതാപകരമായ പ്രകടനം പൊതുവെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നതിനിടേയാണ്‍ ഒരു ആരംഭം എന്ന നിലയില്‍ വിജയ്മല്യ പ്രതികരിച്ചിരിക്കുന്നത്.
ടെണ്ടുല്‍ക്കര്‍ക്ക് ഇതു വരെ പരിക്കുകളില്‍ നിന്നെ മോചിതനാകാന്‍ കഴിഞ്ഞിട്ടില്ല എന്നതു കൊണ്ട് കളിക്കാനും കഴിഞ്ഞിട്ടില്ല, ഹര്‍ബജന്‍ സംഗിന്‍ കളിയില്‍ നിന്ന് അടിക്കേസിലൂടെ വിലക്ക്, പുടമേ വിദേശ താരങ്ങളില്‍ അധികപേരും അവരുടെ സ്വകാര്യ കാര്യങ്ങള്‍ക്കായും മാതൃടീമിനു വേണ്ടിയും ഇടവേളകളിലുമാണ് ഒരു പക്ഷെ ഡെക്കാന്‍ ചാര്‍ജേഴ്സിനെപ്പോലുള്ള ടീമിന്‍റെ ഉടമസ്ഥര്‍ ഇതിനേക്കാല്‍ മോശമായി അല്ലെങ്കില്‍ ഹൃദയം പൊട്ടി പ്രതികരിക്കാന്‍ കാത്തിരിക്കുകയായിരിക്കണം, ഉടനെ അതൊക്കെ പ്രതീക്ഷിക്കാം

ടീമിന്‍റെ മോശം പ്രകടനത്തില്‍ മനം നൊന്ത് ചാരു ശര്‍മ്മയെ അദ്ദേഹം പുറത്താക്കിക്കഴിഞ്ഞു। ടീമിന്‍റെ രൂപീകരണത്തിന്‍ ചാരു ശര്‍മ്മക്കും ദ്രാവിഡിനും പൂര്‍ണ്ണ അധികാരമാണ്‍ താന്‍ നല്‍കിയിരുന്നതെന്നും എന്നാല്‍ തനിക്ക് താല്‍ പര്യമുള്ള പല കളിക്കാരേയും ഇവര്‍ ലാസ്റ്റ് ഇലവനിലേക്ക് തിരഞ്ഞെടുത്തില്ലെന്നും മല്യക്ക് പരാതിയുണ്ട്, ലേലം വിളി മുതല്‍ ഇവര്‍ തന്‍റെ ആഗ്രഹങ്ങള്‍ക്ക് വിലങ്ങു തടിയായിരുന്നെന്നും അദ്ധേഹം വെളിപ്പെടുത്തി വിജയ് മല്യയുടെ പരാതിക്ക് സാധുത നല്‍കുന്നതാണ്‍ പല പ്രകടനങ്ങളും, റസാഖിനെപ്പോലുള്ള റ്റൊന്‍റി-റ്റൊന്‍റി ടീമിനു അനുസരിച്ച കളിക്കാര്‍ക്ക് കൊടുത്ത പ്രാധാന്യം കളി കാണുന്നാവര്‍ക്കും ചില സംശയങ്ങള്‍ ജനിപ്പിക്കാതിരുന്നില്ല.

കോടിക്കണക്കിനു ഡോളര്‍ ഒഴുകിയ ഐ പി എല്‍ വന്‍ വിജയമെന്ന് ടൂര്‍ണ്ണമെന്‍റെ തുടങ്ങുന്നതിനു മുന്‍പ് പ്രഖ്യാപിക്കുക കൂടി ചെയ്തീട്ടുള്ള ഈ മഹാമഹം പരാജയങ്ങളുടെ കഥ കൂടി പറഞ്ഞേക്കും। സംസ്ക്കരത്തിനു യോജിക്കാത്ത വിധമുള്ളതും പണത്തിന്‍റെ അതിപ്രസരവും മുന്‍പ് പലവിധ വിമര്‍ശനങ്ങള്‍ക്കും വിധേയമായിട്ടുള്ള ഐ പി എലിന്‍ ഇപ്പോഴിതാ കളിക്കാരുടെ പരാജയം ടീമെന്ന നിലക്കുള്ള ഒത്തൊരുമയില്ലയ്മ പിന്നെ നഷ്ടങ്ങളുടെ കൂപ്പുകുത്തലു

പ്രമുഖ അന്തര്‍ദേശീയ അമ്പയറായ ദണ്ഡ്പാണി അഭിപ്രായപ്പെട്ടതിപ്രകാരമാണ്‍ 'ഐ പി എല്‍ ക്രിക്കറ്റ് ഒരു കായിക ഇനം മാത്രമല്ല ഇപ്പോള്‍, അതൊരു ബിസിനസ്സ് കൂടിയാണ് അതെ ബിസിനസ്സ് ആകുമ്പോള്‍ വിജയങ്ങള്‍ മാത്രമല്ലല്ലോ പരാജയങ്ങളും പ്രതീക്ഷിക്കാവുന്നതാണെന്ന് വിജയ് മല്യയെ ആരും ബിസിനസ്സിലെ കളിപഠിപ്പിക്കേണ്ടതാണെന്ന് തോന്നുന്നില്ലെങ്കിലും കളി അല്‍പം കാര്യമായ പോലെയാണ്‍ കാര്യങ്ങളുടെ പോക്ക്। ഇത് മൊത്തം ഐ പി എലിന്‍റെതു മാത്രമല്ല ഇന്ത്യയിലെ ഐ പി എലിനെ അനുകരിക്കാന്‍ കാത്തിരിക്കുന്ന ഇംഗ്ലണ്ടിനെപ്പോലുള്ള രാജ്യങ്ങള്‍ക്ക് ഇത് പാഠമാകേണ്ടതുണ്ട്.

ഇതൊക്കെയാണ്‍ മൊത്തം സ്ഥിതിയെങ്കിലും വിജയങ്ങളുടെ പരമ്പരയുമായി മുന്നേറുന്നവര്‍ക്കും ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്കും നന്നായി കളിക്കുന്ന യുവ താരങ്ങള്‍ക്കും ക്രിക്കറ്റിനു മൊത്തയും ഇതൊരു പുതിയ മേഖല തന്നെയാണ്, പുത്തനുണര്‍വ്വു തന്നെയാണ്. അതു കൊണ്ടു തന്നെ ഐ പി എല്‍ വന്‍ വിജയമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.

5/10/08

ലാമയുടെ ടിബറ്റ്

'ഫ്രീ ടിബറ്റ്' എന്നല്ല 'സേവ് ടിബറ്റ്' എന്നേ ലാമ ആവശ്യപ്പെട്ടിട്ടുള്ളു എന്ന് ലാമയും, പ്രതിഷേധങ്ങള്‍ അതിരു വിടുന്നതും അതിന്നായി തിരഞ്ഞെടുത്ത വഴികളും സമയവും ലാമയിലെ മുഖം മൂടി നിക്കപ്പെട്ടതായും ചൈന അവകശപ്പെടുന്നതിലും ചില ചരിത്രങ്ങളുടെ രോദനങ്ങള്‍ അല്ലെങ്കില്‍ ചരിത്രത്തിന്‍റെ ബലാല്‍ക്കാരം ചെയ്യപ്പെട്ടതിന്‍റെ പാടുകള്‍ കാണാനാകുന്നുണ്ട്.


അധിനിവേശം.. അത് മുതലാളിത്തത്തിന്‍റെ മാത്രം സ്വഭാവ ഗുണമായി അവതരിക്കപ്പെടനാവില്ല, അത് തന്‍ പ്രമാണിത്തത്തിന്‍റെതു കൂടിയാണ്, തന്‍ പ്രമാണിത്തം പങ്കിട്ടെടുടുക്കുന്നതില്‍ കമ്യൂണിസ്റ്റ് രാജ്യമെന്നോ മുതലാളിത്ത രാജ്യമെന്നോ വ്യത്യാസം കാണാനാവില്ല, തിരിഞ്ഞു നോക്കുമ്പോള്‍. അത് യു എസ് എസ് ആര്‍ ഉള്ളപ്പോഴായിരുന്നാലും ചൈനയുടെതായിരുന്നാലും ഭാവിയില്‍ ഇനി വേറൊരു വന്‍ കമ്യൂണിസ്റ്റ് വരുന്നതായാലും സ്ഥിതി ഒന്നു തന്നെ. ആ നിരിക്ഷണങ്ങള്‍ കടന്നു പോവുക ചെച്നിയ വഴിയായിരിക്കും, അഫ്ഗാന്‍ വഴിയായിരിക്കും ടിബറ്റ് വഴിയായിരിക്കും ഹോങ്കോങ് വഴിയായിരിക്കും , അല്ലെങ്കില്‍ തന്നെ ഇതിനൊക്കെ പ്രത്യാകമായ വഴികളൊന്നുമില്ല.


ചരിത്രം തന്നെയാണ്‍ ടിബറ്റിന്‍റെ മേലുള്ള ചൈനയുടെ അവകാശത്തിനു അടിത്തറ, അതേ ചരിത്രം തന്നെയാണ്‍ ടിബറ്റുകാര്‍ക്ക് ടിബറ്റിനുമേലുള്ള അടിത്തറയും. എവിടെയാണ്‍ കണ്ണികള്‍ അറ്റുപോയത്? അല്ലെങ്കില്‍ എവിടെയാണ്‍ കണ്ണികള്‍ വിളക്കപ്പെടേണ്ട് ഇടം?


ചൈനയെ സംബന്ധിച്ച് ടിബറ്റ് നയതന്ത്രപ്രധാനമായ സ്ഥലമാകാം പക്ഷെ ടിബറ്റുകാര്‍ക്ക് അവരുടെ അസ്ഥിത്വം എന്ന ഒന്നില്ലേ? പതിറ്റാണ്ടുകളായി സ്വന്തം രാജ്യം ഉപേക്ഷിച്ച് അന്യ രാജ്യങ്ങളില്‍ പ്രവാസികളായി കഴിയാന്‍ ഇവരെന്തു കുറ്റമാണ്‍ ചെയ്തത്? സ്വന്തം രാജ്യത്തെക്കുറിച്ച് കേട്ടുകേള്‍വി മാത്രമുള്ള, എന്നാല്‍ അതേ രാജ്യത്തിനു വേണ്ടി സ്വന്തം ജീവന്‍ വരേ നല്‍കാന്‍ കാത്തിരിക്കുന്ന മറ്റനേകായിരങ്ങള്‍ വേറെയുമുണ്ട് അവരുടെ പരമ്പരകാളായി, ഇവരോട് ലോകത്തിനൊരു ബാധ്യതയുമില്ലേ? ചൈനയുടെ ഉറങ്ങിക്കിടക്കുന്ന പൌരുഷത്തെ ഭയക്കുന്ന അയല്‍രാജ്യങ്ങള്‍ തങ്ങളുടെ മുന്‍ഗാമികള്‍ തങ്ങള്‍ക്കു വേണ്ടി അനുഭവിച്ച യാതനകളെക്കുറിച്ചോര്‍ത്ത് അഭിമാനം കൊള്ളാന്‍ എന്തുണ്ട് ഈ പാവപ്പെട്ടവരുടെ ദുരിതവുമായി തട്ടിച്ചു നോക്കുമ്പോള്‍?


ഒളിമ്പിക്ക്സിന്‍റെ പാശ്ചാലത്തിലായിരിക്കാം ചൈന കൂടുതല്‍ തുറന്ന മനസ്സോടെ ചര്‍ച്ചകള്‍ക്ക് തയ്യാറായിരിക്കുന്നു. മാനവികതയെ നെഞ്ചിലേറ്റുന്നവര്‍ക്ക് ശുഭകരമായ വാര്‍ത്ത തന്നെ. പക്ഷെ ചൈനയുടെ മുന്‍കാല പിടിവാശിയും ചര്‍ച്ചകളോടുള്ള വിമുഖതയും മുതലാളിത്ത അധിനിവേശ രാജ്യങ്ങള്‍ക്കു അവരുടെ അധിനിവേശങ്ങള്‍ക്ക് സാധുത നല്കും വിധം കാര്യങ്ങള്‍ എത്തിച്ചു കൊടുത്തു എന്നതും ഒളിമ്പിക്ക്സ് പോലുള്ള മഹത്തായൊരു വേദി സമ്മര്‍ദ്ദങ്ങളുടെ തരിശുഭൂമിയാക്കി മാറ്റുന്നതിനും വഴി തെളിയിച്ചു എന്നതും പിടിപ്പു കേടിന്‍റെ അല്ലെങ്കില്‍ സ്വന്തം അധിനിവേശ മുഖം ലോകത്തിനു മുന്‍പില്‍ അനാവരണം ചെയ്യപ്പെടാനും ഇടയാക്കി.


ടിബറ്റിനു ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അന്താരാഷ്ട്ര സമൂഹ പിന്തുണ അവരുടെ നിലപാടുകള്‍ക്കനുകൂലമായുള്ള ഒന്നല്ല, അതവരുടെ രാഷ്ട്രീയ, സാമ്പത്തിക പരമാധികാര എതിരാളികളുടെ ശത്രുവിന്‍റെ ശത്രു മിത്രം ആശയമാണെന്നതും അതേ സമയം മറ്റു ഇടതുപക്ഷം നേതൃത്വം കൊടുക്കുന്ന രാഷ്ട്രങ്ങളില്‍ നിന്നും ഭരണത്തിലില്ലാതിടങ്ങളിലെ ഇടതുപക്ഷ പാര്‍ട്ടികളില്‍ നിന്നും(ഇന്ത്യയിലെ ഇടതുപക്ഷം അടക്കം) ഉണ്ടായിട്ടുള്ള എതിര്‍പ്പ് അവരുടെ അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരങ്ങളുടെ പൊയ്മുഖം വലിച്ചു കീറപ്പെടുന്നതാണെന്നും മനസ്സിലാക്കി കൂടുതല്‍ കരുതലോടെ എന്നാല്‍ കൂടുതല്‍ ശക്തമായി മുന്നേറ്റം തുടരണം ഒരു ജനതയുടെ മൂന്നാം തലമുറക്കു വേണ്ടിയെങ്കിലും അതുമല്ലെങ്കില്‍ പതിനെട്ടാം നൂറ്റാണ്ടിലല്ല ജീവിക്കുന്നതെന്ന് സ്വയം വിശ്വസിപ്പിക്കാനെങ്കിലും

5/9/08

പ്രകൃതിയുടെ പ്രകൃതം

തൊള്ളായിരത്തി പതിനേഴ്, തൊള്ളായിരത്തി നാല്‍പ്പത്തിയേഴ് ഇങ്ങനെ വളരെയധികം വര്‍ഷങ്ങള്‍ ഓരോരോ രാജ്യങ്ങളെ സംബന്ധിച്ച് വളരെയധികം പ്രധാനപ്പെട്ടതാണെങ്കിലും റഷ്യക്ക് തൊണ്ണൂറുകള്‍ എന്ന് പറയുന്നതാകും ഏറെ അനുയോജ്യമാകുക എന്നു തോന്നുന്നു.

കമ്യൂണിസ്റ്റ് ഭരണത്തിന്‍ അന്ത്യമായതിനു ശേഷം യെല്‍സിന്‍ എന്ന ഭരണാധികാരി(കോമാളിയെന്ന് വിശേഷണപ്പേരുള്ള) നേരിട്ട ഏറ്റവും വലിയ പ്രശ്നം സാമ്പത്തിക മേഘലയെ സുസ്ഥിരമാക്കുക എന്നതിനേക്കാള്‍ ജനങ്ങളുടെ കടിഞ്ഞാണ്‍ പൊട്ടിയ മോഹങ്ങള്‍ക്ക് തടയിടുക എന്നതായിരുന്നു. സാമ്പത്തിക മേഘലയുടെ അടിത്തറ തോണ്ടിയ നാളുകളായിരുന്നു അതെങ്കിലും വളരെയധികം കാലത്തെ ശ്രമഫലമായി നേടിയെടുത്ത സ്വയം പര്യാപ്തത തുടര്‍ന്നുള്ള മുന്നേറ്റങ്ങള്‍ക്ക് അടിത്തറയായി എന്നു വേണം പറയാന്‍

ഗള്‍ഫ് യുദ്ധക്കാലത്ത് ഇറാഖന്‍റെ കറന്‍സിക്ക് അനുഭവപ്പെട്ട ഭാരക്കുറവിനേക്കാള്‍ വലുതായിരുന്നു ഈ കാലയളവില്‍ റൂബിളിനു സംഭവിച്ചെതന്നത് വസ്തുത മാത്രമാണ്. രാജ്യം പട്ടിണിയോളമെത്തിയ സന്ദര്‍ഭം മുതലാളിത്തത്തിന്‍റെ തള്ളിക്കയറ്റം റഷ്യന്‍ തെരുവീഥികള്‍ മുഴുക്കെ വിദേശ മദ്യം നിറഞ്ഞൊഴുകി അതിനേക്കളൊക്കെയേറെ ലോകത്തിലേറ്റവും കൂടുതല്‍ വേശ്യകളെ കയറ്റിയയക്കപ്പെടുന്ന രഷ്ട്രം കൂടിയായി റഷ്യ.

അന്നാളുകളില്‍ യെല്‍സിന്‍ കൊണ്ടു വന്ന തുടര്‍ച്ചക്കാരനാണ്‍ പുട്ടിന്‍. അമ്പതു ശതമാനം റഷ്യക്കാര്‍ക്കു പോലും അപരിചിതനായിരുന്ന പുട്ടിന്‍ ഇന്നും ഒഴുക്കോടെ ഇംഗ്ലീഷ് വശമില്ലാത്തയാളാണ്‍ എന്ന അറിവ് അദ്ദേഹത്തിന്‍റെ കുറവായിട്ടല്ല പ്ലസ് പോയിന്‍റെആയിട്ടാണ്‍ ലോകം ഇന്ന് കാണുന്നത്. കാരണം അത്രയേറെ മുന്നേറ്റമാണ്‍ കഴിഞ്ഞ അഞ്ജു വര്‍ഷം കൊണ്ട് അദ്ധേഹത്തിന്‍റെ കീഴില്‍ റഷ്യ കൈവരിച്ചത്. ഇതേ അഞ്ജു വര്‍ഷക്കാലയളവില്‍ തന്നെയാണ്‍ അമേരിക്ക ഏറ്റവും അധികം സാമ്പത്തികമായി തകര്‍ച്ച അനുഭവിച്ചതെന്നതും സാന്ദര്‍ഭികമായി ഓര്‍ക്കേണ്ടതുണ്ട്, കാരണം റഷ്യ സാമ്പത്തികമായി വളരെയധികം ഉയരം താണ്ടിയപ്പോള്‍ അമേരിക്ക സാമ്പത്തിമായി തകര്‍ന്ന് എന്ന് പറയാനാവില്ലെങ്കിലും കുറേയൊക്കെ താഴ്ന്ന് പരസ്പരം കിടപിടിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തപ്പെട്ടിരിക്കുന്നു എന്ന് വേണം അനുമാനിക്കാന്‍.(ചൈനയെ പാടെ മറന്നു കൊണ്ടല്ല, അത് മറ്റൊരു പഠന വിഷയമാണ്) ഇത് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുടെ സാമ്പത്തിക പരമാധികാരങ്ങള്‍ക്ക് വളരെയധികം ഉത്തേജനം പകരുന്നതാണ്‍ എന്ന് വിലയിരുത്താതിരിക്കാനാവില്ല.

ഇന്നലെ പുടിന്‍ പ്രസിഡന്‍റെ പദവി ഒഴിഞ്ഞ് പ്രധാനമന്ത്രി പദത്തിലെത്തിയിരിക്കുന്നു. പുതിയ പ്രസിഡന്‍റെ ദിമിത്രി മെദവദേവ് പുടിന്‍റെ തന്നെ നോമിനിയാണ്‍ എന്നതു കൊണ്ട് ഭരണത്തില്‍ പുടിന്‍റെ സ്വാദീനം കുറച്ചു കൂടി ഉയരുകയാണ്. യെല്‍സിന്‍ എങ്ങിനെ പുടിനെ കൊണ്ടുവന്നോ അതേ രീതിയില്‍ തന്നെയാണ്‍ മെദവദേവിന്‍റെ വരവും. നിശ്ശബ്ദനായി വന്നവന്‍ വീണ്ടും എല്ലാം കീഴടക്കിയേക്കാം, ചരിത്രം ആവര്‍ത്തിക്കപ്പെടേണ്ടതാണ്, കൂടെ മാറ്റത്തിന്‍റെ നിര്‍വചന വ്യാപ്തി കൂടുതല്‍ തെളിയുകയും ചെയ്യുന്നു. 'മാറ്റം പ്രകൃതിയുടെ മാറ്റമില്ലത്ത പ്രകൃതമാകുന്നു'.

5/8/08

അമേരിക്കന്‍ മാഹാത്മ്യം

അമേരിക്കാന്‍ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ എന്തുകൊണ്ട് നമ്മുടെ സംസ്ഥാന തിരഞ്ഞെടുപ്പോളം, നമ്മള്‍ അല്ലെങ്കില്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നു? ഒന്നോ രണ്ടോ വാചകങ്ങളില്‍ ഒതുങ്ങേണ്ടിയിരുന്ന വാര്‍ത്ത നമ്മള്‍ ബിഗ് ന്യൂസ് ആക്കി വിലക്കയറ്റത്തിന്‍റേയും പൊറുതിമുട്ടലിന്‍റെയും മണ്ടയില്‍ കയറിയിരുന്ന് ചര്‍ച്ച ചെയ്യുന്നു, ഇത് തിരഞ്ഞെടുപ്പിന്‍ മുന്നോടിയായുള്ള തിരഞ്ഞെടുപ്പാണ്‍ എന്നിട്ടും(?)

*വ്യത്യസ്ഥതകളോടുള്ള നമ്മുടെ അടങ്ങാത്ത ദാഹമോ?*തിരഞ്ഞെടുപ്പുകളോടുള്ള നമ്മുടെ ആക്രാന്തമോ?*നമ്മുടെ വിജ്ഞാന-നിരീക്ഷണ പാടവമോ?*നമ്മേ ബാധിക്കുന്ന ഒരു പ്രശ്നമെന്ന നിലയ്ക്കോ?

ഒബാമ നേരിയ തോതിലെങ്കിലും മുന്നേറ്റം തുടരുന്നു, ഇനി നടക്കാനുള്ള ചെറിയ സംസ്ഥാനങ്ങളുടെ നിലവെച്ച് നോക്കുമ്പോള്‍ ഹിലാരി ക്ലിന്‍റണ്‍ പിന്മാറിയേക്കുമെന്ന വാര്‍ത്തയും വന്നു കഴിഞ്ഞു. ചില അണിയറ വാര്‍ത്തകളില്‍ കേട്ടത് ഇപ്രാകരമായിരുന്നു 'ഹിലാരി ഇപ്പോള്‍ തന്നെ ഇരുപത്തഞ്ജ് മില്യണ്‍ ഡോളര്‍ കടക്കാരിയായിരിക്കുന്നു, അതേ സമയം നാല്‍പ്പത്തി രണ്ട് മില്യണ്‍ ഡോളര്‍ ഇനിയും കൈവശമുള്ള ഒബാമ, ഹിലാരിയുടെ കടം വീട്ടി മറ്റ് അഡ്ജസ്റ്റുമെന്‍റുകളിലേക്ക് നീങ്ങും' എന്നതാണ്.

ജോണ്‍ മെക്കായിനെ നേരിടാനുള്ള തിരഞ്ഞെടുപ്പില്‍ ആരു വിജയിച്ചാലും അതിനൊരു പ്രത്യാകതയുണ്ട്, ഒന്നുകില്‍ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രസിഡന്‍റിനു സാധ്യത, അല്ലെങ്കില്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരനു സാധ്യത, രണ്ടുമല്ലെങ്കില്‍ പഴയ പടക്കുതിര ജോണ്‍ മെക്കായിനു തന്നെ.

അധിനിവേശങ്ങളോടുള്ള ഒബാമയുടെ നിലപാട്(ഇറാഖടക്കമുള്ള) ലോക മനസ്സാക്ഷിക്കൊപ്പമെന്നദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. അതേ സമയം വര്‍ക്കേഴ്സ് ക്ലാസിന്‍റെ പിന്ബലമുള്ള ഹിലാരിക്ക് ബുഷിന്‍റെ നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായ ഒരു കാഴ്ച്ചാപ്പാടല്ല ഇക്കാര്യത്തിലെന്ന് വ്യക്തവുമാണ്.

പൊതുവേ അമേരിക്കന്‍ സാമ്പത്തിക മേഘല തകര്‍ച്ചയില്‍, അതിനിടയ്ക്ക് ഈ തിരഞ്ഞെടുപ്പ് വ്യവഹാരവും, വ്യവസായ സര്‍വ്വീസ് മേഘലയെ പ്രതിസന്ധിയില്‍ നിന്ന് പ്രതിസധിയിലേക്ക് നയിക്കുന്നുവെന്നാണ്‍ പുതിയ റിപ്പോര്‍ട്ട്.

അതുകൊണ്ടു തന്നെ നാം സ്വയം ചോദിച്ച ചില ചോദ്യങ്ങളെ തൊട്ടു തന്നെയാണ്‍ ചില ഉത്തരങ്ങള്‍ തലോടുന്നത്. ഡോളറിന്‍റെ മൂല്യത്തകര്‍ച്ചയുടെ ഭാരം ഏറെ പേറുന്ന ഒരു ഇന്ത്യക്കാരനു ഇതിലൊക്കെ ചിലകാര്യ ദര്‍ശനങ്ങള്‍ ഉണ്ടെന്നതു തന്നെയാണതിലൊന്ന്. എന്തൊക്കെയായാലും അമേരിക്കന്‍ ചരിത്രം പുരോഗതിയുടേതായിരുന്നു ഇതുവരെ, പക്ഷേ നിലപാടുകള്‍ പുരോഗതിയുടേയോ മാറ്റങ്ങളുടേയോആയിരുന്നില്ലെന്നതാണ്‍ സമീപ കാല അമേരിക്കന്‍ ചരിത്രം. എന്നാലിപ്പോള്‍ പുരോഗതിയില്‍ നിന്ന് സമ്പദ് വ്യവസ്ത പിന്നോക്കം പോയിരിക്കുന്ന നിലയ്ക്ക് നിലപാടുകളിലെ മാറ്റം ലോക ജനത ആഗ്രഹിക്കുന്നുവെങ്കിലും, ഏത് ഗവണ്‍മെന്‍റെ അധികാരത്തില്‍ വന്നാലും അമേരിക്കയുടെ അഹങ്കാരത്തിന്‍റെ, അധിനിവേശത്തിന്‍റെ, യുദ്ധക്കൊതിയുടെ, നരഹത്യയുടെ 'വാല്‍' പതിറ്റാണ്ടുകളോളം കുഴലിലിട്ട നായയുടെ വാലുപോലെ, അല്ലെങ്കില്‍ വാലിട്ട കുഴലുപോലെ വളഞ്ഞേ ഇരിക്കൂ..എന്നല്ലാത്തൊരു വ്യാമോഹം ഇന്ത്യക്കാരനു വേണ്ടേ വേണ്ട.